ചില 'മായാ'ചിന്തകൾ

സീൻ : ഒന്ന്

സന്തോഷ് സന്ദേശം


കവി, ഗാനരചയിതാവ്, മനുഷ്യൻ ഒക്കെയായ കെ സന്തോഷുമായുള്ള ചാറ്റ്.

കാര്യമാത്രപ്രസക്തമല്ലാത്ത ചില വർത്തമാനങ്ങൾക്ക് ശേഷം

ഞാൻ: എന്താണ് പ്രാേഗ്രാം

കവി സ: ക്ഷേത്ര ദർശനം

സുഹൃത്തിനൊപ്പം

ഞാ: നടക്കട്ടെ

സ : അമ്മേ മഹാമായെ കാത്ത് രക്ഷിക്കണെ

ഞാ: (typing.....)

സ: എന്നെമാത്രം 🙏😌

ഇതിനിടെ ഫഹദ് ഫാസിലിൻ്റെ കൂപ്പുകൈ സ്റ്റിക്കർ എൻ്റെ വക

ഞാ: മായ എന്നാൽ തോന്നലാേ ഒന്നുമില്ലായ്കയോ ഒക്കെയല്ലേ, അപ്പാേൾ മഹാമായ എന്നാൽ എന്താവും അർത്ഥം🫣🤔🤔🤔

സ : ഇന്നലെ അടിച്ച സാധനം ഏതാ

ഞാ : പച്ചയായ മനുഷ്യരോട് ഇങ്ങനാെക്കെ ചോദിക്കാമോ😅😅😅

അതിനെ 😅 റിയാക്ഷിച്ച് സന്തോഷ് കവിതയിലേയ്ക്ക് മടങ്ങി.


ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിന് പുറത്താക്കിയാലും ചോദ്യം അവിടെത്തന്നെ നിലനിൽക്കും എന്നു പറയുന്നതുപോലെ സന്തോഷ് ക്ഷേത്രദർശനം തുടർന്നപ്പാെഴും എൻ്റെ മായാചിന്തകൾ അവസാനിച്ചില്ല.


കോപ്പി ചെയ്തു സ്റ്റാറ്റസിട്ടു,

സ്ക്രീൻ ഷോട്ടെടുത്തു സ്റ്റാറ്റസിട്ടു. 


സീൻ അവസാനിച്ചു.


മായയേയും മായാവിയേയും മായാവിനോദിനിയേയും മറന്ന് മറ്റേതോ മായാലോകത്ത് നിന്ന എന്നെ സന്തോഷ് നിർത്തിപ്പാേയിടത്തു നിന്നും കുത്തിയുണർത്തിയത് സ്റ്റാറ്റസിലെ മായക്കാഴ്ച്ചകണ്ടു വന്ന ഡിമ്പിളാണ്. "വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ്" എന്ന് കേരള നവോത്ഥാനം പി.എസ്.സിക്ക് പഠിക്കുന്നവർ ഗുരുവുമായി ചേർത്ത് പഠിക്കുമെങ്കിലും ഡിമ്പിൾ വാദിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്. നീ തീർന്നു മോനേ തീർന്നു എന്ന വാശിയോടെ ഡിമ്പു  ആയുധങ്ങൾക്ക് മൂർച്ചകൂട്ടി


സീൻ 2: 

ഡിമ്പിൾ സന്ദേശം


"ഒന്നുമില്ലായ്ക എന്നത് ഒരു തോന്നലാണ്. എല്ലാം തോന്നലുകളാണല്ലോ! അതിനർത്ഥം അത് യാഥാർത്ഥ്യമാണ് എന്നല്ല. നമ്മുടെ ബുദ്ധിയുടെയും അറിവിൻ്റെയും പരിധി അവിടെ അവസാനം കണ്ടെന്ന് മാത്രം. പണ്ടത്തെ മായകൾക്ക് ശാസ്ത്രീയമായ മാനങ്ങൾ പിൽകാലത്ത് ഉണ്ടായിട്ടില്ലേ. മഹാമായ എന്നാൽ മനുഷ്യബുദ്ധിക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത സത്യം എന്നർത്ഥം. My own pov😁🙊"


എതിരാളി ചില്ലറക്കാരിയല്ല🤭. നിരന്തരം ചെസ്സുകളിയിൽ തോൽപ്പിച്ചാലും മടുക്കാതെ വീണ്ടും കളിച്ച് തോൽപ്പിച്ച് മണ്ടൻ കരുനീക്കങ്ങളുടെ രാജാവായ എന്നെ ഇല്ലാത്തബുദ്ധിയുപയോഗിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവളാണ് ( നിരന്തരം തോൽക്കുന്ന ആൾക്ക് നാണമില്ലെങ്കിലും ജയിക്കുന്നയാൾ പാവംകരുതി ഒന്ന് തോറ്റ് തരണ്ടേ...)


ബുദ്ധിപരമായി കരുനീക്കം നടത്തുന്നുവെന്ന് അഭിനയിച്ചുകൊണ്ട് പോരുവിളിയായ 'എസ്സേയ്ക്ക്' ഞാൻ മറുപടികൊടുത്തു.


ഞാ: സാധാമായയും മഹാമായയും തമ്മിലുള്ള വ്യത്യാസം എന്താണ്?😌


ഇനിയെല്ലാം ശബ്ദസന്ദേശങ്ങളാണ്. പോസ്റ്റ് പാേസ്റ്റ് മോഡേൺ സാഹിത്യത്തിൽ ചിഹ്നങ്ങളും കൈയക്ഷരങ്ങളും ചിത്രങ്ങളും സ്വാഭാവികമെങ്കിലും ഇംഗ്ലീഷിലെ വലിയക്ഷരങ്ങളും ചെറിയക്ഷരങ്ങളും, അക്ഷരങ്ങളുടെ കടുപ്പവും ചരിവും തൻ്റെ പുസ്തകത്തിൻ്റെ തലേക്കെട്ടിൽ ചിന്തകൾഒളിപ്പിക്കാൻ ഉപകരിക്കുന്നതെങ്ങനെ എന്ന് പഠിപ്പിച്ചുതന്ന ഡിമ്പിളിൻ്റെ ശബ്ദം ഇവിടെ എഴുത്തിൻ്റെ ഭാഗമാക്കാൻ സാധ്യമല്ല.  സാഹിത്യത്തിൽ ശബ്ദവും കടന്നുകൂടാമോ എന്നാെരു ചോദ്യം നമുക്ക് ഉയർത്താം. ഫെയിസ്ബുക്ക് അത്തരം പോസ്റ്റുകളെ ഉൾക്കൊള്ളാൻ സജ്ജമായിരുന്നെങ്കിൽ ശബ്ദസന്ദേശങ്ങളെ അങ്ങനെതന്നെ ഉൾപ്പെടുത്താൻ ഞാൻ ശ്രമിച്ചേനെ. 


ഡിമ്പിളിൻ്റെ മായാവിചിന്തനങ്ങൾ വളരെ നല്ലതായിരുന്നെങ്കിലും അതിനിടയിൽ ഞാൻ മുന്നോട്ടുവച്ച ഒരു ഗണിതവും ഒരു വാക്കും പറയാനാണ് ഇത്രയുമെഴുതിയത്. മായയെപ്പറ്റി അവൾ പറയുന്നത് കേട്ടിരിക്കെ എൻ്റെ മനസ്സിലേയ്ക്ക് എവിടെ നിന്നോ ശൂന്യത സങ്കൽപ്പം വന്നു. ശൂന്യത, അതായത് 0. 

മായയെ പൂജ്യം ആയി എടുത്താൽ മഹാമായ ആ പൂജ്യത്തിൻ്റെ എത്രാമത്തെയോ മടങ്ങാണ്. ഗണിതശാസ്ത്രപരമായി പൂജ്യത്തെ ഏതു സംഖ്യകൊണ്ടു ഗുണിച്ചാലും പൂജ്യം തന്നെയായിരിക്കും. ഇത്ര മടങ്ങ് ശൂന്യത എന്ന് പറയാനാവില്ലല്ലാേ, ശൂന്യത ആവർത്തിക്കാനാവില്ല.


0 × 1 = 0

0 x 2 = 0

0 x 3 = 0

0 x n = 0


എന്നാൽ എൻ്റെ ശൂന്യതാവാദത്തെ തള്ളിക്കളഞ്ഞ കവയിത്രി മായയെന്നത് ശൂന്യന അല്ല എന്ന് വാദിക്കുകയും അത് സ്ഥാപിക്കുകയും ചെയ്യാൻ തുടങ്ങിയപ്പാേൾ തല പ്രവർത്തിപ്പിച്ച് തുടർവാദങ്ങൾ മെനയാൻ മടിയനായ ഞാൻ 


Hmm.


എന്ന ഫുൾസ്റ്റോപ്പിൽ ചാറ്റ് നിർത്തി. ഒന്നും പറയാനില്ലാതാകുമ്പോൾ ചാറ്റിടങ്ങളിലെ സമർത്ഥമായ ഒഴിഞ്ഞുമാറ്റ നീക്കമാണല്ലാേ Hmm നെ മുന്നോട്ടുവയ്ക്കുന്നത്. എതിരാളി എത്ര സമർത്ഥമായ വാദമുയർത്തിയാലും എത്ര വെെകാരികമായി സംസാരിച്ചാലും മറുപടിയില്ലാതാകുമ്പോൾ Hmm. നെ ഉന്തി ഉന്തി കളി മുന്നോട്ട് കൊണ്ടു പാേകാം. പലപ്പാേഴും എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയാത്ത ഞാനാെക്കെ Hmm. ഇല്ലായിരുന്നെങ്കിൽ കഷ്ടപ്പെട്ടേനെ.


കളി അവിടെ തീർന്നോ...?


ഇല്ല...


വാദങ്ങൾ കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ നിറഞ്ഞ BGM പൂർണ്ണത്തോട് പൂർണ്ണം ചേർന്നാലും അത് പൂർണ്ണം തന്നെയായിരിക്കും എന്നു പറയുന്ന സംസ്കൃത ശ്ലോകമായിരുന്നു. കൃത്യമായി വരികൾ കിട്ടിയില്ലെങ്കിലും അതാെരു ചുരുൾപോലെ ഉള്ളിൽ കിടന്നു.


ചാറ്റിൽ നിന്നും ഒഴിഞ്ഞുമാറിയ എന്നെ വെറുതേവിടാൻ ഇംഗ്ലീഷ് ടീച്ചർ തയാറായിരുന്നില്ല. ഉത്തരം പറയാതെ പരുങ്ങുന്ന കുട്ടിയെ പ്രാേത്സാഹിപ്പിച്ച് കൂടുതൽ സംസാരിപ്പിക്കുന്ന ടീച്ചറെപ്പാേലെ പിന്നെയും എന്നെ പ്രകോപിപ്പിച്ച് മായാസംവാദം നീട്ടിയെടുക്കാൻ ടീച്ചർ ഫോൺവിളിച്ചു. 

(ഇതിനാെരന്ത്യമുണ്ടാക്കിയിട്ട് പോയാൽ മതി മോൻ🤭)


കല്യാണ ഓഡിറ്റോറിയത്തിലായിരുന്നു എൻ്റെ ഭൗതികശരീരം അപ്പാേൾ. പൊതുദർശനത്തിന് ലഭ്യമായ (അപൂർവം അവസരങ്ങളിൽ മാത്രമാണ് പുറത്ത് കാണാറുള്ളത്) ആ ഭൗതിക ശരീരം കണ്ട് സുഹൃത്ത് ആദർശ് അടുത്തേയ്ക്ക് വരുന്നതുവരെയുള്ള ചുരുങ്ങിയ സമയത്ത് മായാ ചർച്ച തുടർന്നു. മായയെന്നത് പൂജ്യം അല്ല എന്ന വാദത്തിന് ഡിമ്പിൾ പറഞ്ഞ കാര്യങ്ങൾ എൻ്റെ മനസിൽ രൂപം നൽകിയത് Spicy Zero എന്നൊരു ആശയമാണ്.


Spicy Zero


അത് ഞാൻ പറഞ്ഞതോടെ ചർച്ച വഴിമാറി. മായയോട് ടാറ്റ പറഞ്ഞ് ഞങ്ങളുടെ ചർച്ച എൻ്റെ നാവിൽ നിന്നും വഴുതിവീണ Spicy Zero എന്ന വാക്കിലേയ്ക്ക് നീങ്ങി.


സീനിലേയ്ക്ക് ആദർശിൻ്റെ കടന്നുവരവ്.


ഫോൺ കട്ട്


പുതിയ ചർച്ച കോടതി, പോലീസ്, കോടതിയിലേയ്ക്ക് പ്രതികളുമായി വരുന്ന പോലീസുകാരൻ്റെ (ആദർശിൻ്റെ വ്യക്തിപരമായതും സഹപ്രവർത്തകരുടെയും) അനുഭവങ്ങൾ, അബ്കാരി കേസുകൾ അങ്ങനങ്ങനെ...


ഒടുവിൽ അവനും പോയി.


Spicy Zero എന്ന വാക്ക് ആദ്യമായി പറഞ്ഞ വ്യക്തി ഞാനല്ല എന്ന് തെളിയിക്കുന്ന ഒരു പോസ്റ്റർ (ഡയറ്റുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, വിവരണങ്ങൾ ഇംഗ്ലീഷിലുമല്ല) ഡിമ്പിൾ ഇൻബോക്സിലേക്ക് എറിഞ്ഞുതന്നു. ഇന്ത്യയിൽ ആദ്യമായി ഞാനാണ് എന്ന് എൻ്റെ മറുപടിയും.


സന്തോഷ് ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയിട്ടുണ്ടാകും. പുതിയ കവിതകളും പാട്ടുകളും അവൻ്റെ തലയിൽ വിടരട്ടേ.


ഡിമ്പിൾ പുതിയ ചിന്തകളിലാവും. ഒരുപക്ഷേ നിങ്ങൾക്ക് പുസ്തകരൂപത്തിൽ ഉടൻ വായിക്കാനാവും എന്ന് പ്രതീക്ഷിക്കാവുന്ന അവളുടെ ഒരു നൊവെല്ല ഇത് എഴുതിത്തുടങ്ങുന്നതിന് തൊട്ടുമുൻപ് ഞാൻ വായിച്ചു തീർത്തു. മായയെപറ്റിയുള്ള അടങ്ങാത്ത ചർച്ചകൾക്കും മഹാമായകൾക്കുവേണ്ടിയുള്ള അവസാനിക്കാത്ത അർച്ചനകൾക്കും അപ്പുറം മായയല്ലാത്ത ചില കാഴ്ച്ചകളെ അതിസുന്ദരമായി അടയാളപ്പെടുത്തിയിട്ടുണ്ട് നൊവെല്ല. ഇംഗ്ലീഷ് കവിതാ പുസ്തകങ്ങളുടെ അമ്മയ്ക്ക് മലയാള സാഹിത്യത്തിലേയ്ക്ക് സ്വാഗതം...


പ്രതികളുമായി ഇനിയും ബസ്സിലും ട്രൈനിലും കയറി പോലീസുകാർക്ക് കോടതികളിലേയ്ക്ക് സഞ്ചരിക്കേണ്ടിവരും. കൈവിലങ്ങുകളണിഞ്ഞ കുറ്റാരോപിതനും അവൻ ഒരുനിമിഷത്തെ അശ്രദ്ധയുടെ പഴുതിലൂടെ രക്ഷപ്പെട്ടേയ്ക്കുമോ എന്ന് ജാഗരൂപരായ പോലീസുകാർക്കും ആ നിമിഷമെങ്കിലും ജീവിതം മായയും മിഥ്യയുമല്ല. 



~ഹരികൃഷ്ണൻ ജി. ജി.

05/09/2024

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി