ഞാൻ മടങ്ങുന്നു
ഞാൻ മടങ്ങുന്നു. മടുത്തു. കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി നിങ്ങൾ ഇതു തന്നെ ചെയ്യുന്നു. കൊല്ലുന്നു, കത്തിക്കുന്നു, ഞാൻ സൃഷ്ടിക്കാത്ത മതങ്ങളുടേയും ഞാനറിയാത്ത ദൈവങ്ങളുടേയും പേരു പറഞ്ഞ് പേയിളകി നടക്കുന്നു. ഞാൻ മടങ്ങുന്നു. മടുത്തു. ഓർമ വച്ച കാലം തുടങ്ങിയതാണ് - ഞാനീ ചുറ്റൽ, തല കറങ്ങിയിട്ടില്ല ഒരിക്കലും. ഉള്ളു ചുട്ടുപൊള്ളുന്ന ഇരുമ്പ് - തിളച്ചു മറിയുകയാണ്, ചൂടെടുത്തിട്ടില്ല തരിമ്പും. ഇതൊക്കെ കാണുമ്പോൾ തലപെരുക്കുന്നു ഉള്ള് ചുട്ടുപൊള്ളുന്നു. ഈ കറക്കം നിർത്തണം. അങ്ങകലെ ഒരു നിമിഷം കണ്ണു ചിമ്മാതെ എന്നെനോക്കി നിൽക്കുന്ന ആ നക്ഷത്രമില്ലേ... അവന്റെ നേർക്ക് കുതിക്കണം അവനെ പുണരണം ഉരുകി അവനിൽ ചേരണം... ഹരികൃഷ്ണൻ ജി. ജി.