വയലിൻ
എനിക്ക് എന്തോ ഒന്ന് എഴുതണമെന്നുണ്ട്. പക്ഷേ എന്റെ മനസിൽ കഥയൊന്നും ഇല്ല. ഇന്നലെ നീ ചോതിച്ചില്ലേ എങ്ങനെയാണ് എഴുതുന്നതെന്ന്. അത് ഇങ്ങനെയാണ് സംഭവിക്കുന്നത്. നോക്കിക്കോ. വനലക്ഷ്മിയും ഇതുപോലെ ഒന്നുമില്ലാതെ അലക്ഷ്യം എഴുതിത്തുടങ്ങിയതാണ്. നടന്നു നടന്നെത്തിയത് വനലക്ഷ്മിയുടെ മുന്നിലും. ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാറുണ്ട്. നമുക്കൊന്നുകൂടി നടന്നുനോക്കാം. ഇത്തവണ എവിടെയാണ് എത്തുന്നത് എന്ന് കാണാം. ശൂന്യതയിൽ നിന്നും ഒരു കഥ വിരിയുമോയെന്നും.
സ്വാഭാവികമായ വഴിത്തിരിവുകൾ ഒന്നും സംഭവിക്കുന്നില്ല. പലപ്പോഴും ഞാൻ ചെയ്യാറുള്ളത് രണ്ട് കൈകളും മുഖത്തോടു ചേർത്തുവച്ച് കണ്ണുകളടച്ച് ഒരു വാക്ക് തിരയുക എന്നതാണ്. ഒരു വാക്ക്. ശരിയായ ഒരു വാക്കിന്റെ കണ്ടെത്തൽ ഒരു കഥയിലേയ്ക്ക് നയിച്ചേക്കാം. അറിയാതെ ഇപ്പോഴും അത് ഞാൻ ചെയ്യുകയും ഉടൻ ബോധവാനാകുകയും ചെയ്തു. അത് പറഞ്ഞതാണ്. കുറച്ചുനേരം അങ്ങനെ ഇരുന്നു നോക്കാം.
മനസ് എനിക്ക് ചില സൂചനകൾ തന്നു. ഇതുവരേയും എഴുതിയതിലേയ്ക്കൊന്നും തിരിഞ്ഞു നോക്കേണ്ട എന്നായിരുന്നു അത്. വനലക്ഷ്മിയും നീലിയും യക്ഷിയും ഒക്കെ പിന്നിൽ പോട്ടെ. കഥകൾ ഒന്നും ഇല്ല. ചില ഓർമകൾ എഴുതാം.
ഞാൻ പറഞ്ഞില്ലേ ഞാൻ പണ്ട് വയലിൻ പഠിച്ചിട്ടുണ്ടെന്ന്. അതിനും മുൻപ് ഞാനും എന്റെ അന്നത്തെ മുഖ്യ ക്രൈം പാർട്നറായിരുന്ന അജിന ചേച്ചിയും കൂടി പാട്ടു പഠിക്കാൻ ചേർന്നു. ഞങ്ങളുടെ രണ്ടു പേരുടേയും ആഗ്രഹം വയലിൽ തന്നെ ആയിരുന്നു. പക്ഷേ പെട്ടന്ന് വയലിൻ പഠിപ്പിക്കുന്ന അധ്യാപകൻ ആ സ്ഥാപനത്തിലേയ്ക്ക് വരാത്തതു കൊണ്ടും കൈയിൽ കിട്ടിയ രണ്ട് അഡ്മിഷനുകൾ നഷ്ടപ്പെടുത്തേണ്ട എന്നു കരുതിയും അവർ ഞങ്ങളെ തത്കാലത്തേക്ക് പാട്ട് ക്ലാസിൽ ഇരുത്തി. ഞാൻ അഞ്ചിലോ ആറിലോ ആണ്. അപ്പൊ ചേച്ചി ഒൻപതിലോ പത്തിലോ ആവും. രണ്ടുപേരുടേതും സംഗീതവുമായി ഒട്ടും സമരസപ്പെടാത്ത ശബ്ദം. എങ്കിലും വയലിൻ പഠിപ്പിക്കാൻ മോഹനൻ എന്ന ഒരു അധ്യാപകൻ വരുന്നതുവരെ ഞങ്ങൾ പാട്ട് ക്ലാസിൽ ഇരുന്നു. പഠിച്ചൊന്നും ഇല്ല വെറുതേ ഇരുന്നു. മിനി എന്നൊരു ടീച്ചർ ആയിരുന്നു പാട്ട് പഠിപ്പിച്ചിരുന്നത്. ഇപ്പോൾ എന്റെ കടയുടെ മുകളിൽ മറ്റൊരു സ്ഥാപനത്തിൽ അവർ പഠിപ്പിക്കുന്നുണ്ട്.
വയലിൽ ക്ലാസ് നല്ല രസമായിരുന്നു. ആദ്യം സ രി ഗ മ പ ധ നി സ നാലു കമ്പികൾ ഉള്ളതിൽ ഇടതു കൈകൊണ്ട് സ്ട്രിങ് പിടിക്കുമ്പോൾ കൈപ്പത്തിയിൽ നിന്നും രണ്ടാമത്തെ സ്ട്രിങ് ആണെന്നു തോന്നുന്നു സ രി ഗ മ വരെ വായിക്കുന്നത്. സ വിരൾ കമ്പിയിൽ മുട്ടിച്ചാണോ അല്ലേ എന്ന് കൃത്യമായി ഓർത്തെടുക്കാനാകുന്നില്ല. കൈപ്ത്തിക്ക് അടുത്തുള്ള സ്ട്രിങ്ങിൽ ഇറങ്ങി പ വായിക്കും. പിന്നെ മുകളിലേയ്ക്ക് ഓരോ വിരളുകളായി കയറ്റി ധ നി സ. അവസാനത്തെ സ വളരെ മൃദുവാണ്. പിന്നെ തിരിച്ച് സ നി ധ പ മ ഗ രി സ...
ഞങ്ങളെ ഇത്രയും പഠിപ്പിച്ചിട്ട് സർ നന്ദുവിണ കീബോഡ് പഠിപ്പിക്കാൻ എണീറ്റ് പോകും. അവന് മ്യൂസിക്കൽ നോട്സ് പ്രിന്റ് ചെയ്ത ഒരു പേപ്പറും ഉണ്ട്. ഞങ്ങൾക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു പേപ്പർ അതിനെപ്പറ്റി പറയാം. സർ കീബോർഡ് പഠിപ്പിക്കാൻ പോകുമ്പോൾ ഞാനും അദ്ദേഹത്തിനൊപ്പം കീബോർഡിന് അടുത്തേക്ക് പോകും. പക്ഷേ വയലിൻ പോലെ അത് എന്നെ ആകർഷിച്ചിട്ടില്ല.
സ രി ഗ മ പ ധ നി സ , സ നി ധ പ മ ഗ രി സ കഴിഞ്ഞ ശേഷം
സരി സരി സരിഗമ സരിഗമ പധനിസ
സനി സനി സനിധപ സനിധപ മഗരിസ
എന്നരീതിയിൽ. അത് ബുക്കിൽ എഴുതി വയ്ക്കും. വീണ്ടും വീണ്ടും വായിക്കണം. പതിയെ വായിക്കുന്നത് ഒന്നാം കാലം എന്നും അടുത്ത വേഗത്തിൽ രണ്ടാംകാലമെന്നും മൂന്നാം കാലമെന്നും നാലാം കാലം വരെ വായിച്ച് ഉറപ്പിക്കും. വേഗം തന്നെ ആണോ കാലം എന്ന് എനിക്ക് അറിയില്ല. ഞാൻ അന്ന് മനസിലാക്കിയത് അങ്ങനെയാണ്.
പിന്നെ
സരിഗ സരിഗ സരി സരിഗമ പധനിസ
സനിധ സനിധ സനി സനിധപ മഗരിസ
എന്ന ക്രമത്തിൽ.
വയലിൻ വാങ്ങാം. സാറിന് കൂടി സൗകര്യപ്പെടുന്ന ദിവസം സാറിനേയും കൊണ്ട് പോയി വാങ്ങാം എന്നാെക്കെ അച്ഛൻ പറയുമായിരുന്നു. ഞാൻ വയലിനുമായി പ്രണയത്തിലായപ്പോൾ എന്തുകൊണ്ടാേ അവിടത്തെ അധ്യാപനം മതിയാക്കി ആ അധ്യാപകൻ പോയി. മറ്റെവിടെയോ അദ്ദേഹം പഠിപ്പിക്കുന്നുണ്ടെന്നൊക്കെ കേട്ടെങ്കിലും വീട്ടിൽ നിന്നും അകലേയ്ക്കൊക്കെ പോകാൻ എനിക്ക് മടിയായിരുന്നു. പിന്നെ എല്ലാവരും വയലിനെ മറന്നു. ഞാൻ ഒഴികെ. അജിന ചേച്ചി ഇപ്പോൾ ഗൾഫിൽ രോഗികളുമായി പടപൊരുതുന്ന നേഴ്സാണ്. രോഗികളുമായോ രോഗങ്ങളുമായോ,.
ഞങ്ങൾ ഒന്നിച്ചായിരുന്നു ട്യൂഷന് ഒക്കെ പോകുന്നത്. ഏഴാം ക്ലാസ് മുതലാണ് ഒന്നിച്ച് ട്യൂഷന് പോയി തുടങ്ങിയത്. ചേച്ചിക്ക് ഏഴരയ്ക്കും എനിക്ക് എട്ടിനും ക്ലാസ്. രണ്ടും കൂടി എട്ടരയ്ക്ക് ട്യൂഷൻ സെന്ററിൽ എത്തും. ആ പോയ വഴിയിൽ വച്ചാണ് അവൾ എം.മുകുന്ദനെ പറ്റിയും ഹരിദ്വാരിൽ മണികൾ മുഴങ്ങുമ്പോൾ എന്ന നോവലിനെ പറ്റിയും ഒക്കെ പറയുന്നത്. അത് ഞാൻ സ്കൂളിലെ പരീക്ഷയ്ക്ക് ഞാൻ വായിച്ചതുപോലെ വായനാക്കുറിപ്പ് എഴുതിയത് എനിക്ക് ഓർമയുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു വായിച്ചെന്ന് വിശ്വസിച്ചിരിക്കുമോ അധ്യാപകർ, അറിയില്ല.
ശൂന്യതയിൽ നിന്നും തുടങ്ങി എവിടെയെത്തി ഞാൻ... ഈ എഴുതിയത് എല്ലാം സത്യമാണ്. ഫിക്ഷൻ ഒരു ശതമാനം പോലുമില്ല... ഞാൻ പറഞ്ഞില്ലേ എനിക്ക് എന്തോ എഴുതണമായിരുന്നു. അത് എന്താണെന്ന് അറിയുകയും ഇല്ലായിരുന്നു. വിരളുകൾ ഫോണിലേയ്ക്ക് വച്ചപ്പോൾ എന്താണ് വേണ്ടതെന്ന് അവർ കണ്ടെത്തി.
എഴുതാൻ ഇനിയും ഏറെയുണ്ട്. വയലിൻ ന്റെ കമ്പി പൊട്ടിയതും പഠിക്കാൻ ഉണ്ടായിരുന്ന മറ്റുള്ളവരേയും പറ്റി ഒക്കെ. പക്ഷേ മതി. വിരലുകൾ വേദനിക്കുന്നു. എഴുതുമ്പോൾ മനസിൽ വരുന്ന തൃപ്തി കിട്ടുകയും ചെയ്തു.
Comments
Post a Comment