വനലക്ഷ്മി
വനലക്ഷ്മി
28/8/2020 ഹരികൃഷ്ണൻ ജി. ജി
അവൻ അവിടെ നിന്നും ഇറങ്ങിനടന്നു.
മലമുകളിലേയ്ക്കാണ് നടന്നത്.
മല നടന്ന് കയറിക്കഴിഞ്ഞിട്ടും അടങ്ങുന്നില്ലല്ലോ നിരാശയും ദേഷ്യവും.
മുകളിൽ നിന്നു താഴേയ്ക്ക് കിഴുക്കാം കുത്തായ ഒരിടത്തുനിന്നും മലയ്ക്ക് അപ്പുറത്തുള്ള കാഴ്ചകളിലേയ്ക്ക് കണ്ണാേടിച്ചു.
കെട്ടിടങ്ങളും മരങ്ങളും മാത്രം.
ദൂരെ മലയിറങ്ങിപ്പോകുന്ന കാട്ടുപാത.
കാട്ടുപാത വെട്ടിത്തെളിച്ചതാരാണ്?
കാട്ടരുവി ഒഴുകിയാെഴുകി അതിന്റേതായൊരു പാതയുണ്ടതിന്.
തിര്യക്കുകൾക്ക് നടക്കാൻ പാതവേണ്ട.
അത് വേണ്ടത് മനുഷ്യർക്കുതന്നെ.
അതുവഴി നടക്കേണ്ട...
കിഴുക്കാം കുത്തായ അഗാധതയിലേയ്ക്ക് ചാടിയാലാേ?!
അതുവഴി എത്രയാേ മനുഷ്യർ മറഞ്ഞിട്ടുണ്ട്.
ചതിച്ചവരും ചതിക്കപ്പെട്ടവരും ചാടിയിട്ടുണ്ട്!
അതും മനുഷ്യൻ അവന്റേതെന്ന് പേരിട്ട വഴി... വേണ്ട.
കാൽപ്പാട് പതിഞ്ഞിട്ടില്ലാത്ത ഒരു ദിശയിലൂടെ അവൻ കാടിറങ്ങാൻ തുടങ്ങി.
മുന്നിലോട്ടാെരിഞ്ച് കാലു വയ്ക്കാനാകാത്തവണ്ണം കാടും പടർപ്പും വഴിതടഞ്ഞു.
പിന്നിലേയ്ക്ക് നടക്കാൻ ഇഷ്ടമല്ലാത്തതു കാെണ്ട് മുന്നിലേയ്ക്കു തന്നെ തുടർന്നു പ്രയാണം.
ഒടുവിൽ വനലക്ഷ്മിയുടെ വീട്ടുമുറ്റത്തെത്തി നിന്നു ആ വഴിയില്ലാവഴി.
കാടിനുള്ളിലേയ്ക്കും പുറത്തേയ്ക്കും വഴികളില്ലായിരുന്നു വനലക്ഷ്മിയുടെ വീടിന്. അത് കാടിനുള്ളിൽത്തന്നെ ആയിരുന്നല്ലോ.
വീടിനു പുറത്ത് വ്യാഘ്രം കഴുത്തിൽ പല്ലുകളാഴ്ത്തി തളർത്തിവീഴ്ത്തിയ മാൻപേടയുടെ പകുതി ഭക്ഷിച്ച ശരീരം.
അവിടെയെങ്ങും കടുവയുടെ ചൂര്...
വനലക്ഷ്മി, മുഖംകുത്തി വീണ ആനയെപ്പോലെയുള്ളാെരു പാറപ്പുറത്ത്, കാടിനുള്ളിലേയ്ക്കു നോക്കിയിരിക്കുന്നു.
കെെകൾ പിന്നിൽക്കുത്തി.
നഗ്നമായ കാലുകൾ പാറപ്പുറത്ത് നീട്ടിവച്ച്
കാട്ടുവള്ളികൾപോലെ നീണ്ടമുടിയിൽ കാറ്റുപിടിച്ച്.
ദേഹത്തിലാെരായിരം കാടുകൾ ഒളിപ്പിച്ച പെണ്ണ്...
വനലക്ഷ്മി.
തേനീച്ചകൾ മൂളിപ്പറക്കുന്ന പേരറിയാത്ത കാട്ടുമരത്തിന്റെ കൊമ്പിൽനിന്നും തേനിറ്റു വീഴുന്നു.
അതവളുടെ ചുണ്ടുകളിൽ, കഴുത്തിൽ, മുടിയിൽ...
മഞ്ഞുതുള്ളി പോലെ മുലക്കണ്ണുകളിൽ തേൻ തിളങ്ങുന്നു...
അവിടെനിന്നും അഗാധമായ പൊക്കിൾച്ചുഴിയിലേയ്ക്ക് ചാടി ഒളിക്കുന്നു....
അവൻ വനലക്ഷ്മിക്കു നേരേ നടന്നു.
എവിടെനിന്നോ കടുവയുടെ ഗർജ്ജനം.
ഏറെ അടുത്തെത്തിയിട്ടും അവളനങ്ങിയില്ല, അറിഞ്ഞില്ല, കാറ്റിലിടയുന്ന മുടിയിഴകൾ കൈകളാൽ തഴുകിയില്ല, ഒരു തരുണന്റെ സാനിധ്യമറിഞ്ഞ് മാറിടമാെന്നുയർന്നുതാണില്ല.
കാടിന്നഗാഥതയിലേയ്ക്കു കണ്ണുനട്ടിരുന്നു വനലക്ഷ്മി. മുടിയിൽ നിന്നേതോ കാട്ടുപൂവിന്റെ മനംമയക്കുന്ന ഗന്ധം. അത് മറ്റാെരു കാടാെളിപ്പിച്ച അവളുടെ മടിത്തട്ടിലേയ്ക്കവനെ വലിച്ചിട്ടു.
നടന്നു തളർന്നവൻ അവളിലെ കാടുകളിൽമുഖം പൂഴ്ത്തി.
തിളങ്ങിനിന്ന മുലഞെട്ടിലെ തേൻതുള്ളിമധുരം നുകർന്നു. അവളുടെ പതുപതുപ്പിലേയ്ക്ക് മുഖംപൂഴ്ത്തി കണ്ണടച്ചു...
നൂറ്റാണ്ടുകൾക്കിപ്പുറവും തേനെടുക്കാൻ കാടുകയറിയവരാരും ആ മരത്തിലെ തേൻ ശേഖരിക്കാറില്ലായിരുന്നു.
ഒരു ചിത്രം പോലും പകർത്താതെ ആരുമറിയാത്താെരു വന്യ സൗന്ദര്യമായി വനലക്ഷ്മിയേയും മടിയിലെ തരുണനേയും അവർ കാത്തു.
ഒടുവിലൊരുനാൾ കാടിന്റെ രഹസ്യങ്ങൾ കാക്കുവാനറിയാത്ത ഒരുവൻ വനലക്ഷ്മിയുടെ ശിൽപത്തിന്റെ ചിത്രം പകർത്തി. അത് നഗരത്തിലെ പളപളപ്പൻ കടലാസിൽ പുറത്തിറങ്ങുന്ന മാഗസീനിൽ അച്ചടിച്ചു. അവാച്യമായ ആ സൗന്ദര്യത്തിനു മുന്നിൽ ലോകം വീർപ്പുമുട്ടി...
വനലക്ഷ്മിയുടെ ശിലാതൽപ്പം ഉൾപ്പെടെ പറിച്ചെടുത്ത് നഗരമധ്യത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനമായി.
വനലക്ഷ്മിയുടെ വീട്ടിലേയ്ക്ക് ലോറി കയറുന്ന പാത വെട്ടി.
കടുവയേയും മാനിനേയും കൊന്നു.
തേനിറ്റു വീഴുന്ന കാട്ടുമരം വെട്ടിമാറ്റി.
കൂറ്റനൊരു ലോറിയിൽ വനലക്ഷ്മിയേയും മടിയിൽ കിടന്ന് മധുനുകരുന്ന യുവാവിനേയും അവർ വിശ്രമിക്കുന്ന പാറയടക്കം കയറ്റി.
നഗരമധ്യത്തിൽ എരിയുന്ന വെയിലത്ത് നാടിന്റെ സാംസ്കാരികൗന്യത്തിന്റെ ചിഹ്നമായി അവരെ പ്രദർശിപ്പിച്ചു.
തേൻ കിനിഞ്ഞ മുലത്തുമ്പിൽ ചോരയൂറിയത് ആരെയും അലട്ടിയില്ല. ആഗോള താപനവും അമ്ലമഴയും മൂലം ശിലയിൽ രാസപരിണാമം നടന്നതെന്ന് ശാസ്ത്രജ്ഞരും പ്രകൃതി സ്നേഹികളും പിറുപിറുത്തു.
വനലക്ഷ്മിയുടെ ചിത്രത്തിനു ചുറ്റും നഗരത്തിലെ കമിതാക്കൾ ഇരിപ്പിടം കണ്ടെത്തി. കാട്ടുതേനിറ്റ് വീണ് തേൻനിറമാർന്ന മാറും വയറും കാലുകളും പക്ഷിക്കാഷ്ഠത്തിൽ വെളുക്കെ ചിരിച്ചു.
ഒടുവിൽ അവർ വനലക്ഷ്മിയെ തേടിയെത്തി...
നഗര മധ്യത്തിൽ ഒരു നഗ്നശിൽപ്പം അവർക്ക് സഹിക്കാനാവുന്നതായിരുന്നില്ല.
ശിൽപ്പം കുട്ടികളേയും യുവതികളേയും വഴിതെറ്റിക്കുന്നു എന്ന് അവർ വാദിച്ചു. (യുവതികളെ, യുവതികളെ മാത്രം!)
ഒരുനാൾ നീളൻ മുളവടികളുമായി വന്ന് ശിൽപ്പത്തിന് ചുറ്റുമിരുന്ന കമിതാക്കളെ അവർ തല്ലിയാേടിച്ചു. ഭരണകൂടം ഒരക്ഷരം മിണ്ടാതെ കണ്ണടച്ചു.
പിറ്റേന്ന് നേരം പുലർനപ്പോൾ നഗരമദ്ധ്യത്തിൽ വനലക്ഷ്മിയുടെ ശിൽപ്പം കാണുവാനില്ല.
നഗരത്തിന് മുകളിലെത്തിയ സൂര്യൻ അവളുടെ നഗ്നത കാണാൻ നഗരമാകെ പരതിനോക്കിയിട്ടും രക്ഷയില്ലാതെ നിരാശനായി.
അവർ, അവർ വനലക്ഷ്മിയെ നാടുനീക്കിയിരിക്കുന്നു...
അങ്ങകലെ, ആർക്കും കടന്നുചെല്ലാനാകാത്ത കാടുകളാെന്നിന്റെ നടുവിൽ ഹെലികോപ്റ്റർ പറന്നെത്തിയപ്പോൾ വാതിൽ തുറക്കാൻ പൈലറ്റിന് നിർദേശം ലഭിച്ചു. അയാൾ തുറന്ന വാതിലിലൂടെ പുറത്തേയ്ക്ക് വനലക്ഷ്മിയുടെ ശിലാശിൽപ്പം കുതിച്ചു....
നഗരത്തിനാകെ ദാഹജലം നൽകുന്ന മഹാനദിയുടെ ഉത്ഭവത്തിലായിരുന്നു വനലക്ഷ്മി പതിച്ചത്. ഒരു ചെറിയ ഉറവതുറക്കുന്ന പാറക്കെട്ടിന്റ കീഴിൽ.
അലസം നീട്ടിവച്ച കാലുകൾക്കിടയിൽ നനവനുഭവപ്പെട്ടപ്പോൾ അവൾ കോരിത്തരിച്ചു. ഉറവയാണ്. വനലക്ഷ്മിയുടെ ഉളളിൽനിന്നും ഉറവയൊഴുകിത്തുടങ്ങി...
ചുണ്ടിൽ തേൻ കിഞ്ഞപ്പോൾ അവൻ കണ്ണുതുറന്നു.
ഞാനെവിടെയാണ്...
കൺമുന്നിലെ ശിലാശിൽപ്പത്തിൽ അവന്റെ നോട്ടമുടക്കി...
ഇത് ആരുതീർത്തശിൽപ്പം?
എപ്പോഴാണ് ഞാൻ ഉറങ്ങിയത്...
തേൻ കിനിയുന്ന അവളുടെ മാറിലേയ്ക്കക്ക് അവൻ മുഖംപൂഴ്ത്തി...

💙
ReplyDeleteSuper
ReplyDeleteGreat👌👌👌👌👌👌👌👌
ReplyDelete