യക്ഷി

അവിശ്വാസിയാണെങ്കിലും കാളി കൂളി യക്ഷി യക്ഷ കിന്നര ഗന്ധർവ അപ്സരകന്യകമാരുൾപ്പെടെയുള്ളോരേയും അറബിക്കഥയിലെ ജിന്നുകളേയും അലാവുദീന്റെ അത്ഭുതവിളക്കിലെ ഭൂതത്തിനേയും കുരുക്ഷേത്രയുദ്ധത്തിനുശേഷം യാഗം നടത്തിയ യുധിഷ്ടിരന്റെ യാഗശാലയിലെത്തിയ പകുതി സ്വർണമായ കീരിയേയും എനിക്ക് വിശ്വാസമാണ്. പണ്ട് കാളിദാസനോട് അകത്താര് പുറത്താര് നാടകം കളിച്ച കാളിയമ്മയെ ആണ് കൂട്ടത്തിൽ ഏറ്റവും ഇഷ്ടം. നിസാരക്കാരിയല്ല, വെറുമൊരു മരംവെട്ടുകാരനായിരുന്ന നിരക്ഷരന് വരംനൽകി രഘുവംശവും മേഘസന്ദേശവും എഴുതിച്ചവളാണ്. കതകിനപ്പുറമുള്ളതാരെന്ന് ജ്ഞാനദൃഷ്ടികൊണ്ട് നോക്കിക്കാണാവുന്നതേഉണ്ടായിരുന്നുള്ളെങ്കിലും കതകടച്ചിരിക്കുന്നയാളുടെ സ്വകാര്യതയെ മാനിച്ച് അതിനു മുതിരാതെ ഉറക്കെ വിളിച്ച് ചോതിച്ചവളാണ്.

    പറഞ്ഞു വന്നത് അതു തന്നെ. ഒരൽപ്പം സ്വകാര്യതയ്ക്കു വേണ്ടി പണ്ടീ കാളിയമ്മ നമ്മുടെയൊരു മുതുമുത്തച്ഛന് അഭീഷ്ടകാര്യസിദ്ധി നൽകിയിട്ടുള്ളതാണ്. വേണ്ടെന്നൊക്കെ മുത്തശ്ശൻ വാശി പിടിച്ചു, എവിടെക്കേൾക്കാൻ കാളിയമ്മ. ഒടുവിൽ സഹികെട്ട് മുത്തശ്ശനൊരു വരം ചോതിച്ചെന്നും അതു കേട്ട് കാളിയമ്മ അത്ഭുത പരതന്ത്ര ആയെന്നുമൊക്കെ കേൾക്കുന്നുണ്ട്.

   പറയാൻ വന്ന കഥ അതൊന്നുമല്ല. ഇതൊക്കെ വെറും ആമുഖം. കഥയിലേക്ക് നേരിട്ട് കടന്നാൽ നിങ്ങൾ ഞെട്ടും. വിശ്വസിക്കില്ലെന്ന്  ഉറപ്പ്. എങ്കിലും 'അല്ലെങ്കിലും ഞാൻ സത്യം മാത്രമേ പറയാറുള്ളൂ' എന്ന് കോടതി സമക്ഷം പറഞ്ഞ ബിന്ദുചേച്ചിയെ ധ്യാനിച്ചു കൊണ്ട് തുടങ്ങാം...

   സമയം ഒരു പന്ത്രണ്ടര കഴിയും. ഞാൻ വെറുതേ വെളിയിൽ വീട്ടിനു മുകളിലേക്കുള്ള പടിയിലിരുന്ന് ഫോണിൽ കളിക്കുകയായിരുന്നു. പന്ത്രണ്ടരയെന്നാൽ രാത്രി പന്ത്രണ്ടര. പോരാത്തതിന് കറണ്ടുമില്ല. ചാർജ് തീർന്ന് ഫോണൊന്ന് സ്വിച്ച് ഓഫ് ആയാൽ സമാധാനമായി ഉറങ്ങാമെന്ന് കരുതിയുള്ള ഇരിപ്പാ. ഒടുവിൽ ഒരു വിധം ചാർജ്ജ് തീർത്തു.

    പിന്നെയും കുറച്ച് സമയം കഴിഞ്ഞു. എന്റെ പിന്നിൽ ആരോ ഇരിക്കുന്ന പോലെ, ഞാൻ തിരിഞ്ഞു നോക്കി.  ഒരു സാരി ഉലയുന്നപോലെ. നോക്കിയപ്പോൾ ആരുമില്ല. ഗ്രോബാഗിൽ നട്ടിരിക്കുന്ന ഒരു ചേനയുണ്ട് പിന്നിൽ. കാറ്റത്ത് ഇല അലഞ്ഞതാവാം. തിരിഞ്ഞ് നോക്കിയപ്പോൾ കിണറ്റിൻകരയിൽ നിന്നാരോ നടന്നു നീങ്ങുംപോലെ. എടങ്ങേറായല്ലോന്ന് പറഞ്ഞ് കയലിക്ക് പിന്നിലെ പൊടിയും തട്ടി കിണറ്റിനടുത്തെത്തി. ആരുമില്ല. വീണ്ടും ശബ്ദം സ്റ്റെയറിൽ നിന്നായി. കോണിപ്പടി കയറുന്ന ശബ്ദമാണ്. അവിശ്വാസിയുടെ മനസ്സിനും ചാഞ്ചാട്ടമോ! ഞാൻ സ്വയം ഒരു റൗണ്ട് ആത്മവിശ്വാസം പകർന്നു.

    പുള്ളിക്കാരിയും അൽപം പരിഭ്രമത്തിലായതിനാലും ആരോടെങ്കിലും കുറച്ച് സംസാരിച്ചാൽ കൊള്ളാം എന്ന മനസോടെ നടക്കുകയായിരുന്നതിനാലും പെട്ടന്ന് ദർശനം തന്നു. ആദ്യം പഴയ ക്ലീഷേ വെള്ള സാരി ഉടുത്തു കൊണ്ട് സ്റ്റെയർകേസിൽ ഇരുപ്പായിരുന്നു. സംഗതി ഗ്രോബാഗിലും ചേനയിലും കൂടി നിലാവടിക്കുന്നതാണെന്ന് കരുതി ഞാൻ അടുത്തേക്ക് ചെന്നു. അപ്പോൾ പെട്ടെന്ന് അവിടന്നും മാഞ്ഞു. ആകാശത്തിലേക്ക് നോക്കിയപ്പോൾ അമ്പിളിയമ്മാവനെ കറുകറുത്തൊരു മേഘപ്പെണ്ണ് മറച്ചിരിക്കുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ കിണറിന് പിന്നിൽ ചെടികൾക്കിടയിൽ. പാരിജാതം പൂത്ത ഗന്ധം പരന്നു അവിടെങ്ങും. ഇതുവരെ മൊട്ടുകൾമാത്രം പേറി നിന്ന പാരിജാതച്ചെടി തല നിറയെ പൂചൂടി നിൽക്കുന്നു. ഒരൽപം കൂടി സൂക്ഷിച്ചിരുന്നെങ്കിൽ പൂവിടരുന്നത് കാണാനാകുമായിരുന്നു എന്നോർത്തപ്പോൾ എനിക്ക് ദു:ഖം തോന്നി. അപ്പോൾ എവിടെനിന്നോ ഒരു ചിരി. പേടിപ്പിക്കുന്ന ചിരിയല്ല, പ്രണയിപ്പിക്കുന്ന ചിരി.

    കിണറ്റിന്റെ ആളോടിയിൽ കിണറിലേയ്ക്ക് കാലിറക്കി വച്ചിരിക്കുന്നു ഒരു സുന്ദരി.  

"ആരാ?" ഞാൻ ചോതിച്ചു.   ആത്മഹത്യാശ്രമം വല്ലതുമാണോ... ചെറുതായി ഭയം തോന്നി.

"ഒന്നിവിടന്ന് പോകാമോ?" സുന്ദരി

"ഇല്ല" ഞാൻ ഉറപ്പുപറഞ്ഞു. എന്റെ വീട് എന്റെ കിണറ് ഞാൻ ദൃക്സാക്ഷി. ചാടിച്ചാവാൻ നിനക്ക് വേറൊരിടവും കിട്ടീലേ കൊച്ചേ...

"ആരാ...?" ചോദ്യം എന്റെ വക

"പേടിയാകുന്നില്ലേ?"

"ഇല്ല. ആരാന്ന് പറയാമോ? ഞാൻ അടുത്തേക്ക് വന്നോട്ടേ? ചാടരുത് കിണറിൽ...."
അവൾ അതു കേട്ട് ചിരിച്ചു.

" നീ പോയാൽ എനിക്കൊന്ന് കുളിക്കാമായിരുന്നു..." അവൾ സൗമ്യമായി പറഞ്ഞു.

ഞാൻ പതിയെ കിണറിനടുത്തേക്ക് നടന്നു. പിന്നിൽ നിന്നുള്ള കാഴ്ച അതിഗംഭീരമാണ്.  സ്ഥൂലനിതംബിനി, അതിശയിപ്പിക്കുന്ന ജഘനം. മണിച്ചിത്രത്താഴിൽ ലാലേട്ടൻ പറയും പോലെ, 'എന്തൊര് സ്ട്രക്ചറിത്...' ഒന്ന് തിരിഞ്ഞിരുന്നെങ്കിലെന്ന് കൊതിച്ചു.

"ഞാൻ കയ്യിൽ പിടിച്ച് താഴെയിറക്കട്ടേ...?"
"ഞാൻ ആരാണെന്ന് മനസിലായോ നിനക്ക്...?"
ചിരിച്ചുകൊണ്ടവൾ തിരിച്ചു ചോതിച്ചു.

"യക്ഷിയാവും..." ദേഷ്യം വന്ന് കൊടുത്ത മറുപടിയാണ്...

"എന്നിട്ടും നിനക്ക് പേടിയില്ലേ?"

"ഇല്ല. ഈ കിണറ്റിൽ ചാടരുത്. വേറേ എവിടെയെങ്കിലും പൊയ്ക്കോ..."

"ശരി. പഴയ കഥകളൊക്കെ കേട്ടിട്ടുണ്ടല്ലോ..? വെറുതേ അങ്ങ് പോകാനൊക്കില്ല. നീപേടിക്കാത്ത സ്ഥിതിക്ക് വരം തരാൻ ഞാൻ തയ്യാറാണ്"

അവൾ കിണറിന്റെ തൂണിൽ പിടിച്ചുകൊണ്ട് കിണറിലേയ്ക്കിട്ടിരുന്ന കാൽ മുകളിലേയ്ക്കെടുത്തു. പിന്നെ തൂണിൽ ചാരി അങ്ങനെയിരുന്നു. അലസം കാറ്റിൽ സാരിതത്തിക്കളിച്ചു. കണ്ണുകളെ മുഖത്തേയ്ക്ക് പിടിച്ചു നിർത്താൻ ഞാൻ പെടാപ്പാട്പെട്ടു. അവൾ എന്നെ നോക്കി ചിരിച്ചു.

"യക്ഷി" 
ജീവൻ നഷ്ടപ്പെട്ട പോലെയായി.

"ഇനി പേടിക്കേണ്ട. ഇത്രയും നേരം കാണിച്ച ധൈര്യമൊക്കെപ്പോയോ?... നിന്നെഭയപ്പെടുത്തണമെന്നില്ലായിരുന്നു... പിന്നെയൊരു പരീക്ഷണം മാത്രം"

"ആരാ...?" ഞാൻ വീണ്ടും ചോതിച്ചു.

"ഇവിടെ പണ്ടൊരു പാലമരം ഉണ്ടായിരുന്നതോർമയുണ്ടോ?"

"ഉണ്ട്" സത്യമാണ് ഉണ്ടായിരുന്നു. കുരുമുളക് വള്ളികൾ പടർത്തിയിരുന്നത്. ഞാൻ അത്ഭുതപ്പെട്ടു.

"പണ്ടൊക്കെ ഞാൻ ഇടയ്ക്കിടെ അതിൽവന്നിരിക്കുമായിരുന്നു. ചിലപ്പോൾ എന്റെ കൂട്ടുകാരനും കാണും. നീയന്ന് കുഞ്ഞായിരുന്നു. വീണു കിടക്കുന്ന പാലപ്പൂവെടുത്ത് തെച്ചിപ്പൂപോലെ പിന്നിൽ നിന്ന് തേൻ വലിച്ചു കുടിക്കാൻ ശ്രമിക്കുന്ന നിന്നെ നോക്കി ഞങ്ങൾ ഒരു പാട് ചിരിച്ചിട്ടുണ്ട്. നിന്റെ മേലേ ആയിരം പാലപ്പൂക്കൾ എറിഞ്ഞു കളിച്ചിട്ടുണ്ട്"

എല്ലാം സത്യമാണ്. കാറ്റിൽ ചുറ്റിലും പാലപ്പൂക്കൾ പാറി വീഴുന്നതു പോലെ തോന്നി എനിക്ക്.

"ഇപ്പോൾ ഇല്ല ആ പാല"

"ഇപ്പോൾ ഇല്ല.... എന്റെ ആ കൂട്ടുകാരനും..."

യക്ഷി ഒരു നെടുവീർപ്പിട്ടു.

"ഞാൻ ഇടയ്ക്കിടെ ഇവിടെ വരും. പഴയ ഓർമകളൊക്കെ എന്നെത്തേടി വരുമ്പോൾ. അന്ന് ഞങ്ങളൊന്നിച്ച് ഉത്സവമാക്കിയ ഈ കിണറിലെ വെള്ളത്തിൽ കുറേനേരം മുങ്ങിക്കിടക്കും. പാലമരം നിന്ന സ്ഥലത്തേക്ക്‌ നോക്കി..."

തന്നോടുതന്നെയെന്നോണം യക്ഷിപറഞ്ഞു. ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.

"നിനക്കറിയുമോ, ഓരോ പാലമരത്തിന്റെയും ആയുസേ ഞങ്ങളുടെ പ്രണയങ്ങൾക്കുമുള്ളൂ. മരം ആരെങ്കിലും വെട്ടിമാറ്റിയാൽ, ഒരു കാറ്റിൽ മറിഞ്ഞുവീണാൽ പിന്നെ ഞങ്ങൾക്ക് പരസ്പരം കാണാനാവില്ല. ഏറെ നാളുകൾക്കു ശേഷം പ്രിയനെക്കാണാൻ കൊതിച്ചെത്തുമ്പോൾ ഒരടയാളം പോലും ബാക്കിവയ്ക്കാത്ത ശൂന്യതയായിരിക്കും കാണുക."

യക്ഷി തുടർന്നു.

"പറ. പേടിക്കാത്ത സ്ഥിതിക്ക് നിന്നോട് എത്ര വേണമെങ്കിലും സംസാരിക്കാനും എന്തു വരം വേണമെങ്കിലും തരാനും എനിക്കു കഴിയും. എന്നെ ഒഴിച്ച് "

എന്നെ നോക്കി കള്ളച്ചിരി ചിരിച്ച് യക്ഷി പറഞ്ഞു.
സത്യമായും ഈ വിരഹ കഥകളൊക്കെ കേട്ടതിന്റെ ദുഃഖത്തിൽ യക്ഷിയുടെ മുഖത്തേക്ക് മാത്രമാണ് നോക്കിയതെന്ന്‌ ഞാൻ ആണയിടാം...

"എന്നിക്ക് വരമൊന്നും വേണ്ട. ഇങ്ങനെ ഇരുന്ന് സംസാരിച്ചാൽ മതി."

"അങ്ങനെ പറയരുത്. വരം തരാത്തപക്ഷം ഇവിടെ നിന്നെനിക്ക് പൂർണ സ്വതന്ത്രയാവാനാകില്ല. നേരം വെളുക്കും വരെ സംസാരിക്കാം എന്ന് വാക്കുതരുന്നു ഞാൻ."

ഞാൻ ചിന്തിച്ചു യക്ഷി എന്നെ നോക്കിയിരുന്നു.

"ഇടതുകാലിലെ മന്ത് വലതുകാലിലേയ്ക്ക് മാറ്റാൻ വരം വാങ്ങിയയാളുടെ പിൻമുറക്കാരനാണോ?"

ഇത്തവണ ഞാൻ ചിരിച്ചു. "കേരളീയർ പറയിപെറ്റ പന്തിരുകുലത്തിന്റെ പിൻഗാമികളാണെന്നാണല്ലോ ഐദിഹ്യം"

"അതാണല്ലോ സത്യം" യക്ഷി ശരിവച്ചു.

"ശരി, എനിക്കൊരു വരം വേണം."

" പറഞ്ഞോളൂ "

" എനിക്കും ഒരു പ്രണയമുണ്ട്. പണ്ടൊക്കെ അവളെന്നോടും വല്ലതും മിണ്ടിപ്പറഞ്ഞ് അടുപ്പം കാണിക്കുമായിരുന്നു. പക്ഷേ ഇപ്പോൾ തമ്മിൽ വലിയ പിണക്കത്തിലാ. മറ്റു പല തിരക്കുകളും കാരണം അവൾക്കുവേണ്ടിമാത്രം സമയം ചിലവഴിച്ച് പ്രണയവഴിയിലെത്തിക്കുവാനും കഴിയുന്നില്ല... സഹായിക്കണം"

"ഇത് ഞാൻ ഏറ്റു... അവളുടെ പേരു പറ"

"കഥ..."

"എന്ത്...?"

"കഥ. കേട്ടിട്ടില്ലേ? എനിക്ക് ആദ്യമായി പ്രണയം തോന്നിയവളാണ്."

യക്ഷി ചിരിച്ചുകൊണ്ട് എന്നെ കേട്ടിരുന്നു.

"വേറേ ഒരു സഹായവും വേണ്ട. കഥ എന്റെ സ്വന്തമാകുമെന്ന് എനിക്കറിയാം. വലതുകാലിലെ മന്ത് ഇടതുകാലിലേക്ക് മാറ്റിയതു പോലെ ചെറിയൊരു മാറ്റം ചെയ്തു തന്നാൽമതി"

"എന്തു മാറ്റം?"

" ദേ ഇതു കണ്ടോ?"
ഞാൻ ഫോൺ ഉയർത്തിക്കാട്ടി ചോതിച്ചു

"ഉം"

" കുറേ വർഷമായി ഇതെന്റെ ലഹരിയാണ്. ഇതിന് അടിമപ്പെട്ടതിന് ശേഷമാണ് അവളെന്നിൽ നിന്ന് അകലാൻ തുടങ്ങിയത്. ഇതു പയോഗിക്കുമ്പോൾ തോന്നുന്ന ലഹരിയും ആനന്ദവും പുസ്തകങ്ങളിലേയ്ക്ക് മാറ്റിത്തരണം. പുസ്തകങ്ങളിലേയ്ക്ക് മാത്രമായി..."

"സ്വാർത്ഥതയില്ലാത്ത ഒരു ആവശ്യമല്ലിത്. "

"അല്ല. തികച്ചും സ്വാർത്ഥം. നാറാണത്തു ഭ്രാന്തനെപ്പോലെ നിസ്വാർത്ഥനാകാൻ എനിക്ക് കഴിഞ്ഞേക്കില്ല..."

"സമ്മതിച്ചു... ഇനിമുതൽ അങ്ങനെ ആയിരിക്കും"

ഞാൻ സന്തോഷംകൊണ്ട്‌ മതിമറന്നു. ഏറെ നാളത്തെ ആഗ്രഹമാണ്...

"നേരം പുലരാറായി. ഞാൻ പോകുന്നു"

" ഇനിയും സംസാരിക്കാനേറെ സമയമുണ്ട്"

" വരം വാങ്ങിയതുകൊണ്ട് മാത്രമായോ. അകത്തേക്ക്പോ, ഈ കഥയൊന്ന് എഴുതിനോക്ക്"

യക്ഷി മുറ്റത്തേയ്ക്ക് കാലൂന്നി വീടിന്റെ മുൻവശത്തേയ്ക്ക് നടന്നു. പിന്നെ ഇരുട്ടിലേയ്ക്കു മറഞ്ഞു.

ഹരികൃഷ്ണൻ ജി.ജി.

Comments

Post a Comment

Popular posts from this blog

സ്റ്റാറ്റസിലെഴുതിത്തുടങ്ങിയ ചില വായനവിചാരങ്ങൾ.

പ്രണയം

വിന്നി