2023

2023. വലിയ സന്തോഷങ്ങളോ വലിയ ദുഃഖങ്ങളോ ഇല്ലാത്ത ഒരു വർഷം, പുതിയ കുറേയേറെ സൗഹൃദങ്ങളെ കിട്ടിയ വർഷം, കൂടെപ്പിറപ്പായ മടി അതിന്റെ സർവാധിപത്യം തുടർന്ന വർഷം...

മലയാള ബിരുദ പഠനം 2022 അവസാനമാണ് സാങ്കേതികമായി ആരംഭിച്ചതെങ്കിലും സഹപാഠികളെ ഒക്കെ പരിചയപ്പെടുന്നതും ഒന്നിച്ചുള്ള പഠനവും സംസാരവും ഭക്ഷണം കഴിക്കലും ഓണാഘോഷവും ഒക്കെ നടക്കുന്നത് 2023ൽ ആണ്. ആദ്യ രണ്ട് സെമസ്റ്ററുകളുടെ പരീക്ഷ നടത്തി ഞങ്ങളെ മറന്നുകളഞ്ഞ ജൂണിവേഴ്സിറ്റിയെ പറ്റി കുറ്റംപറഞ്ഞും മൂന്നാം സെമസ്റ്ററിന്റ പുസ്തകങ്ങൾ തന്നുതീർക്കാത്തതിന്റെയും ഈയാഴ്ചയും ക്ലാസില്ലാത്തതിന്റെയും ദുഃഖം പങ്കുവയ്ച്ചും വാട്സാപ്പിലും മറ്റുമായി ആ സൗഹൃദങ്ങൾ അങ്ങനെ തുടരുന്നു. പതിനെട്ട്മുതൽ അറുപതിനോട് അടുത്ത് വരെ പ്രായമുള്ള ക്ലാസ്മേറ്റ്സിനെ കിട്ടുക എന്നത് ഒരിക്കലും ചിന്തിച്ചിരുന്ന ഒന്നല്ല. മലയാളം ഇഷ്ടവിഷയമാക്കി ബിരുദമെടുക്കാൻ വന്നവരാകയാൽ സമാനതാത്പര്യങ്ങളും ചിന്തകളും ഒരുപാട് ഉള്ളവർ ആയതിനാൽ വളരെ നല്ല ചർച്ചകൾക്ക് ആ സൗഹൃദങ്ങൾ വേദിയായി. വിദ്യാഭ്യാസം എന്നത് ജോലി കിട്ടുന്നതോടെ അവസാനിപ്പിക്കേണ്ട ഒന്ന് അല്ലെന്നും അത് പ്രായത്തിന്റെ അതിരുകൾ ഇല്ലെന്നും പഠിച്ചു. അവിടെ പരിജയപ്പെട്ട പലരും സൗഹൃദത്തിനപ്പുറം മാതൃകകളും പ്രചോദനങ്ങളും ഒക്കെതന്നെയാണ്. 

     പഠനത്തിനു വേണ്ടി സമയം കണ്ടെത്താൻ മറ്റുള്ളവർ ഒരുപാട് സഹായിച്ചെങ്കിലും പതിവ് മടി കാരണം അത് വേണ്ടത്ര പ്രയോജനപ്പെടുത്താനാകാതെ പോയ വർഷം കൂടിയാണ് 2023. പഠിക്കാൻ തുടങ്ങിയതു മുതൽ ഇതുവരെയുള്ള എല്ലാ വർഷങ്ങളും അവസരങ്ങൾ നശിപ്പിക്കുന്ന കാര്യത്തിൽ ഒന്നിനാെന്ന് മെച്ചമായതിനാൽ അതിൽ അത്ഭുതമില്ല. 'ഞാനിങ്ങനാണ് ഭായി' എന്ന് എന്റെ മടിയെ സ്വീകരിച്ചു കഴിഞ്ഞു. അത്രമാത്രം താത്പര്യമുള്ള വിഷയങ്ങളിൽ മാത്രം മുഴുകാൻ കഴിയുന്ന ഒരു മനുഷ്യനാണ് ഞാൻ. ഞെക്കിപ്പഴുപ്പിക്കാൻ ശ്രമിച്ചപ്പോഴാെക്കെ വലിയ പരാജയങ്ങളായിരുന്നു ബാക്കി. 

     പുതിയ ഒരുകൂട്ടം എഴുത്തുകാരാണ് 2023ൽ എന്റെ വായനയ്ക്ക് കൂട്ടായത്. രഞ്ജു കിളിമാനൂരും റിഹാൻ റാഷിദും സബിതയും ശ്രീശാന്തും അഖിൽ പി. ധർമ്മജനും ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന മുഹമ്മദ് അബ്ബാസും അടങ്ങുന്ന പുതുതലമുറയുടെ വായനാനുഭവങ്ങൾ രസമുള്ളതായിരുന്നു. 

ഷെഹാൻ കരുണതിലകയുടെ ചൈനാമാൻ എന്ന നോവൽ ആവേശത്തോടെ വായിച്ചു തുടങ്ങിയെങ്കിലും പൂർത്തിയായില്ല. ഇംഗ്ലീഷിലുള്ള വായന മലയാളത്തിന്റെ അത്ര സുഗമമല്ലാത്തത് ചൈനാമാന്റെ വായനയെ ബാധിച്ചു. ഗോകുലിന്റെ ഒറ്റപ്പെട്ടവരുടെ റയിൽവേ സ്റ്റേഷൻ (അങ്ങനെ തന്നല്ലേ പേര്?) വായിച്ചു തുടങ്ങിയിട്ടും പൂർത്തിയാക്കാത്ത മറ്റാെരു പുസ്തകമാണ്. പുസ്തകം മോശമായതു കൊണ്ടല്ല, മറിച്ച് വായനയ്ക്കിടയിൽ എവിടെയോ അത്എന്നെ വൈകാരികമായി കുത്തിനോവിച്ചപ്പോൾ ഇനി മുന്നോട്ടു പോകാനാവില്ല എന്നു തിരിച്ചറിഞ്ഞ് താത്കാലികമായി മാറ്റിവച്ചതാണ്. പിന്നെ മുറി മാറ്റത്തിനിടയിൽ കൺമുന്നിൽ നിന്നും ഗോകുൽ മാറിക്കളഞ്ഞു. 24 ൽ വായിക്കുന്ന ആദ്യ പുസ്തകങ്ങളിൽ ഒന്ന് ഉറപ്പായും ഇതാകും. പി. എഫ് മാത്യൂസിന്റെ ചാവുനിലവും അഖിൽ പി ധർമ്മജന്റെ റാം c/o ആനന്ദിയും ഇമ്മാനുവേൽ കരേയ്റിന്റെ പ്രതിയോഗിയും നല്ല വായനാനുഭവങ്ങൾ സമ്മാനിച്ചു. ശ്രീശാന്ദിന്റെ ട്രാൻസിസ്റ്റർ വളര നല്ല കഥാസമാഹാരമായിരുന്നു. വായനാ ഗ്രൂപ്പുകളിൽ ഈ പുസ്തകത്തിന്റെ പേര് പറഞ്ഞുകേൾക്കാത്തതിൽ അത്ഭുതം തോന്നി. 

      രണ്ടുവർഷമായി തുടരുന്ന ഏകാന്തവാസം അവസാനിപ്പിച്ച് ആൾക്കൂട്ടത്തിന് നടുവിലേയ്ക്ക് സ്വയം പ്രതിഷ്ഠിച്ചത് 2023 അവസാനത്തിലാണ്. ഒറ്റയ്ക്കിരുന്നാൽ എല്ലാ രത്നാകരന്മാരും വാത്മീകിയാകില്ല എന്ന തിരിച്ചറിവാണോ കൂടിയ വാടകയും പറ്റിക്കപ്പെടുന്നു എന്ന തോന്നലുമാണോ മുറിമാറ്റത്തിന്റെ പ്രധാന കാരണം എന്ന് അറിയില്ല. പങ്കുവയ്ക്കലുകളോട് അത്ര കംഫർട്ടബിൾ അല്ലാത്ത മനുഷ്യൻ എന്ന നിലയിൽ ഒന്നിച്ചുള്ള താമസം എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്ക ഉണ്ടായിരുന്നു എങ്കിലും അതിനോട് പെട്ടന്ന് പാെരുത്തപ്പെടാനായി. ഒരു മുറയിൽ ഒറ്റയ്ക്ക് താമസിച്ചതിൽ നിന്നും ഒരു മുറിപോലും ഇല്ലാതെ വരാന്തയിൽ പായവിരിച്ചുറങ്ങുന്ന, കൂടുതൽ സുഖകരമായ അവസ്ഥയിലേക്ക് 2023 എന്നെ എത്തിച്ചു. ഒരുപക്ഷേ അവനവൻ തുരുത്തിൽ നിന്നും സാമൂഹ്യ ജീവിതത്തിലേക്ക് കടക്കാനുള്ള സ്വയം പരുവപ്പടൽ ആകാം. ഒരു മുറിയിൽ ഒറ്റയ്ക്ക് താമസിക്കുമ്പോൾ വാങ്ങിക്കൂട്ടിയ സാധനങ്ങൾ എത്രയാണെന്ന് തിരിച്ചറിഞ്ഞത് മുറിമാറ്റത്തിന്റെ വേളയിലാണ്. അതിൽ പലതും ഇപ്പാേൾ താമസിക്കുന്ന വീട്ടിന്റ എറാത്ത് ഒരു മൂലയിൽ കൂട്ടിയിട്ടിട്ടുണ്ട്. തുണിയാെഴികെ മറ്റാെന്നും അനിവാര്യമല്ല എന്നതായിരുന്നു തിരിച്ചറിവ്.

ക്രിക്കറ്റ് കളി കാണൽ എന്ന ജീവിതത്തിലെ ഏറ്റവും വലിയ ലഹരി ഒറ്റയ്ക്കുള്ള താമസത്തിന്റെ നാളുകളിൽ പരിഹാരമില്ലാത്ത പ്രശ്നമായി തുടരുകയായിരുന്നു. താമസംമാറ്റം അതിനും പരിഹാരം തന്നു. ടി.വി. എന്ന സാധ്യത വീണ്ടും കളികാണാനുള്ള ജനാലകൾ തുറന്നിട്ടു. മാജിക് മാഗ്വാറുകൾ എന്നറിയപ്പെട്ട ഹംഗറി ടീമിനെക്കുറിച്ച് കേട്ടിട്ടുണ്ട്. രണ്ട് വർഷമോ മറ്റോ പരാജയമറിയാതെ മുന്നേറിയിട്ട് ഫുഡ്ബോൾ ലോകകപ്പ് ഫൈനലിൽ പശ്ചിമ ജർമനിക്കുമുന്നിൽ അടിയറവു പറയേണ്ടിവന്ന ഇതിഹാസ ടീം. രണ്ടുവർഷം അവർ പുലർത്തിയ അജയ്യത ആ ഒരൊറ്റ പരാജയത്തിലൂടെ റദ്ദുചെയ്യപ്പെടുകയായിരുന്നു. അത്രയ്ക്കും മികച്ച ടീമെന്ന് അവകാശവാദമില്ലെങ്കിലും ലോകകപ്പിന് തൊട്ടുമുൻപുനടന്ന ഏഷ്യ കപ്പ് മുതൽ ആത്മവിശ്വാസത്തിന്റെ ഒരു പുതിയ പുതപ്പ് നീലക്കുപ്പായക്കാരുടെ മേലേ ഉണ്ടായിരുന്നു. ലോകകപ്പ് ഫൈനൽ വരെ നടത്തിയ ആ ജൈത്രയാത്ര പാറ്റ് കമിൻസിന്റെ പടയാളികൾക്കുമുന്നിൽ തകർന്നടിഞ്ഞപ്പാേൾ തകർന്നത് എന്റെ മാത്രമല്ല കോടിക്കണക്കിന് ഹൃദയങ്ങളാണ് എന്ന് തിരിച്ചറിയുന്നു.

അനേകം ചെറിയ ചെറിയ ഇച്ഛാഭംഗങ്ങളുടെയും ചെറിയ ചെറിയ സന്തോഷങ്ങളുടേയും വർഷം. കക്കാടംപെയ്യിലെ കോടയും കോവളം ബീച്ചിലെ കുളിയും ആസ്വദിക്കാനായ വർഷം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഒറ്റയ്ക്കുള്ള യാത്രകൾ വളരെ കുറവായിരുന്നു ഇക്കാെല്ലം. ട്രെയിൻ യാത്രകളിൽ കൂടുതലും രാത്രികളിലുള്ള ജനറൽ കമ്പാർട്‌മെന്റ് യാത്രകളായിരുന്നു. ഇനിയൊരിക്കലും ജനറൽ കമ്പാർട്മെന്റിലേക്കില്ല എന്ന് തോന്നിപ്പിക്കുന്ന തിരക്കിൽ പലതവണ പെട്ടുപോയിട്ടുണ്ടെങ്കിലും ആ ആൾക്കൂട്ടം എന്നെ പിന്നെയും അതിനിടയിൽ ഒളിപ്പിച്ചു. ട്രെയിൻ യാത്രകൾക്കിടയിൽ വായന തുടങ്ങിയതും എഴുതിയതും 23ലെ പുതിയ ശീലങ്ങൾ. പാഴ്നിലവും കീഴാളപ്രേതവും വേരുകളും അലക്സിയും മുറിഞ്ഞ വിരലുകളും ചൈനാമാനും ഉറക്കമില്ലാത്ത ഞെരുക്കയാത്രയിൽ തുണയായി. യാത്രകളിൽ സ്ലീപ്പറിൽ കിടന്നാൽ പോലും ഉറക്കം വരാത്ത ഞാൻ പതിവായി അഞ്ചോ ആറോ മണിക്കൂർ ഉണർന്നിരിക്കുകയും ഇറങ്ങാനുള്ള സ്റ്റോപ്പിന്റെ അരമണിക്കൂറോ ഒരു മണിക്കൂറോ മുൻപ് ഉറങ്ങിപ്പോകുകയും ചെയ്യുന്ന പ്രതിഭാസം പലതവണ അരങ്ങേറിയ വർഷമാണെങ്കിലും പകുതിയുറക്കത്തിൽ തിരൂരും വർക്കലയിലും തിരുവനന്തപുരത്തും ചാടിയിറങ്ങാൻ ഒരിക്കലും പരാജയപ്പെട്ടില്ല.

ഇത്രയും വായിച്ചെത്തിയവർക്കു വേണ്ടി വീണ്ടും തുടരാം. ജീവിതത്തിൽ ഇതുവരേയും തുടർന്നുവന്ന പല ആദർശങ്ങളും വിശ്വാസങ്ങളും മായം ചേർക്കാൻ അനുവദിക്കുകയും (വിഡ്ഢിത്തങ്ങളാണ് എന്ന് അറിഞ്ഞുകൊണ്ടുതന്നെ 'നിശബ്ദത - സമ്മതം' എന്നമട്ടിൽ സ്വാർത്ഥ ലാഭങ്ങൾക്കുവേണ്ടി അംഗീകരിച്ചുകൊടുത്തവ)  അതുമൂലം ആത്മനിന്ദ അനുഭവിക്കേണ്ടി വരികയും ചെയ്ത ഒരു വർഷം കൂടിയാണ് 2023. വിശ്വാസിയല്ലാത്ത, ജാതി മത വ്യവസ്ഥകളാേട് പരമപുച്ഛമുളള എന്നാൽ സ്വന്തമായി പ്രണയമൊന്നുമില്ലാത്ത ഇരുപതുകളുടെ രണ്ടാം പകുതിയുടെ രണ്ടാം പകുതിയിൽ നിൽക്കുന്ന ഏതാെരാളും നേരിടേണ്ടിവരുന്ന ചോദ്യങ്ങളും, അതുവരെ തള്ളിപ്പറഞ്ഞ, ഇപ്പോഴും വിശ്വസിക്കാത്ത, ചീഞ്ഞുനാറ്റങ്ങളോട് സമരസപ്പെടാൻ ഒരുക്കമാണ് എന്ന അർദ്ധസമ്മതങ്ങളാേട് അവനവന്റെ മനസാക്ഷി നടത്തുന്ന നിശിത വിമർശനങ്ങളും കളിയാക്കലുകളും കുത്തിനോവിക്കലും ഇരുപത്തിമൂന്നിനെ കലുഷിതമാക്കി. ഇപ്പോഴും തുടരുന്ന അതിന്റെ പുരോഗതി എങ്ങനെയാവും എന്നതിനെപറ്റി വലിയ ധാരണയാെന്നും ഇല്ല. 

     ഉണർന്നു ഉറങ്ങി. ഇതിനിടയിൽ ഒരു മനുഷ്യൻ ചെയ്യാൻ സാധ്യതയുള്ള കാര്യങ്ങളിൽ പലതും ചെയ്തു. കുറച്ച് എഴുതി, കുറച്ച് വായിച്ചു, കുറേ ആദർശം വിളമ്പി, കുറേ പഞ്ചാരയടിച്ചു, ചരിത്രവും രാഷ്ട്രീയവും ശാസ്ത്രവും അശ്‌ലീലവും ഫെമിനിസവും അപസർപകവും പാഠപുസ്കവും വായിച്ചു. വളരെ കുറച്ചുമാത്രം സിനിമകണ്ടു. യൂട്യൂബിലും മറ്റിടങ്ങളിലുമായി പലതരം പലതരം വീഡിയോകൾ കണ്ടു; മിസ്റ്റർ ബീൻ മുതൽ മിയ ഖലീഫ വരെ. കുറേ ദൂരം എന്തിനോ വേണ്ടി ഒരു ഗ്രൗണ്ടിനു ചുറ്റും ഓടി, കുറേ ദൂരം നടന്നു, കുറേനേരം ആ ഗ്രൗണ്ടിലെ കാഴ്ചകൾ കണ്ട് ഗ്യാലറിയിലിരുന്നു. നടക്കാൻ പോയതിന്റെ ഇരട്ടിയുടെ ഇരട്ടി ദിവസങ്ങൾ നടത്തം മുടക്കി. നേരത്തേ ഉണർന്നതിന്റെ ഇരട്ടിയുടെ ഇരട്ടി ദിനങ്ങൾ വൈകുവോളം കിടന്നുറങ്ങി.

     മിന്നുമണി ഇന്ത്യൻ ടീമിൽ കളിച്ചതും സഞ്ചുവിന്റെ ദക്ഷിണാഫ്രിക്കൻ സെഞ്ചുറിയും മലയാളി എന്ന നിലയിൽ സന്തോഷം തന്നു. 

     ലോകത്തെ സംബന്ധിച്ച് ഒട്ടും സന്തോഷമുള്ള വർഷമായിരുന്നു 2023 എന്ന് തോന്നുന്നില്ല. പത്രപാരായണവും അന്തിച്ചർച്ച കേൾക്കലും രണ്ടുവർഷമായി ഇല്ലാത്തതിനാൽ ഓരോ ദിവസവും പാെങ്ങിവന്ന് പൊട്ടിയമരുന്ന കുമിളവാർത്തകൾ ഞാൻ അധികമൊന്നും അറിഞ്ഞില്ല. റഷ്യ യുക്രെെൻ യുദ്ധമാണ് ശ്രദ്ധയാർജിച്ച ആദ്യത്തെ വാർത്ത, ഇരുപത്തിമൂന്നിന്റെ രണ്ടാംപകുതിയിൽ ഇസ്രായേലിലേയ്ക്കുള്ള ഹമാസിന്റെ റോക്കറ്റാക്രമണവും അതിനെ തുടർന്ന് ഫലസ്തീനിലേക്ക് ഇസ്രായേൽ നടത്തിയ, ഇപ്പോഴും തുടരുന്ന കടന്നുകയറ്റവും, യുക്രൈനിലായാലും ഫലസ്തീനിലായാലും പരമാവധി രക്തച്ചൊരിച്ചിൽ ഉണ്ടാകണം എന്നുറപ്പിച്ചുകൊണ്ടുള്ള അമേരിക്കയുടെ കുറുക്കൻ നയതന്ത്രവും 2023നെ ദുരന്തവർഷമാക്കി മാറ്റി.

     ഗുസ്തി താരങ്ങളുടെ സമരവും; ഭാരത് ജോഡോ യാത്രയും നവകേരള യാത്രയും കൂടുതൽ ശ്രദ്ധപതിഞ്ഞ ആഭ്യന്തര വിഷയങ്ങളായി. 

      എന്തായാലും സഞ്ജു സാംസന്റെ അന്താരാഷ്ട്ര സെഞ്ച്വറിയും കാത്തുകാത്തിരുന്ന ലാലേട്ടന്റെ ഹിറ്റും കണ്ട് സന്തോഷത്തോടെയാണ് ഇരുപത്തിമൂന്നിനോട് വിടപറയുന്നത്. 2024ലും ഞാൻ വൈകി ഉറങ്ങി വൈകി ഉണരും, ഗ്രൗണ്ടിൽ പോകാണ്ട് മടിപിടിച്ചിരിക്കും, വായിക്കാനായി തുറന്ന പുസ്തകങ്ങൾക്ക് മുന്നിലിരുന്ന് ദിവാസ്വപ്നം കാണും, അവസാന ദിവസങ്ങളിൽ മാത്രം അസൈൻമെന്റ് എഴുതുകയും പരീക്ഷ അടുക്കുന്ന ദിവസങ്ങളിൽ ഒന്നും പഠിക്കാനാകാതെ അന്തംവിട്ടിരിക്കുകയും ആരോടൊക്കെയോ രാഷ്ട്രീയവും ആദർശവും ക്രിക്കറ്റും സാഹിത്യവും സംസാരിക്കുകയും ചെയ്യും. ഇതാെന്നും മാറ്റിനിർത്തിയാൽ ഞാനില്ല. ഞാനല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല...

~ഹരി2023

Comments

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി