വനലക്ഷ്മി
വനലക്ഷ്മി 28/8/2020 ഹരികൃഷ്ണൻ ജി. ജി അവൻ അവിടെ നിന്നും ഇറങ്ങിനടന്നു. മലമുകളിലേയ്ക്കാണ് നടന്നത്. മല നടന്ന് കയറിക്കഴിഞ്ഞിട്ടും അടങ്ങുന്നില്ലല്ലോ നിരാശയും ദേഷ്യവും. മുകളിൽ നിന്നു താഴേയ്ക്ക് കിഴുക്കാം കുത്തായ ഒരിടത്തുനിന്നും മലയ്ക്ക് അപ്പുറത്തുള്ള കാഴ്ചകളിലേയ്ക്ക് കണ്ണാേടിച്ചു. കെട്ടിടങ്ങളും മരങ്ങളും മാത്രം. ദൂരെ മലയിറങ്ങിപ്പോകുന്ന കാട്ടുപാത. കാട്ടുപാത വെട്ടിത്തെളിച്ചതാരാണ്? കാട്ടരുവി ഒഴുകിയാെഴുകി അതിന്റേതായൊരു പാതയുണ്ടതിന്. തിര്യക്കുകൾക്ക് നടക്കാൻ പാതവേണ്ട. അത് വേണ്ടത് മനുഷ്യർക്കുതന്നെ. അതുവഴി നടക്കേണ്ട... കിഴുക്കാം കുത്തായ അഗാധതയിലേയ്ക്ക് ചാടിയാലാേ?! അതുവഴി എത്രയാേ മനുഷ്യർ മറഞ്ഞിട്ടുണ്ട്. ചതിച്ചവരും ചതിക്കപ്പെട്ടവരും ചാടിയിട്ടുണ്ട്! അതും മനുഷ്യൻ അവന്റേതെന്ന് പേരിട്ട വഴി... വേണ്ട. കാൽപ്പാട് പതിഞ്ഞിട്ടില്ലാത്ത ഒരു ദിശയിലൂടെ അവൻ കാടിറങ്ങാൻ തുടങ്ങി. മുന്നിലോട്ടാെരിഞ്ച് കാലു വയ്ക്കാനാകാത്തവണ്ണം കാടും പടർപ്പും വഴിതടഞ്ഞു. പിന്നിലേയ്ക്ക് നടക്കാൻ ഇഷ്ടമല്ലാത്തതു കാെണ്ട് മുന്നിലേയ്ക്കു തന്നെ തുടർന്നു പ്രയാണം. ഒടുവിൽ വനലക്ഷ്മിയുടെ വീട്ടുമുറ്റത്തെത്തി നിന്നു ആ വഴിയില്ലാവഴി. ...