പാർട്ടിക്കിൾ ഇൻ എ ബാേക്സ്

പാർട്ടിക്കിൾ ഇൻ എ ബാേക്സ്
(6/7/20)

കുളികഴിഞ്ഞ് ഈറൻമാറും മുന്നേ ഫോൺ എടുത്ത് നെറ്റ് ഓണാക്കി. 

മണികിലുക്കിക്കാെണ്ട് വാട്സാപ്പിലും മെസഞ്ചറിലുമായി കുറേ സന്ദേശങ്ങൾ പറന്നുവന്ന് ചേക്കേറി. 

ഒന്ന് ഓടിച്ചു നോക്കി ഫോൺ കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞു. വസ്ത്രം ധരിക്കാൻ ഈറഴിക്കും മുന്നേ ഫോണിന്റെ ക്യാമറക്ക് മുകളിലേയ്ക്ക് പുതപ്പെടുത്ത് എറിഞ്ഞു. 

പഠിക്കാനേറെയുണ്ട്...

ഒന്നും എങ്ങെങ്ങുമെത്തിയിട്ടില്ല.
വാരിക്കെട്ടിയ മുടിയിൽ ടവൽ ചുറ്റി പഠനമേശയ്ക്ക് മുന്നിലേയ്ക്കിരുന്നു അതുല്യ.

ഉള്ളിൽ ഒരു പേനയെ ഒളിപ്പിച്ച് മടക്കിവച്ച ഫിസിക്സ് ബുക്ക് അവൾക്കുമുന്നിൽ കിടന്നു.

ക്വാണ്ടം മെക്കാനിക്സാണ്.

ബുദ്ധിമുട്ടേറിയ വിഷയം. പരീക്ഷ അടുക്കാറായി. കട്ടിലിലേയ്ക്ക് കയ്യെത്തിച്ച് ഫോണിന് മുകളിൽ നിന്നും പുതപ്പു വലിച്ചുമാറ്റി. പിന്നിലെ ക്യാമറകൾ മേൽക്കൂരയെ നോക്കി കിടക്കുന്നു.

കൈ എത്തിച്ച് തൊട്ടു കൂടാത്ത ഒന്നിനെപ്പോലെ അതുല്യ ഫോണിനെ എടുത്തു.

ചൂടെടുക്കുന്നുണ്ടോ....!?

നീലവെളിച്ചം തെളിഞ്ഞപ്പോൾ ദേഹമാകെ കോരിത്തരിക്കുന്നാേ...!

വേണ്ടെന്നായിരം വട്ടം മനസ് പറഞ്ഞിട്ടും വിരളുകൾ വീണ്ടും മൊബൈൽ ഡാറ്റ ഓൺ ആക്കി...

നേരത്തേ വന്നു കിടന്നവയല്ലാതെ പുതിയ മെസേജുകൾ ഒന്നും ഇല്ല...

നിരാശയാേടെ സ്ക്രീൻ ലൈറ്റ് ഓഫാക്കി വീണ്ടും ഫോണിനെ കട്ടിലിൽ കിടത്തി.

 ബുക്കു തുറന്നു. ഒന്നിലും മനസുറയ്ക്കുന്നില്ല. ഷ്റോഡിഞ്ജറും ഡീ ബ്രോഗ്ലിയും പിടിതരാത്ത മനുഷ്യരെപ്പോലെ നോക്കുന്നു.

പേന വച്ച് മടക്കിയ പേജ് നിവർത്തി.

പാർട്ടിക്കിൾ ഇൻ എ ബോക്സ്

ക്വാണ്ടം ടണലിങ്ങിനെ പറ്റിയാണ്. 

കുറേ കുഞ്ഞൻ ഇലക്ട്രോണുകളെ ഒരു പെട്ടിക്കുള്ളിൽ അടച്ചുപൂട്ടി വച്ചെന്ന് കരുതിക്കോ.

ആ പെട്ടിയിൽ നിന്നും ചാടി പുറത്തുകടക്കാനുള്ള ഊർജ്ജമൊന്നും നമ്മുടെ പെട്ടിക്കുള്ളിലെ ഇലക്ട്രോൺ കുഞ്ഞുങ്ങൾക്കില്ല. 

അതായത് പെട്ടിക്ക് പുറത്ത് ഇലക്ട്രോണിനെ തിരഞ്ഞാൽ കണ്ടുപിടിക്കാനുള്ള സംഭാവ്യത, അതായത് പ്രോബബിലിറ്റി പൂജ്യം അല്ലേ? പെട്ടിക്കുള്ളിൽ ഉറപ്പായും കാണുകയും ചെയ്യും. അതായത് സംഭാവ്യത അനന്തം.

പക്ഷേ കുറച്ച് നേരം കഴിഞ്ഞ്  പെട്ടിക്ക് പുറത്ത് ഇലക്ട്രോണിന്റെ സാനിധ്യം പരിശോധിച്ചാൽ നമ്മുടെ പ്രതീക്ഷ തെറ്റിച്ചു കാെണ്ട് അവിടെ ഇലക്ട്രോൺ കുഞ്ഞുങ്ങളെ കണ്ടെത്താം....

എങ്ങനെ അവർ പുറത്തിറങ്ങി?

ക്വാണ്ടം ടണലിങ് ...

അവൾ ചിരിച്ചു.

ചാടിക്കടക്കുവാനുള്ള ഊർജ്ജം ഇല്ലാതിരുന്നിട്ടും പാർട്ടിക്കിൾ ബോക്സിന് പുറത്ത് എത്തിയിരിക്കുന്നു.

ക്വാണ്ടം ടണലിങ്ങിലൂടെ...

ഡ്രിലിംഗ്.... 
ഫോൺ ഒന്ന് തിളങ്ങി.

മെസഞ്ചറാണ്.

മണിയടിയുടെ അതേ താളത്തിൽ അതുല്യയുടെ ഹൃദയമൊന്ന് ചാടി.

ബോക്സിന് പുറത്തും ഉള്ളിലും അവളെ നോക്കിയിരിക്കുന്ന ഇലക്ട്രോണുകളെ അവിടെ ഉപേക്ഷിച്ച് കൈകൾ കൊത്തിയെടുത്ത ഫോണിലേയ്ക്ക് മനസ് പറന്നു. 


അല്ല... അവനല്ല...

ഹൃദയത്തിൽ നുരഞ്ഞുപൊന്തിയ ചൂടുപുക ഒരൊറ്റ നിമിഷം കൊണ്ട്കനംവച്ച് ഒരു കാർമേഘമായി.

അത് പെയ്തൊഴിയാൻ കൊതിച്ചു.

എന്തേ വരാത്തത്... ഇത്രനേരമായിട്ടും...?

കണ്ണുകൾ വീണ്ടും ബുക്കിലെ ഇലക്ട്രോണുകളിലേയ്ക്ക് പോയി.

ക്വാണ്ടം ടണലിങ്....

ഇന്നലെ എന്തൊക്കെയായിരുന്നു.

അവൻ ശരിക്കും അടുത്തുണ്ടായിരുന്നതുപോലെ.
അല്ല, അടുത്തുണ്ടായിരുന്നു.

താണ്ടാനാവാത്ത ഊർജ്ജനില ഭേതിച്ചും ഇലക്ട്രോണുകൾ പുറത്തിറങ്ങിയതുപോലെ അവൻ ഇവിടെ വന്നിരുന്നു.

അതുല്യ വെറുതേ പുഞ്ചിരിച്ചു.

അരഞ്ഞാണത്തിന്റെ തുമ്പിലെ കുത്തിനോവിക്കാത്ത കുന്തമുനയിൽ പിടിച്ചു.
വൃത്തികെട്ടവൻ... എന്താെക്കെയാ അറിയേണ്ടെ...!







നിറഞ്ഞ തിങ്കൾ പലദിനം കൊണ്ട് നിറമടർന്ന് നിറമടർന്ന് അരിവാൾ പോലെ നേർത്തു.
പിന്നത് മാനത്തുനിന്നും ഒളിച്ചു.

ദുഃഖം ചുവന്ന മഴത്തുള്ളികളായി ഉള്ളിലൂടെ പെയ്തിറങ്ങി.

വിഷാദത്തിന്റെ മുന്തിരിച്ചാറുകുടിച്ച് പതിവുവേദനകളിലേയ്ക്ക് മുഖംപൂഴ്ത്തി അവൾ കിടന്ന രാവിൽ,

വീണ്ടും മെസെഞ്ചർ ചിലച്ചു.

"ഹായ്..."

"മറന്നാേ...?" 

രണ്ട് സന്ദേശങ്ങൾ.

ഉള്ളിൽ ഒരഗ്നിപർവതം ഉരുകിയിറങ്ങുന്നതുപോലെ അവൾ വിറച്ചു.

ക്രോധവും ദുഃഖവും വെറുപ്പും സ്നേഹവും അടക്കാനാകാതെ ആ തിളക്കത്തിലേയ്ക്ക് നോക്കി...


ഹരികൃഷ്ണൻ ജി.ജി.
06/07/2020

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി