മുഖംമൂടി
കപടലോകത്തിൽ
നിഷ്കളങ്കതയുടെ മുഖംമൂടിയിടാനാണ്
എനിക്കിഷ്ടം.
ചിലപ്പാേഴൊക്കെ ഞാനും മറക്കും,
മുഖംമൂടിയാണെന്ന്.
കണ്ടുകൊതിച്ചു ചിറകടിക്കുന്ന
പൂമ്പാറ്റകൾക്കൊപ്പം
തലകുലുക്കി, കവിൾതുടുത്ത്
ഞാനൊരു മാങ്ങാനാറിപ്പൂവാകും.
ഒറ്റയ്ക്ക് പറന്നുവന്നാെരു പൂമ്പാറ്റ,
കൂട്ടം മറന്ന് നേരംമറന്ന്
എന്നിൽനിന്നകലാതെ കൊഞ്ചുമ്പാേൾ
മുഖംമൂടിയഴിയും.
മാങ്ങാനാറിയുടെ ഇതളുകൾ
ഒരിരപിടിയൻ പൂവിൻ്റെപോലെ
വാതുറക്കും.
പിന്നെയും മുഖംമൂടിക്കാലം.
ഒടുവിലൊടുവിൽ
ഞാൻ മറന്നാലോ, മുഖംമൂടിയില്ലാത്ത
എന്നെ.
കപടലോകത്തിൽ
നിഷ്കളങ്കതയുടെ മുഖംമൂടിയിടാനാണ്
എനിക്കിഷ്ടം.
~ ഹരികൃഷ്ണൻ ജി. ജി.
05/08/2024
Comments
Post a Comment