സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.
8,9,10 ക്ലാസുകളിൽ പഠിക്കുമ്പോഴാകണം ഞാൻ ഏറ്റവും അധികം പുസ്തകങ്ങൾ വായിച്ചിട്ടുള്ളത്. മുകുന്ദനും പാവ്ലോ കൊയ്ലോവും ആകണം അന്ന് ഏറ്റവും അധികം തവണ എൻ്റെ കൈയിലിരുന്ന് കണ്ണിലേയ്ക്ക് നോക്കിയവർ. എം.ടി.യും കുഞ്ഞബ്ദുള്ളയും മാർക്കേസും യോസയും പല കാലങ്ങളിലെ മാതൃഭൂമി, ഭാഷാപോഷിണി വാരികകളും അവയുടെ ഓണ, വാർഷിക പതിപ്പുകളും ആർത്തി മൂത്ത എൻ്റെ കണ്ണുകൾക്ക് മുന്നിൽക്കൂടി പലവട്ടം കടന്നുപോയി. ഇപ്പോഴും പല പുസ്തകങ്ങളെക്കുറിച്ച് കേൾക്കുമ്പോഴും അത് ഞാൻ വായിച്ചിട്ടുണ്ടല്ലാേ എന്നു ചിന്തിച്ച് എൻ്റെ മനസ്സ് പിന്നിലേയ്ക്കോടും. ചെന്നു നിൽക്കുന്നത് ഹെെസ്കൂൾ ക്ലാസിലാവും. +1 ആയതു മുതൽ വായന അകലാൻ തുടങ്ങി. പിന്നെ സ്വപ്നങ്ങളിലെ പ്രധാനി സിനിമ ആയി. 2011 മുതൽ 2022 വരെ എൻ്റെ വായനാ ജീവിതം എണ്ണം കൊണ്ട് സമ്പന്നമല്ല. പക്ഷേ ഒരിക്കൽ വായിച്ചാൽ പിന്നൊരിക്കലും നമ്മെവിട്ടു പോകാത്ത മൂന്ന് മനുഷ്യരെ ഞാൻ വായിച്ചത് ആ കാലത്താണ്. 2011ൽ ആകണം ഞാൻ ഷെർലക് ഹോംസ് സീരീസിൻ്റെ സമ്പൂർണ്ണം വായിച്ചത്. എങ്കിലും ഞാൻ പറഞ്ഞ മൂന്നു പേരിൽ ഡോയൽ ഇല്ല. പത്താം ക്ലാസ് കഴിയുന്നതിന് മുന്നേ തന്നെ ഏകാന്തതയുടെ നൂറു വർഷങ്ങൾ വായിച്ചിരുന്നിരിക്കണം. അതുകൊണ്ട് ഇനി...