സോഹിയാൻ ഭാഗം 1
ബോഹൻസോസിഡാമിൽ നിന്നും മൂന്നുവർഷങ്ങൾക്കു മുൻപ് കുതിച്ചുയരുമ്പോൾ സോഹിയാന് ഭൂമിയെക്കുറിച്ച് ലഭിച്ചിരുന്ന രൂപരേഖ മറ്റൊന്നായിരുന്നു.
രണ്ടുകാലിലും നാലുകാലിലും നടക്കുന്ന മൃഗങ്ങളുള്ള, പറക്കുവാൻ കഴിവുള്ള അത്ഭുത ജീവിവർഗങ്ങൾ ഉള്ള, ജലം ഇനിയും വറ്റിത്തീർന്നിട്ടില്ലാത്ത, ആ ജലത്തിൽ നീന്തുന്ന ഭീമാകാരൻ സത്വങ്ങൾപോലും ഉള്ള ശാസ്ത്രത്തിന് പിടിതരാത്ത അത്ഭുതം! അതായിരുന്നു ബോഹൻസോസിഡാമിലെ വാനനിരീക്ഷണശാലയിലെ ഭൗമ വിദഗ്ധൻ, കണ്ണടവച്ച ഹോചു സഹാത്സൺ യാത്ര പുറപ്പെടുന്നതിനുമുൻപും സോഹിയാനാേട് പറഞ്ഞത്.
പ്രകാശവേഗത്തിന്റെ എട്ടിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന നൗക. ദ്രവ്യമില്ലാത്ത പ്രപഞ്ച പ്രതലത്തിൽ അതി സൂക്ഷ്മം ഒരുക്കിയ നിരവധി കുറുക്കുകുഴികൾ. മാറിമാറി വരുന്ന നക്ഷത്രയൂഥങ്ങളിൽ നിന്നും ഊർജ്ജം ഊറ്റിയെടുത്ത് വേഗം സാധ്യമാക്കുന്ന യന്ത്രവെെദഗ്ധ്യം. ബോഹൻസോസിഡാമിലെ ശാസ്ത്രജ്ഞരുടെ ഭൂമി എന്ന സഹസ്രാബ്ദങ്ങൾ നീണ്ട സ്വപ്നത്തിന് ചിറകുമുളച്ചതായിരുന്നു സോഹിയാന്റെ ആ യാത്ര.
പക്ഷേ എവിടേ അതെല്ലാം....
വഴിപിഴയ്ക്കാതെ അനേകം പ്രപഞ്ചഗോളങ്ങളിലേയ്ക്ക് യുലൂക്കുകളെ എത്തിച്ച ജൊഹോമിയൻസിന്റെ ഗണിത സമവാക്യങ്ങളിൽ എവിടെയെങ്കിലും തെറ്റുപറ്റിയോ?!
ഒരു ജീവിതകാലം മുഴുവൻ ഭൂമിയെപ്പറ്റി പഠിക്കാൻ ഉഴിഞ്ഞുവച്ച ജ്ഞാനവൃദ്ധൻ ഹോചു സഹാത്സൺ പറഞ്ഞതെല്ലാം കള്ളമായിരുന്നോ?!
എവിടേ ജലം!
എവിടേ ഇരുകാലിലും നാലു കാലിലും നടക്കുന്ന മൃഗങ്ങൾ
എവിടേ പറക്കുന്ന അത്ഭുത ജീവികൾ.
കാത്തിരിപ്പിന്റെ അന്ത്യം എന്ന് യുലൂക്കുകൾ പേരിട്ടുവിളിച്ച മഞ്ഞു പാളികൾക്കിടയിൽ ഒരു തൂവൽ പാറി വീഴുന്ന ലാഘവത്തോടെ പറന്നിറങ്ങിയ നൗകയിൽ നിന്നും സോഹിയാൻ മാതൃഗ്രഹത്തിലേയ്ക്ക് ആദ്യ സന്ദേശം അയച്ചു.
"കേട്ടതെല്ലാം കള്ളമായിരുന്നു...
ചുറ്റും മഞ്ഞുമാത്രം....
കറുത്ത നിറത്തിൽ തിളങ്ങുന്ന മഞ്ഞ്...."
കരയിലും കടലിലും ആകാശത്തിലും സഞ്ചരിക്കാൻ സൗകര്യമുള്ള, ഭൂമിയിലെ സാഹചര്യങ്ങൾക്കായി പ്രത്യേകം തയാറാക്കിയ മുഗന്നെ എന്ന വാഹനത്തിലേയ്ക്ക് സോഹിയാൻ കയറി. സൗരപ്രകാശത്തിന്റെ തരംഗദൈർഘ്യത്തിനുള്ളിൽ പരമാവധി ഊർജ്ജോത്പാതനം സാധ്യമാകും വിധമാണ് അതിന്റെ നിർമാണം.
മുഗന്നെ സോഹിയാനുമായി മഞ്ഞു കൂമ്പാരങ്ങളെ പിന്നിലാക്കി പറന്നു.
കറുത്ത തിളങ്ങുന്ന മഞ്ഞ്
(തുടരും....)
- ഹരികൃഷ്ണൻ ജി.ജി.
09/05/2021 ഞായർ
Comments
Post a Comment