ഒറ്റയാൻ
ഒരൊറ്റയാൻ
[ i ]
ഒരാെറ്റയാൻ
ചുരമിറങ്ങി വരുന്നുണ്ട്,
കൂരിരുട്ടിനെ ചോപ്പണിയിക്കാൻ...
[ ii ]
ഒരാെറ്റയാൻ
ചൂളമടിച്ചുവരുന്നുണ്ട്,
കരിമ്പിൻ കാടിൻ്റെ
മുടിക്കുപിടിക്കാൻ...
[ iii ]
ഒരൊറ്റയാൻ
പാറയൊളിഞ്ഞ് നിക്കുന്നുണ്ട്,
വഴിതിരിഞ്ഞെത്തുന്നോരെ
ആകാശം കാണിക്കാൻ
[ iiii ]
ഒരാെറ്റയാൻ
ഒറ്റയ്ക്കലറുന്നുണ്ട്,
കൂടിനടക്കുന്നാേരെ
ചിതറിയോടിക്കാൻ
[ iiiii ]
ഒരൊറ്റയാൻ
കൊമ്പുരസി സൂചിയാക്കുന്നുണ്ട്,
ഉന്നംപിടിക്കുന്നവൻ്റെ
പണ്ടംപിടപ്പിക്കാൻ.
[ iiiiii ]
ഒരൊറ്റയാൻ
കണ്ണുചുവപ്പിക്കുന്നുണ്ട്,
ഒപ്പം മാനംചോക്കുന്നത് കണ്ട് കരയുവാൻ
[ iiiiiii ]
ഒരൊറ്റയാൻ
ഒറ്റയ്ക്ക് നടക്കുന്നുണ്ട്,
കൂട്ടാനക്കൂട്ടങ്ങളെ
കിനാവ് കാണുവാൻ
[ iiiiiiii ]
ഒരൊറ്റയാൻ...
~ ഹരികൃഷ്ണൻ ജി.ജി.
09/04/2024
Comments
Post a Comment