വിന്നി
വിന്നി പുറത്തേയ്ക്ക് ഇറങ്ങിനടന്നു.
കാടിന്റെ നടുവിലുള്ള തടാകത്തിന്റെ കരയിലെ മരത്തിന്റെ, വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിൽ മീനുകളെ കൊത്തിയെടുക്കാൻ തക്കംപാർത്തിരിക്കുന്ന പൊൻമാനിന് എന്തൊരഴകാണ്...!
ഇന്നും അവന് കൊക്കു നിറയെ സ്വർണമത്സ്യങ്ങളെ കിട്ടിയിട്ടുണ്ടാകുമോ...?!
സ്വപ്നത്തിലാണ് കാടിനു നടുവിലെ തടാകവും വെള്ളത്തിലേയ്ക്ക് ചാഞ്ഞ കൊമ്പിലെ പൊൻമാനിനേയും വിന്നി കണ്ടത്.
പൊന്മാൻ കുറേ നേരം മരക്കൊമ്പിൽ തപസ്സിരുന്നു. വിന്നി അമ്മയ്ക്കൊപ്പം കാടുകാണാനിറങ്ങിയതായിരുന്നു. വിന്നിയുടെ അമ്മ ഒരു പക്ഷിനിരീക്ഷകയാണ്.
വിന്നി സ്വപ്നത്തിൽ കാണുന്ന പക്ഷികളെല്ലാം അമ്മ ക്യാമറയിൽ പകർത്തി ലാപ്ടോപ്പിൽ സൂക്ഷിച്ചു വച്ചിട്ടുള്ളവയാണ്.
ലാപ്ടോപ് തുറന്ന് സ്വർണ്ണനിറമുള്ള അരയന്നത്തിനെ കാട്ടി അമ്മ പറയും...
"നോക്ക് വിന്നീ... അങ്ങ് വടക്ക് ഇന്ത്യയെന്നൊരു രാജ്യമുണ്ട്... അതിന്നും വടക്ക് ചൈനയെന്ന മറ്റൊരു രാജ്യം... ഇവർക്കിടയിൽ ചിറകുവിടർത്തിയിരിക്കുന്ന വലിയൊരു പക്ഷിയുണ്ട്...
തൂവെള്ള ചിറകുകളുള്ളാെരു സുന്ദരൻ പക്ഷി.
ഹിമാലയം...
തെക്കുള്ള കടലിൽ നിന്നും തനിക്ക് വിശപ്പടക്കാൻ പറ്റുന്നാെരു മീനിനെ കൊത്തിയെടുക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു മൂപ്പർ... കടലിൽ മീൻ പൊങ്ങിയാൽ പറന്നുപോയി കൊത്തിയെടുക്കണം, അതാണ് പ്ലാൻ... പക്ഷേ ഇരുന്നിരുന്ന് പുള്ളിക്കാരൻ ഉറങ്ങിപ്പോയി... ഉറങ്ങിയതിനിടയ്ക്ക് മഴപെയ്തു. നല്ല തണുപ്പും... ഒന്നും അറിയാതെ ഹിമാലയം ഉറങ്ങുകല്ലേ... തണുപ്പേറിയപ്പോൾ തൂവലിൽ വീണ മഴവെള്ളമൊക്കെ ഉറഞ്ഞ് കട്ടിയായി... ഉറക്കമുണർന്നപ്പാേൾ അനങ്ങാൻ വയ്യ പാവത്തിന്. അങ്ങനെ നൂറുനൂറ് വർഷങ്ങളായി ഹിമാലയം ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ ചിറകുവിരിച്ച് തണുത്ത് മരവിച്ച് ഇരിക്കയാണ്..."
"വിന്നി കണ്ടിട്ടില്ലേ ഹൊബാർട്ടിൽ* വെള്ളം കട്ടിയായി ഐസായി കിടക്കുന്നത്...?"
വിന്നി ചിരിച്ചു. ഹൊബാർട്ടിൽ പെൺഗ്വിനുകളെ കാണാൻ പോയ കഥ അവന് അമ്മ പറഞ്ഞുകൊടുത്തിട്ടുണ്ട്...
അന്നുരാത്രി അവൻ സ്വപ്നത്തിൽ ഹൊബാർട്ട് കണ്ടു, മഞ്ഞുകൂനകൾ കണ്ടു, പെൺഗ്വിനുകളെ കണ്ടു... ഹോബാർട്ടിൽ നിന്നും വരുന്ന വഴിയിൽ അവൻ റിക്കി പോണ്ടിങ്ങിനെ കണ്ടു... റിക്കി ഹൊബാർട്ടുകാരനാണ്. 2003 ലും 2007ലും പോണ്ടിങ്ങിന്റെ ഓസ്ട്രേലിയൻ പട ലോകകപ്പ് ഉയർത്തിയ കഥകൾ അമ്മ അവന് പറഞ്ഞുകൊടുത്തിട്ടുണ്ട്... അമ്മയുടെ വീരപുരുഷനായിരുന്നു റിക്കി പോണ്ടിങ്... അവന്റേയും... ഒരിക്കലും വീൽചെയറിൽനിന്നും ഇറങ്ങില്ലെന്നറിയാമായിരുന്നെങ്കിലും ബാഗി ഗ്രീൻ (ഓസ്ട്രേലിയൻ ടെസ്റ്റ് ക്രിക്കറ്റ് താരങ്ങൾ അണിയുന്ന തൊപ്പി) അണിഞ്ഞ് താൻ ഇന്ത്യയിലെ മുംബെെ വാംഖഡെയിൽ ബാറ്റുചെയ്യുന്നത് അവൻ സ്വപ്നം കാണാറുണ്ട്. ആർ. അശ്വിന്റെ പന്തുകളെ സൂക്ഷിച്ച് ഡിഫന്റ് ചെയ്യുമ്പോൾ കമൺട്രി പറയുന്നത് റിക്കി ആയിരിക്കും. അപ്പോൾ വി.ഐ.പി. ഗ്യാലറിയിൽ ഇരിക്കുന്ന അമ്മയെ സ്ക്രീനിൽ കാണിക്കും. റിക്കിയോടൊത്ത് കമൺട്രി പറയുന്ന ഹർഷ ഭോഗ്ലെ മുംബെയിലെ കടലിൽ താഴുന്ന സൂര്യന്റെ ദൃശ്യത്തിലേയ്ക്ക് കാണികളെ ആകർഷിക്കും. പിങ്ക്ബോൾ ക്രിക്കറ്റിനിടയിൽ ഒരു നിമിഷം മുംബെെയിലെ പ്രശസ്തമായ ക്യൂൺസ് നെക്ലേസിന്റ കാഴ്ച, ക്യാമറ മടങ്ങിയെത്തുന്നത് അശ്വിന്റെ അടുത്ത പന്ത് നേരിടാനാെരുങ്ങുന്ന വിന്നിയുടെ മുഖത്തേയ്ക്കാവും. അശ്വിൻ ഇന്ന് ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള സ്പിന്നറാണെന്ന് അമ്മ പറയാറുണ്ട്...
അമ്മയ്ക്ക് ക്രിക്കറ്റിനെപ്പറ്റി ഒന്നും അറിയില്ലെന്നും ടി.വിയിലെ ക്രിക്കറ്റുകളി വിന്നി ആവേശത്തോടെ കാണാൻ തുടങ്ങിയനാൾ മുതൽ അമ്മ അവനോടു പറയാൻ വായിച്ചറിഞ്ഞ വിശേഷങ്ങളാണ് അവയൊക്കെയെന്നും വിന്നിക്ക് അറിയാം... എങ്കിലും അവൻ അമ്മപറയുന്നതൊക്കെ കണ്ണുചിമ്മി കേട്ടിരിക്കും... കണ്ണുചിമ്മാൻ മാത്രമേ വിന്നിയുടെ ശരീരം അവനെ അനുവദിക്കാറുള്ളൂ...
"വിന്നീ..."
അവന്റെ താടിരോമങ്ങളെ പതപ്പിച്ച് പുതിയ റെയ്‌സർകൊണ്ട് സൂഷ്മം വടിച്ചുമാറ്റുന്നതിനിടയിൽ അമ്മ കഥതുടരും... ലാപ്ടോപ്പിലെ സ്വർണ അരയന്നം അമ്മയുടെ ഓർമയിൽ നീന്തിത്തുടിക്കും
"അമ്മ ഒരിക്കൽ ആ ഹിമാലയത്തിൽ പോയി... വലിയ ലെൻസുകളും ക്യാമറകളും കുറേ കൂട്ടുകാരും കൂടെ ഉണ്ടായിരുന്നു... നേപ്പാളുകാരനാണ് വഴികാട്ടി... ഒരു വരിയായി, കാൽ പൂഴ്ന്നുപോകുന്ന മഞ്ഞിൽക്കൂടിയാണ് യാത്ര. സഹിക്കാൻ പറ്റാത്ത തണുപ്പാണ് അവിടെ. നടന്നു നടന്ന് ഞങ്ങൾ ഹിമാലയത്തിന്റെ മുകളിൽ ഒരു തടാക കരയിൽ എത്തി... പണ്ട് മരവിച്ചു പോയ പാവം പക്ഷിയുടെ കണ്ണുകളിൽ ഒന്നാണ് ആ തടാകം..."
ഷേവ് ചെയ്തു കഴിഞ്ഞ് അമ്മ വിന്നിയുടെ മുഖത്ത് ആഫ്റ്റർ ഷേവ് ലോഷൻ പുരട്ടും. ഏതോ യൂറോപ്യൻ പുഷ്പത്തിന്റെ സുഗന്ധമുള്ളത്.
"തടാക കരയിലെത്തിയ കൂട്ടുകാർ വിശ്രമിക്കാനിരുന്നപ്പോൾ അമ്മ ക്യാമറയുമെടുത്ത് നടന്നു... ചുറ്റും മഞ്ഞുമലയാണ്... കൂട്ടം തെറ്റിയാൽ അവിടെ കിടന്ന് മരിച്ചതുതന്നെ... സൂര്യൻ അസ്തമിക്കാനാെരുങ്ങുന്നു. അന്നുരാത്രി അവിടെ തങ്ങാം എന്ന് വഴികാട്ടി നിശ്ചയിച്ചതാണ്. പടിഞ്ഞാറുള്ള മഞ്ഞുമലകൾക്കിടയിൽ സൂര്യൻ മുഖമൊളിപ്പിക്കുമ്പോൾ മഞ്ഞെല്ലാം സ്വർണം ഉരുക്കി ഒഴിച്ചതുപോലെ... തടാകത്തിലെ വെള്ളമാകെ സ്വർണ്ണ വർണ്ണം..."
അമ്മ വിന്നിയെ നോക്കിനിൽക്കും. ഇനി അവന്റെ ഉടുപ്പുകൾ മാറ്റണം...
"അപ്പോൾ ദൂരെ നിന്നും ഒരു അരയന്നം നീന്തിവരുന്നു... സ്വർണ്ണ നിറമുള്ള അരയന്നം... അമ്മ ക്യാമറയെടുത്ത് നിറയെ ചിത്രങ്ങൾ പകർത്തി... അരയന്നം അമ്മയുടെ മുന്നിൽ കുറേ നേരം നീന്തി തുടിച്ചു... ദൂരെ നിന്നും അമ്മയെ തിരക്കി കൂട്ടുകാർ വരുന്നതു കണ്ട് അരയന്നം പേടിച്ച് നീന്തിപ്പോയി... അമ്മയുടെ ക്യാമറയിലെ ചിത്രങ്ങൾ കണ്ടപ്പോൾ കൂട്ടുകാരാകെ ഞെട്ടി.... അങ്ങനെ ഒരു അരയന്നത്തെപ്പറ്റി ഇന്ത്യക്കാരുടെ പുസ്തകങ്ങളിലൊക്കെ പറയുന്നതല്ലാതെ ഇതുവരെ ആരും അതിനെ കണ്ടിട്ടില്ലത്രെ...! അമ്മമാത്രം..."
വിന്നി കണ്ണു ചിമ്മി... അമ്മ വിന്നിയുടെ കവിളിൽ ഒരുമ്മ കൊടുത്തു... അവനെ വീൽചെയറിൽ നിന്നും കട്ടിലിലേയ്ക്ക് കയറ്റിക്കിടത്തി വിന്നിക്കുള്ള ഭക്ഷണമെടുക്കാൻ പോയി.
വിന്നി കാട്ടിനുളളിലെ തടാകത്തെപ്പറ്റി ഓർത്തു. തടാകത്തിന്റെ കരയിലെ വൃക്ഷത്തെപ്പറ്റി ഓർത്തു. തടാകത്തിലേയ്ക്ക് നീണ്ട വൃക്ഷക്കൊമ്പിൽ തടാകത്തിലെ മത്സ്യങ്ങളേയും കൊതിച്ചിരിക്കുന്ന മീൻകൊത്തിയെപ്പറ്റി ഓർത്തു...
വിന്നി ഒരു മീൻകൊത്തിയായി...
ചിറകാകെ വയലറ്റ് തൂവൽ നിറഞ്ഞ ഒരു പൊന്മാൻ...
അവന്റെ നീക്കങ്ങൾ നോക്കി കുറച്ചകലെ ചിറകൊതുക്കിയിരിക്കുന്ന ഒരുവളെ അവൻ കണ്ടു. തടാകത്തിലേയ്ക്ക് അല്ല അവളുടെ നോട്ടം... അവൾക്കുമുന്നിൽ വെള്ളത്തിൽ മീനിളക്കം.
വിന്നി നിമിഷനേരംകൊണ്ട് ചിറകിളക്കി, ചാട്ടുളിപോലെ വെള്ളത്തിലേയ്ക്ക്. പറന്നുപൊങ്ങിയത് അവൾക്കുമുന്നിലേയ്ക്കാണ്... ചുണ്ടിൽ മീൻപിടച്ചിൽ. വിന്നി അവൾക്കിരികിൽ പറന്നിരുന്നു...
വിന്നിയുടെ ചിത്രം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും വാർത്തകളിലും നിറഞ്ഞിട്ടും ആർക്കും അവനെ കണ്ടെത്താനായില്ല. സിഡ്നിയിലെ പോലീസ് സംഘം വിന്നിയുടെ വീടിനു ചുറ്റുമുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ആകെ പരിശോധിച്ചു. വിന്നി വീടുവിട്ടിറങ്ങിയതിന് തെളിവുകളൊന്നുമില്ല... ഒരു ചെറുവിരൾ പോലും അനക്കാനാകാത്ത യുവാവ്... കൺപോളകളുടേയും കൃഷ്ണമണികളുടെയും ചലനംമാത്രം സാധ്യമായ ഒരു യുവാവ്... ഫെയിസ്ബുക്കിൽ പലരും വിധിയെഴുത്ത് പൂർത്തിയാക്കിയിരുന്നു. മകൻ ഒരു ഭാരമാണെന്നു തോന്നിയപ്പോൾ അമ്മതന്നെ കാെലപ്പെടുത്തിയതാകാം... വീടിനുളളിൽ കുഴിച്ചിട്ടതാകാം...
ജീവിതത്തിൽ ഒരിക്കലും സിഡ്നിക്ക് പുറത്തേയ്ക്ക് പോയിട്ടില്ലാത്ത വിന്നിയുടെഅമ്മ രണ്ടു മാസങ്ങൾക്കു മുൻപ് കാമുകനുമൊത്ത് ഹൊബാർട്ട് സന്ദർശിക്കാൻ പോയെന്നും മടങ്ങിയെത്തിയ ശേഷമാണ് ചലനശേഷിയില്ലാത്ത മകനെ കാണാനില്ലായെന്ന കണ്ണീരുമായി പോലീസിന്റെ മുന്നിൽ എത്തിയതെന്നും കഥപരന്നു. ഹൊബാർട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന ഒരു സ്ത്രീയുടേയും പുരുഷന്റേയും ചിത്രവും പ്രചരിച്ചു. അത് വിന്നിയുടെ മാതാവ് അല്ലെന്നും രൂപസാദൃശ്യമുള്ള മറ്റാരോ ആകാമെന്നും സിഡ്നി പോലീസ് ഔദ്യോഗികമായി പറഞ്ഞിട്ടും സോഷ്യൽ മീഡിയയിൽ ആ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിച്ചില്ല. സ്ത്രീക്ക് ഒപ്പമുണ്ടായിരുന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്നത് പുതിയ വിവാദമായി. ഇതിനിടെ ചിത്രത്തിലൂടെ പ്രശസ്തനായ പോലീസുകാരൻ ആത്മഹത്യചെയ്തത് ദുരൂഹതകൾ വർധിപ്പിച്ചു. കൂടെയുള്ളത് ആരാണെന്ന് അയാൾ സൂചനകളാെന്നും നൽകിയിരുന്നുമില്ല.
വിന്നിയുടെ വീടിന് ചുറ്റുമുള്ള കാടിനുമുകളിലൂടെ പറന്ന തെർമൽ ഇമേജിങ് ഡ്രോണിന്റെ ലക്ഷ്യം വേട്ടക്കാരെ കണ്ടെത്തലായിരുന്നു... പതിവ് പറക്കലാണ്. വനത്തിനുള്ളിൽ വേട്ടക്കാരുടെ സംഘമുണ്ടെങ്കിൽ കണ്ടെത്താനാകും. മരങ്ങൾക്കു മുകളിലൂടെ താഴേയ്ക്കുതുറിച്ച ഇൻഫ്രാറെഡ് കണ്ണുമായി ഡ്രാേൺ പറന്നു.
അതിന്റെ മോണിറ്ററിൽ അലസമായ കണ്ണുകളോടെ നോക്കിയിരുന്ന യുവാവായ പോലീസുകാരനെത്തേടി കഴിഞ്ഞ ദിവസങ്ങളിലും കണ്ട ഒരു കാഴ്ച കാത്തിരിക്കുന്നുണ്ടായിരുന്നു. തടാകത്തിന്റെ കിഴക്കൻ തീരത്ത് ഒരു മരച്ചില്ലയിൽ തടാകത്തിലേയ്ക്ക് കാൽനീട്ടിയിരിക്കുന്ന മനുഷ്യനെന്ന് തോന്നിപ്പിക്കുന്ന ഒരു രൂപം. ഇതേ കാഴ്ച അയാൾ കാണുന്നത് മൂന്നാം വട്ടം ആയിരിക്കും. സന്ദേശം പ്രദേശത്തെ പോലീസിന് കൈമാറി. ഡ്രോൺ പകർത്തിയ ദൃശ്യങ്ങളും പ്രദേശത്തിന്റെ കൃത്യം ജി.പി.എസ്. ലാെക്കേഷനും കൈയിലുണ്ടായിട്ടും പ്രാദേശിക പോലീസിന് വനത്തിലൂടെ തടാകത്തിന്റെ കിഴക്കൻ തീരത്തെ ആ വലിയ മരത്തിനെ കണ്ടെത്താൻ മൂന്നുമണിക്കൂർ വേണ്ടിവന്നു...
മനുഷ്യന് വഴങ്ങാത്ത കന്യാവനം...
ദൂരെ നിന്നും നടന്നടുക്കുന്ന മനുഷ്യന്റെ ഒച്ചകേട്ട് അരയന്നങ്ങൾ നീന്തിയകന്നു. വിന്നി അവയെനോക്കി കണ്ണുചിമ്മി. പിന്നിൽ ഓടിക്കിതച്ചെത്തിയ വേട്ടനായയുടെ ശ്വാസം. താഴ്വാരമിറങ്ങി മരച്ചുവട്ടിലെത്തിയ പോലീസുകാരുടെ അത്ഭുതാരവങ്ങൾ. വയർലസ് ഫോണിലൂടെ ഒരു പോലീസുകാരൻ ആരോടോ സംസാരിക്കുന്നു... "സിഡ്നിയിൽ നിന്നും കാണാതായ യുവാവാണ്... അതേ ചലനശേഷിയില്ലാത്ത യുവാവ്... ജീവനുണ്ട്... കണ്ണുചിമ്മുന്നുണ്ട്..."
വിന്നിയുടെ കണ്ണുകൾ നീന്തിയകന്ന അരയന്നങ്ങളെ തേടുകയായിരുന്നു.... സ്വർണനിറമുള്ള അരയന്നങ്ങളെ...
അവന്റെ തലയ്ക്കുമുകളിലൂടെ ഒരു പൊന്മാൻ ശരംപോലെ തടാകത്തിലേയ്ക്ക് ഊളിയിട്ടു. ഞൊടിയിടയിൽ ചുണ്ടിൽ മീൻപിടച്ചിൽ. അവനെനോക്കി മരക്കാെമ്പിലിരുന്ന കൂട്ടുകാരിയുടെ ചാരത്ത് പറന്നിരുന്നപ്പോൾ വിന്നിയെ എടുത്തുയർത്തി കാടിറങ്ങാൻ തുടങ്ങുന്ന പോലീസുകാരുടെ കൂട്ടത്തിൽ ഒരുവൻ മൊബൈൽ ക്യാമറയിൽ ആ പൊന്മാനുകളുടെ ചിത്രം പകർത്തി.
റയർ പിക്...
_________________________________________
*ഹൊബാർട്ട് : ദക്ഷിണ ധ്രുവത്താേടു ചേർന്ന ഒരു ഓസ്ട്രേലിയൻ പ്രദേശം
*ബാഗി ഗ്രീൻ : ഓസ്ട്രേലിയൻ ടെസ്റ്റ്ക്രിക്കറ്റർമാർ ധരിക്കുന്ന പച്ചതാെപ്പി.
അടുത്തിടെ ഓസ്ട്രേലിയയിൽ ഒരു കുഞ്ഞിനെ കാണാതാകുകയും പിന്നീട് വീടിന് താെട്ടടുത്ത് കാട്ടിൽ അവനെ കണ്ടെത്തുകയും ചെയ്തത് വാർത്തയായിരുന്നു. ആ വാർത്ത മനസിൽ കിടന്നതിൽ നിന്നാകാം ഇങ്ങനെ ഒരു കഥ വിടർന്നത്. കഥയിലെ അമ്മയും ചലനശേഷിയില്ലാത്ത മകനും അവരുടെ കഥകളുമെല്ലാം സാങ്കൽപ്പികം മാത്രം.
ഹരികൃഷ്ണൻ ജി. ജി.
15 സെപ്തംബർ 2021
Comments
Post a Comment