ഏകാന്തതയുടെ മറ്റൊരു പുസ്തകം 5
ഹെറോയിക് സൈ... ഒരു റഷ്യൻ നാടോടിക്കഥ....
(അവിനാശിന്റെ ഡയറിയിൽ നിന്നും(മുൻപ് സൂചിപ്പിച്ച ടൈം ട്രാവലർ ഈ കഥ അല്ല))
ബോൾഷേവിക്കുകളുടെ വിപ്ലവങ്ങൾക്കും മുൻപ്, റഷ്യ സർചക്രവർത്തിയുടെ ഭരണത്തിലായിരുന്ന കാലം...
അറേബ്യയിൽ നിന്നും കരമാർഗം ഉക്രൈനിൽ എത്തിയ ആൽക്കെമിസ്റ്റുകൾ അവിടെ നിന്നും ഡോൺ നദീതീരത്തേക്ക് സഞ്ചരിച്ചു. അവരുടെ പരീക്ഷണങ്ങൾക്ക് മുലപ്പാൽ നൽകി ഡോൺ പുതിയൊരു മനുഷ്യവർഗത്തെ വാർത്തെടുത്തു. അറേബ്യൻ കണ്ണുകളും റഷ്യൻ ഉടൽ നിറവുമുള്ള സങ്കരവർഗത്തെ. ഡോണിന് അപ്പുറമുള്ളവർ അവരെ വേട്ടയാടാൻ തുടങ്ങിയപ്പോൾ ആൽക്കെമിയുടെ രക്തത്തിൽ പിറന്ന രാസായുധങ്ങൾ കൊണ്ട് അവർ നേരിട്ടു. അധികം പുറത്താരുമറിയാത്ത ഈ മത്സരം നൂറ്റാണ്ടുകൾ തുടർന്നു. മനുഷ്യവാസമുള്ളിടങ്ങളിൽ നിന്നുമാറിമറ്റാരും കടന്നുചെല്ലാത്ത കാടകങ്ങളിലായി അവരുടെവാസം. തലമുറകൾ ശാസ്ത്രരഹസ്യങ്ങൾ പരസ്പരം പകർന്നുകൊണ്ടേയിരുന്നു. അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത ചരിത്രത്തിന്റെ ഏതോ ഘട്ടത്തിൽ ഡോൺ തീരങ്ങളിൽ നിന്നും പൂർണമായും അവർ തുടച്ചുമാറ്റപ്പെട്ടു. രാസായുധങ്ങളെ അതിജീവിച്ച ഒരു പട്ടാള സംഘത്തിന്റെ അഴിഞ്ഞാട്ടമായിരിക്കാം ശാസ്ത്ര വിജ്ഞാനത്തിന്റെ ഉത്തുംഗത്തിലാണ് തങ്ങളെന്ന അഹങ്കാരത്തെ തച്ചുതകർത്ത ഒരു മഹാരോഗമാകാം, ശാപമായി മാറിയ ഒരു രാസായുധ പരീക്ഷണമാകാം... അവരെ ചരിത്രത്തിൽ നിന്നും തുടച്ചുമാറ്റി. എങ്ങും എഴുതപ്പെട്ടിട്ടില്ലാത്ത പഴമ്പാട്ടുകളിൽ മാത്രം അവർ ജീവിച്ചു...'സൈ'കൾ അതായിരുന്നു അവർ
ഡോണിൻ തിരകളെ വിഷം കലക്കും സൈകൾ വരവുണ്ടേ/
അവർ വളർത്തും റഷ്യൻ പശുവിൻ അകിടുകറന്നാൽ വിഷമാണേ/
അമ്പുകൾ വില്ലുകൾ ആയുധമല്ല, വിഷംപടർത്തും ഇനമാണേ/
കാടുകൾ കയറുന്നോരേ തകർക്കു, സൈകൾ വസിക്കും വിഷലോകം
ഒരു നാടോടിപ്പാട്ടിൽ സൈകളെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.
Comments
Post a Comment