മഹാബലി, ഗൂഢാലോചന തുടങ്ങുന്നു...

മഹാബലി നിസാരക്കാരനല്ല. ഒരു യുദ്ധത്തിലൂടെ പരാജയപ്പെടുത്താമെന്ന് കരുത്തുന്നത് മണ്ടത്തരം. രാജാവ് വീണാലും പ്രജകൾ ഒപ്പം നിൽക്കണമെങ്കിൽ വിശ്വസിക്കുന്ന കഥമെനയണം. വിശ്വാസത്തിൻറെ പുകമറയിൽ ജനങ്ങൾ, വിഡ്ഢികളെ പറ്റിക്കാനായേക്കും. എങ്കിലും എങ്ങനെ മഹാബലിയെ വകവരുത്തും..!

ഒളിവുസങ്കേതത്തിലെ ചൂതാട്ട കേന്ദ്രത്തിലിരുന്ന് അയാൾ ഓർമ്മകളിലൂടെ സഞ്ചരിച്ചു. കണക്കുകൾ ഒരുപാട് ബാക്കിയാണ്. വീട്ടാൻ സമയം ഏറെയില്ല. ഇനിനടക്കുന്ന യാഗങ്ങളും തടയാനായില്ലെങ്കിൽ ജനമനസുകളിൽ എക്കാലത്തെയും മികച്ചവനാകും ബലി. ചരിത്രപുസ്തകങ്ങളിൽ ഇടംപിടിച്ചുകഴിഞ്ഞ് രാജസിംഹാസനത്തിൽ നിന്ന് പുറത്തുപോയാലും തലമുറകൾ അവനെ വാഴ്ത്തുകതന്നെചെയ്യും. അത് പാടില്ല.

'യാഗങ്ങൾ ജനകീയനാകാനുള്ള രാഷ്ട്രീയ നാടകങ്ങൾ ' അയാൾ മൺകുടത്തിലെ ദ്രാക്ഷാരസത്തിലേക്ക് വെറുതേ നോക്കിയിരുന്നു.

മഹാഭാരത്തിൽ ഒരു കഥയുണ്ട്.
ഗുരുവിനെ വധിച്ചെന്ന പേരുദോഷം കേൾക്കാതിരിക്കാൻ ശിഖണ്ഡിയെ മുൻനിർത്തി യുദ്ധംചെയ്ത യുധിഷ്ഠിര സോദരന്റെ കഥ.
മഹാ പരാക്രമിയായ ഭീഷ്മർ ശിഖണ്ഠിയോട് യുദ്ധം ചെയ്യില്ലത്രെ!
എയ്തുവിട്ട അസ്ത്രത്തിനുപിന്നിലെ കരുത്തുറ്റ കൈകൾ ആണിന്റേയോ പെണ്ണിന്റേയോ എന്നുചിന്തിക്കുന്നത്ര അൽപനാണോ മഹാബാഹുവായ ഭീഷ്മർ!

ജയിച്ചുകഴിഞ്ഞാൽ കഥകൾ ജയിച്ചവൻ പാടുന്നതുപോലെതന്നെ . അയാൾ ചിരിച്ചു.

എന്നിട്ടെന്തായി? അവൾ ചോദിച്ചു.
അയാളുടെ മനസ്സുവായിച്ചെടുക്കാനാകുന്നവൾ.

യുദ്ധം ജയിച്ച് സാമ്രാജ്യവും പ്രജാസ്നേഹവും നേടിയിട്ടും യുധിഷ്ഠിരന് സമാധാനം ലഭിച്ചോ? പിന്നെയും യാഗങ്ങൾ നടത്താനിറങ്ങിയില്ലേ വിശ്വവിജയി! ജനങ്ങൾക്കുമുന്നിൽ കൺകെട്ടുകാണിക്കാനല്ല, സ്വന്തം മനസമാധാനം തേടി. ലഭിച്ചോ? ഇല്ലല്ലോ! അതാണ് പറഞ്ഞത്, വേണ്ട.

ബലി ശക്തനാണ്. ജനങ്ങൾക്ക് ബലിയെ ഇഷ്ട്ടമാണ്. മരിക്കാൻ മനസുള്ള  ഒരു സൈന്യവുമായി പടപുറപ്പെട്ടാൽ വിജയം കഴിയുമ്പോൾ ജനം പൂമാലയിട്ട് സ്വീകരിക്കും. ചതിയിലൂടെ നേടുന്ന വിജയത്തിന് ആ സ്വീകാര്യത ലഭിക്കില്ല. കൊട്ടാര വിപ്ലവങ്ങൾ ബാക്കിനിർത്തുന്നത് മുറുമുറുപ്പുകൾ മാത്രമായിരിക്കും. ബലി മരിച്ചാലും സൈന്യം നമുക്കൊപ്പം നിന്നില്ലെങ്കിലോ? പുതിയൊരു കിരീടാവകാശി കൊട്ടാരത്തിനകത്തുനിന്നുതന്നെ ഉയർന്നുവന്നാലോ? സൈന്യം അയാൾക്കൊപ്പം നിൽക്കും. പിന്നെ അയാളേയും വധിക്കുമോ? അങ്ങനെ എത്രപേരെ..... ?

ഇവിടെനിന്ന് എങ്ങോട്ടെങ്കിലും പോകാം. ഈ ഒളിവും, ചൂതാട്ടവും, ലഹരിയും. ഒന്നും വേണ്ട. പുതിയൊരു ഭൂമി വെട്ടിത്തെളിക്കാം. അവിടേക്ക് യോദ്ധാക്കളുടെ വംശങ്ങളെ ക്ഷണിക്കാം. ഒത്തൊരുസൈന്യമുണ്ടാകുമ്പോൾ വിശ്വവിജയത്തിന് പുറപ്പെടാം. അതുമതി. ഈ മാളത്തിലിരുന്നാൽ ചതിയുടെയും വഞ്ചനയുടേയും ചിന്തകൾ മാത്രമേ വരുകയുള്ളൂ . അത് വെടിയണം. പോകണം നമുക്ക് ഇവിടെനിന്ന്.

ശരി.. അയാൾ അവളെ നോക്കി.
പക്ഷേ എത്ര വർഷങ്ങൾ..?
ബലിയോട് ഏറ്റുമുട്ടാനാകുന്നൊരു സൈന്യത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ എത്ര വർഷങ്ങൾ വേണ്ടിവരും എന്നറിയാമോ?

പല തലമുറകളുടെ പരിചയസമ്പന്നതയുള്ള സൈന്യമാണ് ബലിക്കുള്ളത്. യുദ്ധവീരന്മാർ അനേകം. അടുത്ത തലമുറയിലേക്ക് പ്രതികാരത്തിന്റെ അഗ്നി പകർന്ന് ഒന്നും ചെയ്യാനാകാതെ സ്വസ്ഥമായൊരിടത്തിരുന്ന് രാജ്യഭരണം നടത്താനാണ് ഉപദേശിക്കുന്നതെങ്കിൽ സഖീ, കഴിയില്ലെനിക്കതിന്.

ബലി വീണാൽ സൈന്യം നമുക്കൊപ്പം നിൽക്കുമോ എന്ന പേടി വേണ്ട.
നിൽക്കും.
സൈന്യത്തിൽ എനിക്ക് വിശ്വസ്ഥരുണ്ട്.
നീ മാളമെന്ന് വിളിച്ച ഇവിടെയിരുന്ന് വെറുതേ ദ്രാക്ഷാരസം നുണയുകയല്ല ഞാൻ. ബലിയുടെ അധികാര പരിധിക്കുള്ളിൽ ഇങ്ങനെ ഒരു ചൂതാട്ട കേന്ദ്രം മദ്യവും, സുന്ദരിമാരും എല്ലാമായി നടന്നുപോകുന്നത് സൈന്യം അറിയാതെയാണെന്നാണോ നീ കരുതുന്നത്?
എല്ലാവര്ക്കും എല്ലാം അറിയാം. സൈന്യത്തിൽ പലരും അസ്വസ്ഥരാണ്. പലരും ഞാൻ ചക്രവർത്തിയായി വരണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. പറ്റിയ ഒരു സമയത്തിനായി കാത്തിരിക്കുന്നു, അത്രമാത്രം..... ആ സമയം ഇനിയും നീണ്ടുപോയിക്കൂട. ഓരോ യാഗവും ജനമനസുകളിൽ അവനെ കൂടുതൽ കൂടുതൽ അജയ്യനാക്കുന്നുണ്ട്.  ഇത്തവണ യാഗശാല കത്തിയെരിയുമ്പോൾ അതിൽ ബലിയെയും ബലികൊടുക്കും ഞാൻ. അതായിരിക്കും എൻറെ ആദ്യ ബലി ...

തുടരും...

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി