അങ്ങനെ ഞാൻ നടക്കാനിറങ്ങി
അങ്ങനെ ഞാൻ നടക്കാനിറങ്ങി. അത് കാലുകളില്ലാത്തവരുടെ ദ്വീപായിരുന്നു. കപ്പൽ തകർന്നോ നാടുകടത്തപ്പെട്ടോ എത്തിയതായിരുന്നില്ല ഞാനവിടെ, ഞാൻ ജനിച്ചത് അവിടെയായിരുന്നു.
എന്നിട്ടും ഞാൻ നടക്കാനിറങ്ങി.
സന്ധ്യക്ക് മഞ്ഞത്തെച്ചിപ്പൂക്കളെയാകെ സ്വർണ്ണപ്പൂങ്കുലകളാക്കും സൂര്യൻ. അവയ്ക്കിടയിലൂടെ വേണം നടക്കാൻ. നടന്നു നടന്നെത്തുന്നത് പൂക്കളില്ലാത്ത ഒരു താമരപ്പൊയ്കയിലാണ്. അതിലെ താമരപ്പൂക്കൾ പൗർണമിരാത്രിയുടെ രണ്ടാം യാമങ്ങളിൽ ആരോരുമറിയാതെ വിടരുന്നതും നിമിഷനേരത്തേക്ക് നിലാവിന്റെ സുഗന്ധമാകെ വലിച്ചെടുത്ത് പൊയ്കയിലെ ജലത്തിലേക്ക് ചാലിക്കുന്നതും കഴിഞ്ഞ ആറുനൂറ്റാണ്ടിലേറെയായി ഇവിടെ ആർക്കും അറിയില്ല. താമരകളൊരിക്കലും പൂക്കാറില്ലെന്നാണ് അവരുടെ ധാരണ. ഞാൻ നടന്നു നടന്ന് ആ താമരപ്പൊയ്കയ്ക്ക് അടുത്തെത്തിക്കഴിഞ്ഞു.
ആറു നൂറ്റാണ്ടു മുൻപും ഞാൻ നടക്കാനിറങ്ങിയതാണ്. അന്നെനിക്ക് ശരീരവും ഉണ്ടായിരുന്നു. ഇവിടെത്തന്നെ ജനിച്ചതിനാൽ എനിക്കും കാലുകളില്ലായിരുന്നു. എങ്കിലും ആറു നൂറ്റാണ്ടുകൾക്കുമുൻപൊരുരാത്രി ഞാൻ നടക്കാനിറങ്ങി.
പൗർണമി ചന്ദ്രൻ തെളിഞ്ഞും മേഘങ്ങൾക്കിടയിൽ തലയൊളിപ്പിച്ചും വീണ്ടും തെളിഞ്ഞും മുഖം നിറഞ്ഞ് ചിരിച്ചും പിന്നെയൊന്ന് പിണങ്ങിക്കറുപ്പിച്ചും ഒരു കൊച്ചു കുട്ടിയെപ്പോലെ തലയ്ക്കു മുകളിൽ നടന്നു.
ഇഷ്ടമാണെന്നവളോടു ഞാൻ ആദ്യമായിപ്പറഞ്ഞതന്നായിരുന്നു. ആദ്യം മുഖം കറുപ്പിച്ചു, വാക്കുകൾക്കതീതമായ ഏതേതൊക്കെയോ ഭാവങ്ങൾ മിന്നിമറഞ്ഞു. പിന്നെ എന്റെ മുഖം കറുപ്പിക്കുന്ന വാക്കുകൾ ചൊല്ലി. അന്നു ഞാൻ നടക്കാനിറങ്ങിയപ്പോൾ പൗർണമി എനിക്കായ് നൃത്തംചവിട്ടി, പാൽമഴ പെയ്യിച്ചു, ഉക്കെയുറക്കെക്കരഞ്ഞു. കാലുകളില്ലാത്തവരുടെ നാട്ടിൽപ്പിറന്നിട്ടും അന്നുരാത്രി ഞാൻ നടക്കാനിറങ്ങി.
രാത്രി കാൽച്ചിലമ്പു കിലുക്കാതെ ഒഴുകിക്കൊണ്ടേയിരുന്നു. ഇതേ താമരപ്പൊയ്കയ്ക്കുചാരെ, പാൽനിലാവ് ഭ്രാന്തുപിടിപ്പിച്ച കാമുകിയെപ്പോലെ മലർന്നു കിടർന്ന് ചിരിച്ച ഇതേ താമരപ്പൊയ്കയ്ക്കു ചാരെ, ഞാനിരുന്നു. കാറ്റും നിലാവും നിശബ്ദതയും എനിക്ക് കാവലിരുന്നു. ഇടയ്ക്കെപ്പൊഴോ അവർക്കൊന്ന് കണ്ണുതെറ്റിയപ്പോഴാകണം, ഞാൻ കണ്ടു, ഉടലാകെ രോമാഞ്ചംപൂണ്ടതുപോലെ പൊയ്കയിൽ നിന്നും താമരമൊട്ടുകൾ മുകളിലേയ്ക്കുയരുന്നു. നിമിഷനേരം കൊണ്ടവയെല്ലാം വിടർന്നുല്ലസിക്കുന്നു. ഇതുവരെ കേൾക്കാത്ത ഹുങ്കാരത്തിൽ വണ്ടുകൾ ഉന്മത്തരായി പറന്നടുക്കുന്നു. ഞാൻ കണ്ടു, പാൽ നിലാവിനെ വലിച്ചുകുടിച്ച് പൂക്കൾ നിറംവൈക്കുന്നു. നിലാവ് ഊർജ്ജം വാർന്നു പൊയ്കയുടെ മാറിലേയ്ക്ക് തളർന്നുവീഴുന്നു. കനംമുറ്റിയൊരിരുട്ടിനെ വാരിച്ചുറ്റി രാവ് ഒന്ന് നിശ്വസിച്ച നിമിഷം താമരകളെല്ലാം പൊയ്കയുടെ ആഴങ്ങളിലേക്ക് അപ്രത്യക്ഷമായി...
വീണ്ടും നിലാവ് പരന്നു. ഒരു നിമിഷത്തേക് വാരിച്ചുറ്റിയ ഇരുട്ടിനെയുപേക്ഷിച്ച് രാവ് പുതിയൊരൂർജ്ജത്തിൽ ചിരിച്ചു. താമരപ്പൊയ്കയുടെ ആഴങ്ങളിൽ നിന്ന് തിളങ്ങുന്നൊരു നീല വെളിച്ചം തെളിഞ്ഞു കണ്ടൂ ഞാൻ.
ഞാൻ നിലാവിൽ ഓളം തുള്ളുന്ന പൊയ്കയിലേയ്ക്ക് മുഖം പൂഴ്ത്തി. നിലാവിന്റെ സുഗന്ധം നാസികയിലൂടെ, മിഴികളിലൂടെ, നാവിലൂടെ എന്നിലേയ്ക്കിരച്ചുകയറി. ആ സുഗന്ധത്തിന്റെ ഉന്മാദത്തിൽ ഞാൻ, ആഴങ്ങളിലേയ്ക്കു കുതിച്ചു.
ഹരികൃഷ്ണൻ ജി ജി
Comments
Post a Comment