സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

     8,9,10 ക്ലാസുകളിൽ പഠിക്കുമ്പോഴാകണം ഞാൻ ഏറ്റവും അധികം പുസ്തകങ്ങൾ വായിച്ചിട്ടുള്ളത്. മുകുന്ദനും പാവ്ലോ കൊയ്ലോവും ആകണം അന്ന് ഏറ്റവും അധികം തവണ എൻ്റെ കൈയിലിരുന്ന് കണ്ണിലേയ്ക്ക് നോക്കിയവർ. എം.ടി.യും കുഞ്ഞബ്ദുള്ളയും മാർക്കേസും യോസയും പല കാലങ്ങളിലെ മാതൃഭൂമി, ഭാഷാപോഷിണി വാരികകളും അവയുടെ ഓണ, വാർഷിക പതിപ്പുകളും ആർത്തി മൂത്ത എൻ്റെ കണ്ണുകൾക്ക് മുന്നിൽക്കൂടി പലവട്ടം കടന്നുപോയി. ഇപ്പോഴും പല പുസ്തകങ്ങളെക്കുറിച്ച് കേൾക്കുമ്പോഴും അത് ഞാൻ വായിച്ചിട്ടുണ്ടല്ലാേ എന്നു ചിന്തിച്ച് എൻ്റെ മനസ്സ് പിന്നിലേയ്ക്കോടും. ചെന്നു നിൽക്കുന്നത് ഹെെസ്കൂൾ ക്ലാസിലാവും. +1 ആയതു മുതൽ വായന അകലാൻ തുടങ്ങി. പിന്നെ സ്വപ്നങ്ങളിലെ പ്രധാനി സിനിമ ആയി. 2011 മുതൽ 2022 വരെ എൻ്റെ വായനാ ജീവിതം എണ്ണം കൊണ്ട് സമ്പന്നമല്ല. പക്ഷേ ഒരിക്കൽ വായിച്ചാൽ പിന്നൊരിക്കലും നമ്മെവിട്ടു പോകാത്ത മൂന്ന് മനുഷ്യരെ ഞാൻ വായിച്ചത് ആ കാലത്താണ്. 2011ൽ ആകണം ഞാൻ ഷെർലക് ഹോംസ് സീരീസിൻ്റെ സമ്പൂർണ്ണം വായിച്ചത്. എങ്കിലും ഞാൻ പറഞ്ഞ മൂന്നു പേരിൽ ഡോയൽ ഇല്ല. പത്താം ക്ലാസ് കഴിയുന്നതിന് മുന്നേ തന്നെ ഏകാന്തതയുടെ നൂറു വർഷങ്ങൾ വായിച്ചിരുന്നിരിക്കണം. അതുകൊണ്ട് ഇനിയും ആ ലഹരി ഒഴിഞ്ഞിട്ടില്ലെങ്കിലും മാർക്കേസും 2011 നു ശേഷം വായിച്ച അതികായൻമാരുടെ പട്ടികയിൽ ഇല്ല. കോളറക്കാലത്തെ പ്രണയം പലവട്ടം വായിച്ചു തുടങ്ങിയെങ്കിലും തുടർച്ച കിട്ടാതെ അലയുകയാണ്.
     ഒരു റഷ്യക്കാരൻ, ഒരു ഫ്രഞ്ചുകാരൻ, പ്രാഗിൽ നിന്നുള്ള ഒരു പാവം ചെക്കൻ ഇവരാണ് ആ മൂന്നുപേർ. വിരസതയും ഏകാന്തതയും നിറഞ്ഞവർഷങ്ങളിൽ വായനയിൽ നിന്നും അകന്നു നിന്ന എന്നെ വിടാതെ പിടിച്ചിരുത്തി വായിപ്പിച്ചവർ. 2011-22 എന്നൊരു വിശാല കാലഗണന പറഞ്ഞെങ്കിലും ഇവരെയൊക്കെ ഞാൻ വായിച്ചത് 2012-15 കാലത്താവണം (16-20 വയസ്സ്). ആ കാലത്ത് വായിച്ചതായി ഓർമ്മയിലുള്ള മറ്റൊരു പുസ്തകം സാറടീച്ചറുടെ ഊരുകാവൽ ആണ്... ഏറെ പ്രിയമുള്ള പുസ്തകം.
    റഷ്യക്കാരൻ; ദസ്തയേവ്സ്കി. അദ്ദേഹത്തിൻ്റെ മറ്റു പല പുസ്തകങ്ങളും മുൻപേ വായിച്ചിട്ടുണ്ടെങ്കിലും കുറ്റവും ശിക്ഷയും ഞാൻ വായിക്കുന്നത് 17 തികഞ്ഞിട്ടാണ്. വായിച്ചു കഴിഞ്ഞ് ഒരു ദശാബ്ദം കഴിഞ്ഞിരിക്കണം. റസ്കാേൾ നിക്കോവ് ഇപ്പാേഴും തൻ്റെ കുടുസുമുറിയിലിരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുകയും തെരുവിലൂടെ അലയുകയും ചെയ്യുന്നുണ്ട്. ഒരു ദശാബ്ദമായും മടുക്കാതെ ഞാൻ അയാളെ നിശബ്ദമായി പിന്തുടരുകയും ചിലപ്പാേഴൊക്കെ അനുകരിക്കുകയും ചെയ്യുന്നു...ഫ്രഞ്ചുകാരൻ വിക്ടർ ഹ്യൂഗോ... ഹ്യൂഗോ വളരെ ശ്രേഷ്ഠനായ ഒരു അധ്യാപകനെ പോലെയാണ് മനസ്സിൽ. ഒരു ചരിത്രാധ്യാപകൻ(?). ചരിത്രത്തിനെയും സംഭവങ്ങളെഴും വിശകലനം ചെയ്യുമ്പോൾ പാവങ്ങൾ തന്ന വായനാനുഭവം ചിന്തയുടെ അടിസ്ഥാനമായി വർത്തിക്കും. ഒരുവട്ടം കൂടി ഞാൻ തുറന്നു നോക്കാൻ ഭയപ്പെടുന്ന അത്ര വലുതാണ് രണ്ടു വോള്യങ്ങളിലായി പടർന്നു കിടക്കുന്ന ആ മഹാഗ്രന്ഥം. ഫാേന്തീനെ പാേലെയുള്ള കഥാപാത്രങ്ങളും നോവലിൽ വായിച്ച നിരവധി സംഭവങ്ങളും സ്വപ്നത്തിൽ കണ്ടവയെന്നപോലെ മനസ്സിൽ ചിലപ്പാേഴാെക്കെ വട്ടംചുറ്റി പാേകാറുണ്ട്. 
    ആ പ്രാഗുകാരൻ. അയാളെ ഞാൻ എത്രമാത്രം വായിച്ചു മനസിലാക്കിയിട്ടുണ്ട് എന്ന് എനിക്കു സംശയമാണ്. മുന്നിൽ നെയ്ത വലയ്ക്ക് പിന്നിൽ അദൃശ്യനായ ഒരു എട്ടുകാലിയായി അയാൾ ഒളിച്ചിരിക്കുന്നു. ആ വല വകഞ്ഞുമാറ്റി മുന്നാേട്ടുപോയാലും അയാളെ കാണുമെന്നുറപ്പില്ല. പക്കാ ഇൻട്രാേവട്ടനായ അയാളപ്പാേൾ മറ്റെവിടെയെങ്കിലും ഒളിച്ചിട്ടുണ്ടാകും. കാഫ്ക... കാഫ്കയെ വായിച്ചറിഞ്ഞതിലധികം കാഫ്കയെപ്പറ്റി വായിച്ചറിഞ്ഞു. കാഫ്ക ഭ്രാന്തർ വിരിച്ച വലയിൽ കുടുങ്ങി പ്രകാശം കാണാതെ ഞാനും എന്തിനോ വേണ്ടി തിരഞ്ഞു. വിചാരണയാണ് ഞാൻ വായിക്കുന്ന കാഫ്കയുടെ ആദ്യത്തെ പുസ്തകം. പിന്നീട് ആ എട്ടുകാലിയുടെ വിശുദ്ധ പുസ്തകം, മെറ്റമോർഫോസിസ്... പിന്നീട് കാഫ്കയെപ്പറ്റി ഒരുപാട് ഒരുപാട് വായിച്ചു. സൂസനയുടെ ഗ്രന്ഥപ്പുര എന്ന പുസ്തകം വായിക്കാൻ എന്നെ പ്രേരിപ്പിച്ച ഒരേയൊരു ഘടകം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന അതിൻ്റെ ഒരു ഭാഗത്തിൽ സൂസന്ന കാഫ്കയെപറ്റി പറയുന്ന വാചകമാണ്. ഈ വർഷം തന്നെ മലയാളത്തിലെ ആനുകാലികങ്ങളിൽ കാഫ്കയെ മിണ്ടുന്ന രണ്ട് കഥകൾ വായിച്ചു. ഒന്ന് ജനുവരിയിൽ ഗ്രന്ഥാലോകത്തിൽ വി. ആർ സുധീഷ് എഴുതിയ ഉടുമ്പു ജീവിതം. അടുത്ത ആഴ്ചയിൽ തന്നെ അതിനെക്കാൾ ഇഷ്ടമായ മറ്റൊരു കഥ. എവിടെയാണ് വായിച്ചത് എന്ന് ഓർക്കുന്നില്ല ആഴ്ചപ്പതിപ്പിൽ ആണ്. സാംസയുടെ കവറിൽ ഞെളിഞ്ഞിരിക്കുന്ന പാറ്റയായി കാഫ്ക യാത്രതുടരുന്നു...
2011 നു ശേഷം 2022ന് മുൻപ് വായിച്ച പ്രധാന പുസ്തകങ്ങളെ ഓർത്തെടുത്തപ്പാേൾ മെയിൽ ഷോവനിസ്റ്റായതിനാലാവണം, എൻ്റെ മനസ്സ് മനപ്പൂർവം മറന്നുകളഞ്ഞ ഒരു പേര് പിന്നീട് മെല്ലെ ഉയർന്നുവന്നു. ഡോറിസ് ലെസ്സിങ്സാണ് അത്. ഗോൾഡൻ നോട്ബുക് തീർച്ചയായും മറക്കാനാകാത്ത ഒരു വായനാനുഭവം ആയിരുന്നു. എന്നെ കുറേക്കൂടി മെച്ചപ്പെടുത്തിയ ഒന്ന്. 

     കഴിഞ്ഞ ഞായറിന് മലയാള നോവലിനെ പറ്റിയുള്ള ഒരു ക്ലാസിൽ ഇന്ദുലേഖയെയും നാലുകെട്ടിനെയും പാത്തുമ്മയുടെ ആടിനെയും പറ്റി പറഞ്ഞത് കേട്ട് ഇരുന്നപ്പാേൾ കൃത്യമായ കഥാഗതിയും അവസാനവും സംഭവങ്ങളും മനസ്സിൽ വരാത്തതായി തോന്നി. എത്രവർഷങൾക്ക് മുൻപാകണം ഇവയൊക്കെ വായിച്ചത് എന്ന് കണക്കുകൂട്ടി നോക്കിയപ്പാേൾ ചുരുങ്ങിയത് 15 വർഷം ആയിരിക്കും എന്ന് ഉത്തരം കിട്ടി... അതാണ് ഈ എഴുത്തിലേയ്ക്ക് നയിച്ചത്.നാലുകെട്ട് ഞാൻ വായിച്ചുതീർത്തത് ബാലസാഹിത്യം എന്ന ധാരണയിലാണ്. പുസ്തകത്തിൻ്റെ പേരോ എഴുത്തുകാരൻ്റെ പേരോ അറിയാതെ, UP ക്ലാസുകളിലെന്നോ. പിന്നീടെന്നോ വീണ്ടും വായിച്ചപ്പാേഴാണ് ഞാൻ മുൻപ് വായിച്ച പുസ്തകം എം.ടി.യുടെ നാലുകെട്ട് ആണെന്ന് തിരിച്ചറിയുന്നത്. എങ്കിലും എന്നിലെ എം.ടി. വായനക്കാരൻ എം.ടി. നോവലുകളെയാകെ കാലം എന്ന ഒറ്റ നോവലിൽ കാണാൻ ഇഷ്ടപ്പെടുന്നു. കാലത്തിൽ എം.ടിയുടെ മറ്റ് നോവലുകൾ എല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്നു...
     2021ൽ ജോലികിട്ടി കഴിഞ്ഞപ്പാേൾ ഇനി തുടർച്ചയായ വായന തിരികെ പിടിക്കണം എന്ന് കരുതി. 21 ലെ ഡിസംബറും 22ൻ്റെ തുടക്കവും വലിയ മിണ്ടാട്ടമില്ലാതെ നീങ്ങി. ചില പുസ്തകങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും കാര്യമായി വായന നടന്നില്ല. അഖിൽ കെ യുടെ സിംഹത്തിൻ്റെ കഥ ആണ് തുടർച്ചയായ വായനയുടെ പാളത്തിലേയ്ക്ക് എന്നെ തിരികെ കയറ്റിയത്. സൂസന്നയുടെ ഗ്രന്ഥപ്പുരയും. ജി. ആർ. ഇന്ദുഗോപൻ്റെ നാലഞ്ചു ചെറുപ്പക്കാർ പി. എഫ് മാത്യൂസിൻ്റെ അടിയാളപ്രേതം നളിനി ജമീലയുടെ എൻ്റ ആണുങ്ങൾ തുടങ്ങിയ പുസ്തകങ്ങൾ പിന്നാലെ വായിച്ചു. തിരൂർ എത്തിയതിൻ്റെ ആവേശം ചോരുന്നതിന് മുൻപ് തീക്കനൽ കടഞ്ഞ് തിരുമധുരം വായിച്ചു. സി. രാധാകൃഷ്ണൻ്റെ നോവൽ വളരെ സാവധാനമാണ് തീർന്നത്. പിന്നാലെ സുസന്നയുടെ ഗ്രന്ഥപ്പുര, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, വേരുകൾ, സവാരി (നന്ദനാർ) എന്നീ പുസ്തകങ്ങളും 22ൽ വായിച്ചു തീർന്നതായി എഴുതി വച്ചിരിക്കുന്നു.
    23ലും 24 ലും ഒക്കെ സാവധാനമെങ്കിലും പുസ്തകവായന വിടാതെ തുടരുന്നുണ്ട്. ബഷീറിൻ്റെ ശബ്ദങ്ങൾ, തസ്ലീമ നസ്റിൻ്റെ ലജ്ജ, ഖാലിദ് ഹൊസൈനിയുടെ പട്ടം പറത്തുന്നവർ തുടങ്ങി ഒരുപിടി പുസ്തകങ്ങൾ. വി.എച്ച് നിഷാദ് എഴുതിയ ഏകാന്തതയെക്കുറിച്ച് ഒരു നോവൽ കൂടി കൂട്ടത്തിൽ വ്യത്യസ്ഥതകൊണ്ട് ആകർഷിച്ചു. ഇന്ദുഗോപൻ്റെ വിലായത് ബുദ്ധ വായനയിൽ ഉൾപ്പെട്ട മറ്റൊരു സന്തോഷം. ഇവയ്ക്കു പുറമേ മറ്റനേകം പുസ്തകങ്ങൾ ഈ വർഷങ്ങളിൽ വായിച്ചു. ശ്രീശാന്തിൻ്റെ ട്രാൻസിസ്റ്ററും ജിൻഷ ഗംഗയുടെ ഒടയും മുതൽ മുഹമ്മദ് അബ്ബാസിൻ്റെ പുസ്തകങ്ങൾ വരെ. ഏറെ നാളത്തെ ആഗ്രഹമായ മാഗ്സ്റ്റർ പ്രീമിയം സബ്സ്ക്രിപ്ഷൻ സ്വന്തമാക്കിയത് മാഗസിനുകളുടെയും ആഴ്ചപ്പതിപ്പുകളുടെയും വായന അനായാസമാക്കി. 
     വായന മുൻപുള്ളതിൽ നിന്നും മാറുകയാണ്. വായിക്കുമ്പോൾ തന്നെ എഴുതിയ ആളുമായി ആശയവിനിമയം ചെയ്യാനാകുംവിധം സൗഹൃദങ്ങളും സാങ്കേതികവിദ്യയും വളർന്നു. ഫെയിസ്ബുക്കിൽ ഒരു ചിത്രത്തിന് നൽകിയ കമൻ്റിൽ നിന്നുമാണ് വർഷങ്ങൾക്കുമുൻപ് വായിച്ചിട്ടും മനസ്സിൽനിന്ന് പോകാത്ത ആൺ കഴുതകളുടെ സാനഡു എന്ന കഥയിലേയ്ക്ക് തിരികെയെത്തിയത്. കഥാകാരൻ പി.ജിംഷാറും അതുവഴി സൗഹൃദങ്ങളുടെ പട്ടികയിലെത്തി. ആൺ കഴുതകളുടെ സാനഡു എന്ന ജിംഷാറിൻ്റെ പുസ്തകം വായിക്കുന്നതിനിടയിൽ നിരന്തരം കഥകളെപ്പറ്റി എഴുത്തുകാരനുമായി സംസാരിച്ചു. ഏറ്റവും ഒടുവിൽ വായിച്ചു തീർന്ന സാംസയും എഴുത്തുകാരനുമായുള്ള നിരന്തര ചർച്ചയ്ക്കുള്ള അവസരമൊരുക്കി. എനിക്ക് സ്വന്തമെന്നു തോന്നുന്ന ഭാഷയിൽ കഥകളെഴുതുന്ന അമലിൻ്റെയും (സാംസ യെ കൂടാതെ ആനുകാലികങ്ങളിൽക്കൂടി അമലിനെ വർഷങ്ങളായി പിന്തുടരുന്നു. ഫ്ലോട്ട്, കെനിയ സാൻ ഒക്കെ ഗംഭീരം) ഇന്ദുഗോപൻ്റെയും ഒക്കെ തെക്കൻഭാഷ വായനയിൽ ഏറെ സന്തോഷിപ്പിച്ച ഒന്നാണ്. 
     ഇപ്പാേൾ വായിച്ചുകൊണ്ടിരിക്കുന്നത് ഡേവോഡീസ് പാതാളത്തിൻ്റെ രഹസ്യം എന്ന സുജിത്തിന്റെ പുസ്തകം. ഹാരിപോർട്ടർ ഒക്കെ പോലെ മാന്ത്രികലോകത്തിൻ്റെ മനോഹരമായ ആഖ്യാനം. വായന പുരാേഗമിക്കുന്നതിനിടയിൽ എഴുത്തുകാരനുമായുള്ള നേരിട്ടുള്ള വർത്തമാനം ഡേവോഡീസിലും തുടരുന്നു.

ആനോ കാത്തിരിക്കുന്നുണ്ട്... കഴിഞ്ഞ ദിവസം തിരൂർ പബ്ലിക്ക് ലൈബ്രറിയിൽ നിന്നും സ്വന്തമാക്കിയതാണ്...

- ഹരികൃഷ്ണൻ ജി.ജി. 
-

Comments

Popular posts from this blog

പ്രണയം

വിന്നി