മഹാബലി നിസാരക്കാരനല്ല. ഒരു യുദ്ധത്തിലൂടെ പരാജയപ്പെടുത്താമെന്ന് കരുത്തുന്നത് മണ്ടത്തരം. രാജാവ് വീണാലും പ്രജകൾ ഒപ്പം നിൽക്കണമെങ്കിൽ വിശ്വസിക്കുന്ന കഥമെനയണം. വിശ്വാസത്തിൻറെ പുകമറയിൽ ജനങ്ങൾ, വിഡ്ഢികളെ പറ്റിക്കാനായേക്കും. എങ്കിലും എങ്ങനെ മഹാബലിയെ വകവരുത്തും..! ഒളിവുസങ്കേതത്തിലെ ചൂതാട്ട കേന്ദ്രത്തിലിരുന്ന് അയാൾ ഓർമ്മകളിലൂടെ സഞ്ചരിച്ചു. കണക്കുകൾ ഒരുപാട് ബാക്കിയാണ്. വീട്ടാൻ സമയം ഏറെയില്ല. ഇനിനടക്കുന്ന യാഗങ്ങളും തടയാനായില്ലെങ്കിൽ ജനമനസുകളിൽ എക്കാലത്തെയും മികച്ചവനാകും ബലി. ചരിത്രപുസ്തകങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞ് രാജസിംഹാസനത്തിൽ നിന്ന് പുറത്തുപോയാലും തലമുറകൾ അവനെ വാഴ്ത്തുകതന്നെചെയ്യും. അത് പാടില്ല. ' യാഗങ്ങൾ ജനകീയനാകാനുള്ള രാഷ്ട്രീയ നാടകങ്ങൾ ' അയാൾ മൺകുടത്തിലെ ദ്രാക്ഷാരസത്തിലേക്ക് വെറുതേ നോക്കിയിരുന്നു. മഹാഭാരത്തിൽ ഒരു കഥയുണ്ട്. ഗുരുവിനെ വധിച്ചെന്ന പേരുദോഷം കേൾക്കാതിരിക്കാൻ ശിഖണ്ഡിയെ മുൻനിർത്തി യുദ്ധംചെയ്ത യുധിഷ്ഠിര സോദരന്റെ കഥ. മഹാ പരാക്രമിയായ ഭീഷ്മർ ശിഖണ്ഠിയോട് യുദ്ധം ചെയ്യില്ലത്രെ! എയ്തുവിട്ട അസ്ത്രത്തിനുപിന്നിലെ കരുത്തുറ്റ കൈകൾ ആണിന്റേയോ പെണ്ണിന്റേയോ എന്നുചിന്തിക്കുന്നത്ര അൽപ...