പ്രണയം
*_പ്രണയം_*
*ഹരികൃഷ്ണൻ ജി.ജി.*
ക്രിസ്തുമസ് രാവിൽ
നാമിരുവരും
ഉള്ളുകാളുന്നതണുപ്പിൽ
മഞ്ഞുവീണ് ഉറഞ്ഞുറങ്ങുന്ന തെരുവിലൂടെ നടന്നത് നിനക്ക് ഓർമയില്ലേ...!
ഒരു മനുഷ്യനും അവരവരുടെ വീടിനുള്ളിൽ നിന്നും പുറത്തിറങ്ങുന്നുണ്ടായിരുന്നില്ല,
ശൈത്യത്തിനുമുൻപ് വെയിലിൽ ഉണക്കിയെടുത്ത കട്ടികൂടിയ കമ്പിളിപ്പുതപ്പുകൾക്കുള്ളിൽനിന്നും പുറത്തേയ്ക്കിറങ്ങാൻ അമ്മമാർ കുഞ്ഞുങ്ങളെ അനുവദിച്ചിരുന്നില്ല...
ആ തണുപ്പുകാലത്ത് ദേഹംവെടിഞ്ഞ് സ്വർഗ്ഗരാജ്യത്തിലേയ്ക്ക് സഞ്ചരിച്ചവരുടെ ശരീരങ്ങൾ പാേലും വീട്ടിലെ നെരിപ്പാേടിൽ എരിക്കുകയായിരുന്നു പതിവ്...
അത് നാട്ടിലെ ഒരാചാരമായിരുന്നല്ലാേ! അതിജീവനത്തിനായി ഉരുവപ്പെട്ട ആചാരങ്ങൾ...
കത്തുന്ന മനുഷ്യമാംസത്തിന്റെ ഗന്ധം അടുത്തറിഞ്ഞപ്പാേൾ ഒക്കെ എന്റെ കൈകളിൽ നിന്റെ പിടിമുറുകുന്നതായി ഞാൻ അറിഞ്ഞു...
നമുക്ക് കെെഉറകളും കമ്പിളിക്കുപ്പായങ്ങളും ഉണ്ടായിരുന്നില്ലല്ലാേ...
വിടർന്നുതുടങ്ങിയ റോസാദളത്തിന്റെ നിറത്തിൽ നിന്റെ ചുണ്ടുകൾ വിണ്ടുകീറി രക്തം പാെടിയുന്നത് ഞാൻ കണ്ടു, ഒരു കമ്പിളിപ്പുതപ്പിന്റെ സംരക്ഷണം പോലും നിനക്ക് ഉറപ്പുവരുത്താൻ കഴിയാതെപാേയതിൽ എന്റ ഹൃദയം പിടഞ്ഞിരുന്നു...
കട്ടിപിടിച്ച തടാകത്തിന് കുറുകേ നടന്നപ്പാേൾ നിന്റെ പാദങ്ങൾ വിറവിറയ്ക്കുന്നത് കണ്ടിരുന്നു... പ്രണയം നിന്നെ നയിക്കുന്നത് ശവക്കുഴിയിലേയ്ക്കാണാേ എന്നു പോലും ഭയന്നു ഞാൻ...
ദൂരെ എവിടെയാേ ഭയങ്കരമായ ഒരു ശബ്ദം കേട്ടു... മഞ്ഞുപാളികൾ പാെട്ടുന്നതാണ്... ചിലപ്പാേൾ അങ്ങനെ സംഭവിക്കാറുണ്ട്. തടാകത്തിന് കുറുകേ ഒരു വിള്ളൽ. അത് അടർന്നുമാറിയാൽ, നമ്മൾ ആഴമറിയാത്ത കാെടുംശൈത്യത്തിലേയ്ക്ക്...
ഒടുവിൽ തടാകം കഴിഞ്ഞു...
അതിർത്തിയിൽ കാവൽ നിൽക്കുന്നവർ നമ്മളെ കണ്ടെങ്കിലും കണ്ടില്ലെന്നു നടിച്ചു... പ്രിയപ്പെട്ടാെരാളുടെ കെെപിടിച്ച് ആ നശിച്ച നാട്ടിൽനിന്നും ഓടിമറയുവാൻ അവരും കാെതിക്കുന്നില്ലേ...
നമ്മൾ മലകയറിയിറങ്ങി...
വിശ്വസിക്കാനാകുന്നുണ്ടാേ നിനക്ക്?!
വിശന്നുവലഞ്ഞ ഹിമപ്പുലികളും കരടികളും നിറഞ്ഞ പർവതം... തളരാതെ നടന്നുകയറാൻ നിനക്ക് ഊർജ്ജമേകിയതെന്താണ്?
പുതിയ നാട്, പുതിയ ജീവിതം...
പർവതത്തിന് അപ്പുറത്തും ഇപ്പുറത്തും തീർത്തും വിഭിന്നമായ കാലാവസ്ഥ...
നട്ടെല്ല് ചുളിയുന്ന തണുപ്പിൽ ജനിച്ചുവളർന്ന നമ്മൾ ഒരു ഹിമപാതം പോലും കാണാതെ അൻപതുവർഷം ഉഷ്ണം അവസാനിക്കാത്ത നാട്ടിൽകഴിഞ്ഞെന്ന്...! അൻപത് വർഷത്തിനിടയിൽ എത്രതവണ മഴ കണ്ടിട്ടുണ്ട് നമ്മൾ...?
അഞ്ചാേ... ആറോ...!
മഴനിഴൽ പ്രദേശം മാത്രമല്ല നമ്മുടെ ജീവിതത്തിനും വേട്ടക്കാരിൽ നിന്നും നിഴലു തീർത്തു ആ നാട്...
ജീവിതം ഉഷ്ണത്തിൽ നരകതുല്യമാണ് എന്നത്രെ ഇവിടെയുള്ളവരുടെ വിശ്വാസം... നീയുള്ളിടമെല്ലാം എനിക്ക് സ്വർഗമായിരുന്നു...
നമ്മുടെ കുഞ്ഞുങ്ങൾക്ക് നീ പറഞ്ഞുകാെടുത്ത കഥകളിലൂടെ പിന്നെയും ഞാൻ മഞ്ഞുകാലം കണ്ടു... അവരുടെ കുഞ്ഞിക്കണ്ണുകളിൽ തൂമഞ്ഞ് പെയ്തിറങ്ങി നിന്റ വാക്കുകൾക്കാെപ്പം. ഒരു നിമിഷംപോലും എനിക്ക് നാട് നഷ്ടമായിട്ടില്ല...
മടങ്ങിവരണം എന്ന നിർബന്ധം നിനക്കായിരുന്നു...
ഒപ്പം കൂടാനില്ലെന്ന് മക്കൾ പറഞ്ഞതല്ലേ... പിന്നെയും എന്തിനായിരുന്നു വാശി...?
രണ്ട് വിമാന ടിക്കറ്റുകളും, വിമാനത്താവളത്തിലേയ്ക്കുള്ള ടാക്സിയും, ഇവിടെവന്നാൽ ഒരാഴ്ച താമസിക്കുവാനായി മുൻകൂർ പണമടച്ച മുറിയും, തിരികെ, നീ പറഞ്ഞതുപോലെ പർവതം കയറിയിറങ്ങിപ്പോകുന്ന പഴയ റോഡിൽക്കൂടി രാജ്യങ്ങളെത്തമ്മിൽ ബന്ധിപ്പിക്കുന്ന ബസ്സിൽ യാത്രാസൗകര്യവും ഏർപ്പെടുത്തി മക്കൾ അവരുടെ തിരക്കുകളിലേയ്ക്ക് ഉൾവലിഞ്ഞപ്പാേൾ സത്യത്തിൽ എന്റെ ഹൃദയം ആനന്ദിക്കുകയായിരുന്നു...
വീണ്ടും നമ്മൾ രണ്ടുപേർ മാത്രം..
എന്നിട്ടും എന്തിനാേവേണ്ടി നീ പിറുപിറുത്തുകാെണ്ടിരുന്നു.
എനിക്ക് ചിരിവരുന്നുണ്ട് നിന്നെയാേർത്ത്, നിനക്കെന്താ ഒരിക്കലും പ്രായമാകാത്തത്?! പഴയ ആ പാെട്ടിപ്പെണ്ണുതന്നെ...
നാടിന് മാറ്റമൊന്നും ഇല്ല...
ഇവിടെ കാലം മരവിച്ച് കിടക്കുകയാണാേ?! ആൾത്തിരക്കില്ലാത്ത അതേ തെരുവ്, വിമാനത്താവളം മുതൽ ഹോട്ടൽ വരെ കണ്ടതാെക്കെയും സന്തോഷമില്ലാത്ത മുഖങ്ങൾ...
"ഇത് ടൂറിസ്റ്റ് സീസൺ അല്ല, പുറത്തു പോകാൻ അനുവദിക്കരുതെന്ന് ട്രാവൽ ഏജന്റ് വഴി മക്കൾനേരത്തേ വിളിച്ച് ഉറപ്പുവാങ്ങിയിട്ടുണ്ട്.. മുറിയിൽ ഹീറ്റർ ഒക്കെ ഓൺ ആക്കി ഇട്ടിരിക്കുകയാണ് എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം" എന്ന് പറഞ്ഞ് സ്വാഗതം ചെയ്ത ഹോട്ടൽ ജീവനക്കാരി...
അവൾക്ക് നിന്റെ ഒരു പഴയ കൂട്ടുകാരിയുടെ മുഖഛായയില്ലേ?!
പേരുമറന്നു പാേയീ ഞാൻ... അതോ ഇനി അവൾതന്നെയാണാേ?!
കാലം മരവിച്ചു കിടക്കുന്ന ഈ നാട്ടിൽ നമ്മൾ പാേന്നതിൽ പിന്നെ മനുഷ്യർക്കും പ്രായമായിട്ടില്ലെങ്കിലോ...
ഈ ഭ്രാന്തുപിടിച്ച കാലാവസ്ഥ നിന്റെ അസുഖങ്ങൾക്കെല്ലാം ഉള്ള മരുന്നാകുമെന്ന് കരുതിയത് എന്ത് വിഡ്ഢിത്തമാണ്...
നിന്റെ വട്ടുകൾക്കെല്ലാം കൂട്ടുനിൽക്കാൻ ഞാനും...
ഹോട്ടൽ ജീവനക്കാരി മുറിവിട്ടിറങ്ങിയ ഉടൻ ഹീറ്റർ നിർത്താനാണ് നീ പറഞ്ഞത്.
അനുസരിക്കാത്ത എനിക്കുനേരേ തീപാറുന്ന നോട്ടവും ചെവിക്ക് വിശ്രമംതരാത്ത മുറുമുറുപ്പുംകാെണ്ട് നീ കാര്യംനേടിയെടുത്തു. കട്ടിലിൽ പുതപ്പിനടിയിലേയ്ക്ക് നൂണ്ടുകയറി നീ ഉറങ്ങുവോളം നിന്നെ നാേക്കിയിരുന്നിട്ടാണ് ഞാൻ തണുപ്പ് സഹിക്കുവാനാകാതെ ഹോട്ടൽ ലാേബിയിലേയ്ക്ക് നടന്നത്.
കഴിഞ്ഞ അൻപതുവർഷത്തെ രാജ്യത്തിന്റെ മാറ്റങ്ങൾ പങ്കുവയ്ക്കാൻ ഹോട്ടൽ സെക്യൂരിറ്റിതലവനെ കൂട്ടുകിട്ടി എനിക്ക്.
അയാൾക്ക് എൻപതു കഴിഞ്ഞു. കാഴ്ചശക്തിക്ക് കുറവാെന്നുമില്ല, ഈ നാട്ടുകാർക്ക് ആയുസ് വളരെ കൂടുതലാണല്ലാേ...
പഴയ കഥകൾ ഒരുപാട് പറഞ്ഞു...
മാറി മാറിവന്ന സ്വേഛാധിപതികളെപ്പറ്റി, പട്ടാള നേതാക്കളെപ്പറ്റി, രാഷ്ട്രീയക്കാരെപ്പറ്റി, വിപ്ലവങ്ങളെപ്പറ്റി... ഈ നാട് ചലനാത്മകമായിരുന്നു... മാറുന്ന ഭരണാധികാരികൾ, മരിക്കുന്ന മനുഷ്യർ, പട്ടിണി, ധൂർത്ത്.
നമ്മൾ താമസിക്കുന്ന ഹോട്ടൽ തന്നെ നോക്ക്, ലോകത്തിലെ എല്ലാ ആർഭാടവും ഇവിടെയുണ്ട്... നമ്മളെ സ്വീകരിച്ചിരുത്തിയ ജീവനക്കാരിക്കും എന്നോട് സംസാരിച്ച സെക്യൂരിറ്റി തലവനും അടക്കം രണ്ടുമാസമായി ശമ്പളം നൽകുന്നില്ലത്രെ!
താമസവും ഭക്ഷണവും മാത്രം. താമസം ഒരു കുടുസുമുറിയിൽ.. ആണും പെണ്ണും കുട്ടിയും കുടുംബങ്ങളും എല്ലാം അടങ്ങുന്ന കുടുസുമുറികൾ. ഹോട്ടലിന്റെ പിന്നാമ്പുറങ്ങളിൽ, നമ്മൾകാണാത്തിടങ്ങളിൽ. ശൈത്യകാലം കഴിയുന്നിടംവരെ ശമ്പളമില്ല...
"ഇതിലും മോശം അവസ്ഥയിലൂടെയും കടന്നുപോയ രാജ്യമാണിത്..." ആ പഴയപട്ടാളക്കാരൻ ചിരിച്ചു...
"അന്നാെക്കെ അതിർത്തി കടക്കാൻ ശ്രമിക്കുന്നവർ ഏറെ ആയിരുന്നു... ചിലപ്പോൾ കണ്ടതായി നടിക്കില്ല, പാവങ്ങൾ പാെക്കോട്ടേ എന്ന് കരുതും. മിക്കവരും പർവതത്തിലെ കരടികളുടെ ഭക്ഷണമാകും. ചിലർ തിരികെ കാടിറങ്ങിവരും. മൃഗങ്ങളെ വേട്ടയാടുന്നതുപോലെ ചിലപ്പോൾ മനുഷ്യരെ വേട്ടയാടിയിട്ടുണ്ട്."
"ചിലപ്പാേൾ..."
അയാൾ റിസപ്ഷനിലെ പെണ്ണിനെ നോക്കി ഒന്നു ചിരിച്ചു... കാര്യം എന്തെന്നറിയാതെ അവളും ചിരി മടക്കിനൽകി...
"ചിലപ്പാേൾ, ആണിനെ മാത്രം കാെല്ലും..."
"പെണ്ണിനെ കുറേ നാളുകൾക്കുശേഷം പർവതത്തിലെ കരടികൾക്കു കാെടുക്കും...
നിങ്ങൾ ഭാഗ്യമുള്ളവരാണ്..."
അയാൾ പിന്നെയും കുറേ കഥകൾ പറഞ്ഞു.
നീ ഉണരുവാനുള്ള സമയം ആയിരിക്കും എന്ന് കണക്കുകൂട്ടിയാണ് മുറിയിലേയ്ക്ക് വന്നത്. നേരംതെറ്റിയുള്ള ഉറക്കമാണല്ലാേ. മരുന്നുകൾ ഒന്നും കഴിച്ചിരുന്നില്ല.
മുറിയിൽ അസാധാരണമായ തണുപ്പായിരുന്നു...
തന്നെ ഉണർത്തുന്നതിനു മുൻപുതന്നെ ഹീറ്റർ പ്രവർത്തിപ്പിച്ചു. കുറേനേരം ഉണരാൻ കാത്തുനിന്നു...
മരുന്നുകൾ കഴിക്കാൻ താമസിക്കുന്നു... അതാണ് ഉണർത്താൻ ശ്രമിച്ചത്...
എത്ര വിളിച്ചിട്ടും താനെന്താ ഉണരാത്തത്...?! വിശക്കുന്നില്ലേ?
വീട്ടിൽ നിന്നും കഴിച്ചിട്ട് ഇറങ്ങിയതിൽപ്പിന്നെ ഇതുവരെ കഴിച്ചില്ലല്ലാേ...! എഴുന്നേൽക്കുക...
എന്തിനാേ വേണ്ടി വീണ്ടും ഹോട്ടൽ ജീവനക്കാരി മുറിയിലേയ്ക്കുവന്നു...
നീ ഉണരുന്നിലെന്ന് ഞാൻ അവളാേട് പറഞ്ഞതിന്റെ അർത്ഥം മുറിയിൽ നിന്നും പുറത്തേയ്ക്കുപാേകുവാനായിരുന്നു... പകരം ഫാേണിൽ ഡോക്ടറിനെ വിളിച്ചുവരുത്തിയത് എന്തിനാണവൾ... ഉറങ്ങുന്നത് രാേഗമാണാേ...
"ഹീറ്റർ ഓഫ് ആയിരുന്നാേ... ഈ മുറിക്ക് എന്താണിത്ര തണുപ്പ്...?"
ഡാേക്ടർ ഹോട്ടൽ ജീവനക്കാരിയെ നോക്കി.. ഞാൻ അവൾക്ക് മുഖം കാെടുത്തില്ല...
വേഗം നീ ഉണരുമെന്നും നിന്റെ സഹാേദരന്റെ മുഖഛായയുള്ള ഡോക്ടെ കണ്ട് പുഞ്ചിരിക്കുമെന്നും കരുതി ഞാൻ.
അൻപത് വർഷം മുൻപ് കണ്ട അതേ മുഖം.
ഇനി നിന്റെ ജ്യേഷ്ഠന്റെ കാെച്ചുമകനാകുമോ ഇത്...!
നീ ഉണരുക... നമ്മുടെ കുഞ്ഞാണിത്... നമ്മളെ അവൻ വീട്ടിൽ കാെണ്ടുപോകും. ഈ നശിച്ചഹാേട്ടൽ മുറിയിൽ നിന്നും നമുക്ക് രക്ഷപ്പെടാം...
"ഇവർ മരിച്ചിട്ട് ഒരുമണിക്കൂർ കഴിയും..." ഡോക്ടർ തന്റെ കൈ പിടിച്ച് കുറേനേരം എന്താേ ഓർത്തുനിന്നശേഷം പറഞ്ഞു...
പേപ്പറുകളിൽ ഒപ്പിട്ടു തരേണ്ടിവരും... ശരീരം ഇന്നുതന്നെ ദഹിപ്പിക്കണം... ഇവിടെത്തന്നെ...
സെക്യൂരിറ്റി തലവൻ എന്നെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ സഹായിച്ചിരുന്നു...
കുറച്ചുനേരം എനിക്ക് തന്റ ചാരത്ത് ഇരിക്കണം എന്നു പറഞ്ഞതിന് വളരെ നിർബന്ധിച്ചാണ് ഡോക്ടർ അനുമതി നൽകിയത്... ആ സമയംകൊണ്ട് മക്കളെ വിളിച്ച് കാര്യങ്ങൾ പറയാമെന്നും ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഇവിടെത്തന്നെ ദഹിപ്പിക്കാൻ മുൻകൂർ അനുമതി വാങ്ങിയിട്ടാണ് ഈ സീസണിൽ മുറികൾ നൽകാറുള്ളത് എന്നും റിസപ്ഷണിസ്റ്റ് പെൺകുട്ടി പറഞ്ഞു.
ആദ്യമായി അവളുടെ മുഖത്തെ ചിരി മാഞ്ഞിരിക്കുന്നു... അവളുടെ ദുഃഖം ആത്മാർത്ഥമാണ്...
സെക്യൂരിറ്റി തലവൻ അയാളുടെ അടുത്തേക്ക് നടന്നു...
'മുറിക്ക് പുറത്ത് കുറേനേരമായി കാവൽ നിൽക്കുകയാണ്.
ഈ നേരമത്രയും ശവശരീരത്തെ നോക്കി എന്താെക്കെയാേ പിറുപിറുക്കുന്നു. ഒന്നും വ്യക്തമാകുന്നില്ല....'
"എന്താെക്കെയാണിത്... ഒന്നും...?"
"നിങ്ങൾ ഇന്നാട്ടുകാരൻ തന്നെയല്ലേ...?!
കുറച്ചു വർഷങ്ങൾ പുറംനാട്ടിൽ വസിച്ചെന്നുവച്ച് രീതികൾ മറന്നുപോകുമാേ...!"
അടുത്തേയ്ക്ക് മറ്റാെരു കസേര നീകിയിട്ടു അയാൾ...
"ശൈത്യകാലത്ത് മരിച്ചാൽ എന്താണ് പണ്ട് പതിവ്?! ഒരിക്കലും അണയ്ക്കാത്ത വീട്ടിലെ നെരിപ്പാേടിലേയ്ക്ക് ആ ശരീരം കൂടി നൽകുക... അത് നമ്മുടെ ആചാരമല്ലേ... എത്രയാേ തലമുറകളായി തുടരുന്ന പതിവ്... അതിന് തടസം പറയുവതെങ്ങനെ...!"
മക്കൾ സമ്മതം അറിയിച്ചിട്ടുണ്ടെന്നും ഡോക്ടർ മടങ്ങിയെത്തിയാലുടൻ ദഹിപ്പിക്കാമെന്നും പെൺകുട്ടി അറിയിച്ചു.
"ഇപ്പാേൾ നെരിപ്പാേടുകൾ ഇല്ല കെട്ടിടങ്ങളിൽ... ഇലക്ട്രിക് ഹീറ്ററുകളാണ്... ശവശരീരങ്ങൾ കത്തിക്കാൻ പ്രത്യേക സൗകര്യങ്ങളുണ്ട്... മരിക്കുന്ന കെട്ടിടത്തിൽവച്ചുതന്നെ ദഹിപ്പിക്കണം... അത് വിശ്വാസമാണ്... തെറ്റിക്കുവാനാകില്ല... ഇപ്പാേഴും പട്ടാള ഭരണം നിലനിൽക്കുന്ന ഒരു രാജ്യമാണിതെന്ന് മറക്കരുത്... അന്നത്തേക്കാൾ കാർക്കശ്യമാണ് ഇപ്പോൾ ഭരണാധികാരികൾക്ക്..."
ഇവിടെയല്ല നീ അന്ത്യവിശ്രമം കാെള്ളേണ്ടത്...
നമ്മുടെ വീട്ടിൽ, പുൽത്തകിടിയിൽ... അവിടെ നിനക്കിഷ്ടമുള്ള ചുവന്ന പൂക്കൾ പൂക്കുന്ന ആ മരം... അതിന്റെ ചുവട്ടിൽ... നമുക്കിരുവർക്കും അവിടെ അന്ത്യവിശ്രമം കാെള്ളണമെന്ന് എത്രവട്ടം പറഞ്ഞതാണ് നീ...
"ഡാേക്ടർ മടങ്ങിയെത്തി..." പെൺകുട്ടി അറിയിച്ചു...
നിന്നെ കവർന്നെടുത്തുകാെണ്ടുപോകാൻ അവർ ഇപ്പോൾ എത്തും... അന്ന് നിന്റെ ജ്യേഷ്ഠൻ... ഇന്ന് അയാളുടെ മുഖമുള്ള ഡോക്ടർ...
ആർക്കും വിട്ടുകാെടുക്കില്ല ഞാൻ നിന്നെ..... ജനാല തുറന്നാൽ ഹോട്ടലിന്റെ പുറത്തേയ്ക്ക് ചാടാം... ഞാൻ നിന്നെയും കാെണ്ട് രക്ഷപ്പെടും. ഇനി കമ്പിളിയും കൈഉറകളും അണിയാൻ സമയമില്ല... നമുക്ക് പോകാം. അകലേയ്ക്ക്...
ഞാൻ അവളെ ഉയർത്താൻ ശ്രമിച്ചു... എന്നാണ് ഞാൻ നിന്നെ അവസാനമായി എടുത്തുയർത്തിയത്? എത്ര വർഷങ്ങൾക്ക് മുൻപ്? നിനക്കാേർമയില്ലേ നിന്നെയും എടുത്തുയർത്തി ഞാൻ പടികൾ കയറിയത്... എന്നാണ് നിന്നക്കിത്രയും ഭാരം വച്ചത്...! എന്തുകാെണ്ടാണ് നിന്റെ ശരീരം അനങ്ങാത്തത്...! അരക്കെട്ടിൽ താെടുമ്പാെഴേ നീ പാെട്ടിച്ചിരിക്കാത്തത്...! കെെകൾ എന്റെ കഴുത്തിൽ കോർത്ത് കണ്ണുകളിൽ പൂത്തിരികത്തിക്കാത്തത്...! നിന്റെ കെെകാലുകൾ എന്തിനിങ്ങനെ ബലംപിടിക്കുന്നു? പിണക്കമാണാേ? നിന്നെ ഒറ്റയ്ക്കിട്ട് ഞാൻ പുറത്തുപാേയിരുന്ന് സംസാരിച്ചതിനാേ? നീ ഉറങ്ങുവാേളം അടുത്തിരുന്നിട്ടാണ് ഞാൻ പുറത്തേക്ക് പോയത്... എന്തിനാണ് ഇവരെന്നെ നിന്റെ ശരീരത്തിൽ നിന്നും അടർത്തിമാറ്റുന്നത്...! എവിടേയ്ക്കാണ് ഇവർ നിന്നെകാെണ്ടു പാേകുന്നത്...
_കഥ_ : *പ്രണയം*
_കഥ എഴുതിയത്_ : *ഹരികൃഷ്ണൻ ജി.ജി* .
Nice 👌👌👌
ReplyDeleteExcelllnt👌👌👌👌👌👌
ReplyDelete