ഇന്ദു

പൂർണേന്ദു കിഴക്കേ മാനത്ത് മെല്ലെ മുഖം കാണിച്ചു.
ഉള്ളിൽ നിറയെ കണ്ണീരുമായി കാറ്റിനാെത്ത് വടക്കോട്ട് പറക്കുന്ന കരിമുകിൽക്കൂട്ടങ്ങൾ താഴെ. 
മേഘങ്ങളൊഴിഞ്ഞ പരപ്പിൽ മഴയെ സ്വാഗതം ചെയ്യുന്ന കുഞ്ഞിക്കിളികൾ ചിറകനക്കാതെ വട്ടംചുറ്റുന്നു. 
കിഴക്കൻ ചക്രവാളത്തിലേയ്ക്ക് ജ്വലിക്കുന്ന അരുണരഥമേറി അർക്കൻ മറഞ്ഞു കഴിഞ്ഞു...

ഇന്ദു നിറം വച്ചു. യാത്ര തുടങ്ങിയപ്പോൾകുളിച്ച് ശാന്തയായി നിർമലയായി പ്രസന്നവതിയായിരുന്നവൾ യാത്രയിലെ പൊടിയും കാണാമറയത്തിരുന്ന് അർക്കനെയ്യുന്ന മലരമ്പുകൊണ്ടുള്ള ചൂടും സഹിക്കവയ്യാതെ ചുട്ടുപഴുത്തു. ഇടയ്ക്കിടെ കരിമുകിൽ അവളുടെ ഭൂമിക്കാഴ്ച്ച മറച്ചു.

Click- Hari

ആൾത്തിരക്കും ആരവവും നിറഞ്ഞ രാത്രികമ്പോളങ്ങൾ ആളൊഴിഞ്ഞു കിടക്കുന്നു...

മാനത്ത് വാൽനക്ഷത്രങ്ങൾ പായുന്ന പോലെ ഭൂമിയിലെ നിരത്തുകളിലൂടെ മുന്നിൽ തെളിയിച്ച വെളിച്ചവുമായി പായുന്ന വാഹനങ്ങളുടെ നീണ്ട നിരകൾ കാണുവാനില്ല...!

എത്ര സഹസ്രാബ്ദങ്ങളായി അവൾ കാണുന്നതാണ് മനുഷ്യന്റെ ഉയർച്ചയുടേയും പ്രതാപത്തിന്റേയും കാഴ്ചബംഗ്ലാവായ ഭൂമിയെ...! ഓരോ രാത്രിയും ശബ്ദവും പ്രകാശവും കൂടിവരുന്നത് കണ്ട് കണ്ണു ചിമ്മിപ്പോയിട്ടുണ്ട്...

ഇതെന്താ ഇപ്പോ ഇങ്ങനെ?!

മനുഷ്യരാശിക്ക് വിപത്ത് വല്ലതും?!

കാട്ടരുവിയിൽ തുമ്പിതാഴ്ത്തി നിൽക്കുന്ന ഒരു പിടിയെ കണ്ടു... അവളുടെ കണ്ണുകളിൽ പൗർണമി തിളങ്ങി...

നിലാവിൽ, പെണ്ണിന്റെ അരയിലെ അരഞ്ഞാണം പോലെ നീണ്ടുകിടക്കുന്ന തീവണ്ടിപ്പാത കണ്ടു... 

അതിൽ ഒരു കുടുംബം, തെല്ലു മാറി മറ്റൊരു കുടുംബം, അകലെ വേറൊന്ന്... ഇവരെന്താണ് തീവണ്ടിപ്പാളത്തിൽ കിടന്നുറങ്ങുകയാണോ...! ഉദിച്ചുയർന്ന നേരത്ത് അവരെല്ലാം ആ ഇരുമ്പുപാതയുടെ ഓരം പറ്റി നടക്കുന്നുണ്ടായിരുന്നത് ഇന്ദു ഓർത്തെടുത്തു...
പെട്ടന്ന് ചൂളംവിളിക്കാതെ, തണുത്ത, കാതടപ്പിക്കുന്ന ഒരു വെളിച്ചം ഇരുമ്പ് പാതയെ വിറവിറപ്പിച്ച് പറന്നു...

എവിടേ...? എവിടേ എന്റെ കുഞ്ഞുങ്ങൾ...!! 

ഇന്ദുവിന്റെ കാഴ്ചയെ ഒരു മേഘം മറച്ചിരുന്നു...

നോക്കാൻ മറ്റൊരാകാശവും കാണാൻ മറ്റൊരു ഭൂമിയും ഇല്ലാത്തതുകൊണ്ട് ഇന്ദു മുന്നിലെ നീലഗ്രഹത്തിലേയ്ക്കുതന്നെ കണ്ണുനട്ടു...

കാറ്റുകൾ പതിവില്ലാത്ത സിന്ധുസമുദ്രത്തിൽ മർദ്ദ വ്യതിയാനങ്ങൾ രൂപപ്പെടുന്നതും അത് കൊടുങ്കാറ്റുകളെ പ്രസവിക്കാനൊരുങ്ങുന്നതും ഇന്ദു ശ്രദ്ധിച്ചു. 

ദൂരെ ഒരു കോണിൽ അധികാരത്തിന്റെ തുടകൾ കഴുത്തിൽ അമർത്തപ്പെട്ട  ഒരുവന്റെ താെണ്ടയിൽ നിന്നും ഞെരുങ്ങി ഇറങ്ങിവരുന്ന ശബ്ദം... 
അതൊരു ഗീതമായി ഭൂമിയിലാകെ മാറ്റൊലികൊള്ളുന്നു...

കരിമുകിലിന്റെ മുഖപടം വകഞ്ഞുമാറ്റി ഇന്ദു ഭൂമിയെ കണ്ടു.
Click- Bharath Jyoti

തെരുവിൽ ഉറങ്ങുന്നമനുഷ്യർ




തലതാഴ്ത്താനറിയാത്ത പർവതങ്ങൾ

വിശ്രമിക്കാതെ കുരയ്ക്കുന്ന നായകൾ

യുഗങ്ങളായി ഇന്ദുവിനോട് പ്രണയാഭ്യർത്ഥന നടത്തുന്ന സമുദ്രം...

ഇന്ദു പൂർണമുഖിയാകുന്ന ദിനങ്ങളിൽ ഭൂമിയുടെ ചങ്ങലപൊട്ടിച്ച് അവളിലേയ്ക്ക് പാഞ്ഞടുക്കാൻ ശ്രമിക്കുന്നവനാണ് ആ സമുദ്രം. 

അർക്കന്റെ മണവാട്ടിയായി, ഭൂമിക്ക് മുഖംകൊടുക്കാതെ ഇന്ദു ഒളിച്ചിരിക്കുന്ന ദിനങ്ങളിൽ വിരഹം സഹിക്കവയ്യാതെ അവൻ അലറിവിളിക്കും...


വേലികൾ... വേലികൾ... 
ആ വേലികൾക്കിപ്പുറത്തേക്ക് നീ വരുമ്പോൾ നിന്റെ ജലാധരങ്ങളിൽ ചുണ്ടുകോർത്ത് നിന്നെ കുടിച്ചുവറ്റിക്കുവാൻപോന്ന ദാഹമുണ്ടെനിക്ക്... ഇന്ദു നിശ്വസിച്ചു... 


താഴെ ഒരു പെൺകുട്ടി നിൽക്കുന്നു...

മിഴികളിൽ അഞ്ജനമെഴുതിയവൾ...

കാൽത്തളകളിട്ട് തത്തിനടക്കുന്നകാലം മുതൽ പൂർണമുഖിയാകുന്ന നാളുകളിൽ  ഇന്ദുവിനെ നാേക്കിയിരിക്കാറുണ്ട് അവൾ.

അവളുടെ കാലുകളിൽ തളകൾക്കുപകരം കിലുകിലുങ്ങുന്ന പാദസരം ചിനുങ്ങിയപ്പോൾ ചന്ദ്രിക അതിന്റെ വെള്ളി മുത്തുകളിൽ വികൃതികാട്ടി പൊട്ടിച്ചിരിച്ചു.

പിന്നെ, ഉള്ളിലൊരു ചന്ദ്രപഞ്ചാംഗം പേറാൻതുടങ്ങിയ നാൾ മുതൽ തന്റെ കൗമാരരഹസ്യങ്ങൾ ഇന്ദുവിനോടവൾ പങ്കുവച്ചു...

ഓരോ പൗർണമിയിലും അവൾ കഥകൾ പറയും,
സ്വപ്നങ്ങൾ പറയും,
വിഷമങ്ങൾ പറയും,
രഹസ്യങ്ങൾ പറയും...
ഒടുവിൽ ഒരു ആഗ്രഹവും പറയും...

ഇന്ദു എല്ലാം കേൾക്കും.
അവളെ ചന്ദ്രികയുടെ പുതപ്പു കൊണ്ട് മൂടും.
ആ രാത്രികളിൽ അവൾ നിലാവിന്റെ പള്ളയിൽ മുഖംചേർത്ത് സ്വപ്നം കണ്ട്  ഉറങ്ങുന്നതോർത്ത് ഇന്ദു ചിരിക്കും...


ചന്ദ്രിക അവളുടെ മാറിൽ മുഖംചേർത്ത് കണ്ണുകളടച്ചു...

നിലാവിൽക്കുളിച്ച് വാക്കുകൾ നഷ്ടപ്പെട്ട് നിൽക്കുന്ന തരുണി.

ഇന്ദു അവളുടെ മുഖത്തേയ്ക്കു നോക്കി...

"എന്ത് കഥയാണ്, ഇന്നെനിക്കായ് നീ വാക്കുകൾ കാേർത്തൊരുക്കുന്നത്...?"


-ഹരികൃഷ്ണൻ ജി.ജി

#@#@#@#@#@#@#@#@#@#@#@#@#@#@#

അർക്കൻ : സൂര്യൻ
ഇന്ദു : ചന്ദ്രൻ
അരുണൻ : സൂര്യന്റെ തേരാളി
വേലി : പൗർണമിയിൽ സമുദ്രം കൂടുതൽ കരയിലേയ്ക്ക് കയറുന്ന / ഉൾവലിയുന്ന പ്രതിഭാസം(Tide), അതിർത്തികൾ വേർതിരിക്കാൻ ഉപയാേഗിക്കുന്നത് ( Fence)
തരുണി : സ്ത്രീ/പെൺകുട്ടി
സിന്ധുസമുദ്രം : സിന്ധൂനദി പതിക്കുന്ന കടൽ  എന്ന അർത്ഥത്തിൽ അറബിക്കടൽ
പിടി : പിടിയാന
തുമ്പി: തുമ്പികൈ  

Click - Bharath Jyoti

Comments

  1. മനുഷ്യന്റെ ഇന്നത്തെ ചെയ്തികൾ കണ്ടു, മേഘങ്ങൾക്കിടയിൽ നിന്നും പുറത്തു വരാതെ ഇന്ദുവിന്റെ കണ്ണുകൾ മൂടികെട്ടിയിരുന്നു........


    " ഹരി, കൊള്ളാം, മനോഹരം...

    ReplyDelete
  2. പഴയ രീതിയിൽ എഴുതിയ പുതുമയുള്ള ഒരു കഥ...
    ഇഷ്ടപ്പെട്ടു 💕

    ReplyDelete
  3. ഒരുപാട് ഇഷ്ടപ്പെട്ടു.👌👌👌👌👌👌👌👌

    ReplyDelete

Post a Comment

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി