മെസെഞ്ചർ
ഉറങ്ങാതെ കിടക്കുന്ന വേറേ ആരുണ്ട്...?
സ്റ്റാറ്റസ് ഇട്ട് നിമിഷങ്ങൾക്കും നാലുപേർ റീഡു ചെയ്തു.
ആരും മറുപടി തന്നില്ല.
ഞാൻ സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തപ്പോഴേക്കും പത്തുപേരെങ്കിലും അത് കണ്ടുകഴിഞ്ഞിരുന്നു.
വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു. മെസെഞ്ചറും ഫെയിസ്ബുക്കും നിശബ്ദരായി നോക്കി നിന്നു.
ആരുമില്ല...
ആരും വേണ്ട...
വെറുതേ ടെലഗ്രാം തുറന്ന് സേവ്ഡ് മെസേജസിൽ ഓരോന്ന് കുത്തിക്കുറിക്കാൻ തുടങ്ങി.
"ഹായ്"
മെസെഞ്ചറിന്റെ കുണുങ്ങുന്ന റിങ് ട്യൂണിനൊപ്പം ഒരു നോട്ടിഫിക്കേഷൻ മുകളിൽ നിന്നും താഴേയ്ക്ക് വീണു.
യക്ഷി എന്നാണ് പ്രൊഫെെൽ നെയിം കാണിക്കുന്നത്.
"ഹായ്..." ഞാൻ മറുപടി കൊടുത്തു.
സംസാരിക്കാൻ ആരും ഇല്ലാതെയിരുന്നപ്പോഴാണ് യക്ഷിയുടെ വരവ്.
"മനസിലായോ?"
പരിചയമുള്ള ഏതോ യക്ഷിയാണല്ലോ?!
മെസഞ്ചറിൽ മുൻപ് ചാറ്റ് ചെയ്തതായി ഒന്നും കാണാനില്ല...
"യക്ഷികളുമായി സംസർഗമില്ല... പേരു പറഞ്ഞാൽ മനസിലാകും"
" ഒരു യക്ഷിയുമായും സംസർഗം ഇല്ലേ?"
ഒരുപാട് പേരുകൾ മനസിലൂടെ മാറി മാറിപ്പോയി. യക്ഷികളുടെ അല്ല മനുഷ്യരുടെ . പാതിരാത്രിക്ക് യക്ഷിയായി വരാൻ സാധ്യതയുള്ളവൾ ആര്?
ഒരു പേര് പറഞ്ഞു നോക്കുന്നത് അപകടമാണ്. ഉദ്ദേശിക്കുന്ന ആളല്ല ചാറ്റുന്ന ആൾ എങ്കിൽ നാണംകെടും. മാനഹാനിക്ക് സാധ്യത വളരെയേറെ...
"ഐ വാണ്ട് ലൈഫ് ലൈൻ... വോയിസ് മെസേജ് ഇടൂ "
" ഒരുപാട് യക്ഷികളെ പരിചയപ്പെട്ടോ അതിന്?"
യക്ഷി ചോതിച്ചു. വോയിസ് മെസേജിൽ വേറേ ഒരു ഗുണം കൂടി ഉണ്ട്. യക്ഷി പെണ്ണു തന്നാണോ എന്ന് ഉറപ്പിക്കാം. പറ്റിക്കാനുള്ള പണി ആണെങ്കിലും ചിക്സ് വല്ലതും ആണെങ്കിൽ കുറച്ചുനേരം ചാറ്റാല്ലോ ...
"നീയെന്താ ഒന്നും മിണ്ടാത്തെ...? ഞാൻ പോട്ടേ?"
യക്ഷിപ്പെണ്ണ് പരിഭവത്തിലാണ്
"എനിക്ക് ഒരു യക്ഷിയേയും പരിചയമില്ല..." ഞാൻ കീഴടങ്ങി
"എന്നെ കണ്ട കാര്യം കഥയെഴുതി എല്ലാവരേയും അറിയിച്ചിട്ട് ഇപ്പൊ ഓർമയേ ഇല്ലെന്നോ ?"
"യക്ഷിയല്ലേ... നേരിട്ട് ഇങ്ങുവാ... ഇവിടെ കിടന്ന് സംസാരിക്കാം..."
"നീ ഇപ്പോഴും കരുതുന്നത് ഞാൻ ഏതോ ഫേക്കത്തി ആണെന്നാണോ ?"
"അല്ലേ...?"
"അല്ല..."
"പിന്നെ...?"
"നിനക്ക് ഞാൻ വരം തന്നു. നല്ല കഥകൾ എഴുതാനുള്ള വഴി തുറന്നു തന്നു. എന്നിട്ടും നീയെന്നെ മറന്നു..."
എന്റെ മനസിലേയ്ക്ക് പാലമരവും അന്നത്തെ ആ രാത്രിയും യക്ഷി പറഞ്ഞുതന്ന കഥയും വന്നു.
"അന്നെന്താ നീ എന്നോടൊന്നും മിണ്ടാതെ പോയത്...?"
യക്ഷിക്കുള്ള മറുപടി തന്നെ കൊടുക്കാൻ തീരുമാനിച്ചു. എന്റെ യക്ഷി എന്ന കഥ വായിച്ചിട്ടുള്ള ഏതോ ചങ്കത്തി ആണ്. പുതിയ ഫേക്ക് അകൗണ്ടും ആയി ഉള്ള വരവാണ്...
"അന്ന് നിന്നോട് സംസാരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നിയില്ല.... നിനക്ക് ശേഷിച്ച രാത്രിയിൽ എഴുതാൻ ഒരു കഥ സമ്മാനിച്ചിട്ടല്ലേ ഞാൻ പോയത്...?!"
"ഇപ്പോഴെന്താ പിന്നെ..."
"ഇപ്പൊ നിനക്ക് എന്നെ ആവശ്യമാണെന്ന് തോന്നി... സംസാരിച്ചിരിക്കാൻ... "
"മെസെഞ്ചറിൽ അല്ല, ഇവിടെ, എന്റെ അടുത്ത്... ഇവിടെ വന്നിരുന്ന് സംസാരിക്ക്..."
"നീ തന്നെയാ അതിന് കാരണം..."
"എങ്ങനെ ?"
"പാലമരത്തിന്റെയും എന്റെ കാമുകന്റേയും ഒക്കെ കാര്യങ്ങൾ നീ കഥയെഴുതി ഫെയിസ്ബുക്കിലും വാട്സാപ്പിലും ഒക്കെ ഇട്ടില്ലേ..."
"ബ്ലോഗിൽ... അത് ഷെയർ ചെയ്തതാണ് മറ്റുള്ളവയിൽ"
"ആകട്ടെ... അതൊന്നും നീ എഴുതാൻ പാടില്ലായിരുന്നു..."
"നീയെന്താ... "ഞാൻ ഗന്ധർവൻ" കളിക്കുകയാണോ?"
പാലപ്പൂവേ... പാട്ടാണ് എന്റെ മനസിൽ വന്നത്. യക്ഷിപ്പെണ്ണ് ചാറ്റിങ്ങിൽ അത്ര പോര...
"ഭൂമിയിലെ എന്റെ വാസം അവസാനിച്ചു ... ഞാനിപ്പോൾ മറ്റൊരു ലോകത്തിലാണ്..."
"ഓഹോ ?!"
"ഇനി ഒരിക്കലും എനിക്ക് ഭൂമിയിൽ മടങ്ങിയെത്താനാകില്ല... നിന്നെ നേരിൽ കാണുവാനാകില്ല..."
"പിന്നെ...?"
"നിന്റെ സ്വപ്നങ്ങളിൽ വരാനാകും..."
"എങ്ങനെ പിന്നെ മെസെഞ്ചറിൽ..?"
അവൾ മറുപടി തന്നില്ല...
"എന്തിനാണ് അന്ന് നീ ആത്മഹത്യയ്ക്കൊരുങ്ങിയത്?"
എന്ന ചോദ്യം ടൈപ്പ് ചെയ്ത് തീർന്നപ്പോൾ യക്ഷി ഓഫ്ലൈൻ ആയി. ഇനിവരുമ്പോൾ കാണട്ടേ എന്നുകരുതി അത് അയച്ചു... എപ്പോഴോ ഫോണിന് മുകളിലേയ്ക്ക് വീണ് ഉറങ്ങി...
ഉണർന്നപ്പോൾ ഫോൺ കട്ടിലിന്റെ അടിയിൽ. സ്വിച്ച്ഡ് ഓഫ് ആണ്. ചാർജ് തീർന്നു.
ചാർജ് കുത്തി സ്വിച്ച് ഓൺ ആക്കി.
അവസാന സന്ദേശം യക്ഷി കണ്ടിരിക്കുമോ?! നെറ്റ് ഓൺ ആക്കി മെസെഞ്ചിൽ നോക്കി.
അതിൽ യക്ഷി എന്നൊരു ചാറ്റ് ഹെഡ് കാണാനില്ല...
അപ്പോൾ ഞാൻ ചാറ്റ് ചെയ്തത്..?!
ഹരികൃഷ്ണൻ
Comments
Post a Comment