Posts

Showing posts from August, 2024

ഇഷ്ടഗ്രാമം

ഞാൻ ഇടയ്ക്കിടെ ഇഷ്ടഗ്രാമത്തിലേയ്ക്ക് പോയിവരാറുണ്ട്, നിൻ്റെ ഇൻബോക്സിൽ പുതിയ റീലുകളെന്തെങ്കിലും വന്നോയെന്നറിയാൻ, റീലിൽ ചോദ്യമില്ലെന്ന നിൻ്റെ ആവർത്തനം കേൾക്കാനെങ്കിലും അയച്ചുകിട്ടിയ റീലിൽ തൂങ്ങി നിന്നോടെന്തേലും കുരുത്തക്കേട് ചോദിക്കാൻ, അവിടെ നിന്ന് അടുത്ത റീലിലേയ്ക്ക് അറിയാതെയാെഴുകി സമയത്തിൽ ചറുക്കിവീഴുന്നതിന്നിടയിൽ നിനക്കയക്കാൻ പ്രണയത്തിൻ്റെ മധുവുള്ള റീലുകളെന്തേലുമുണ്ടാേന്നു തിരയാൻ. അതുപോലെ നമ്മളെ ഓർത്തിരിക്കാൻ... ഇൻസ്റ്റഗ്രാം  ഇപ്പാേഴൊരിഷടഗ്രാമാണ് നമ്മുടെ പ്രണയങ്ങളെ ബോളിവുഡ്ഡിൻ്റെ, ഹോളിവുഡ്ഡിൻ്റെ, കോളിവുഡ്ഡിൻ്റെ, മാേളിവുഡ്ഡിൻ്റെ, ചില്ലുകവിളുകളുള്ള കൊറിയക്കാരുടെ അനുകരണങ്ങൾ മാത്രമാക്കാൻ പഠിപ്പിക്കുന്ന, പഠിപ്പിക്കുന്ന, പഠിപ്പിക്കുന്ന ഇഷ്ടഗ്രാം ഒരു ഗൂഢാലോചനക്കാരിയാണ്. എങ്കിലും നമുക്ക് ഇഷ്ടഗ്രാമങ്ങളിൽ രാപ്പാർക്കാം, വാട്സാപ്പിൽ കുറുകാം, ടെലഗ്രാമിൽ ചിത്രങ്ങൾ പങ്കുവയ്ക്കാം. പിരിയാത്ത ദിനങ്ങൾക്കുവേണ്ടി ഡിസ്പ്ലേയിൽ നോക്കി മിഴികൾ കോർക്കാം... ~ഹരി😂

മുഖംമൂടി

കപടലോകത്തിൽ നിഷ്കളങ്കതയുടെ മുഖംമൂടിയിടാനാണ് എനിക്കിഷ്ടം. ചിലപ്പാേഴൊക്കെ ഞാനും മറക്കും, മുഖംമൂടിയാണെന്ന്. കണ്ടുകൊതിച്ചു ചിറകടിക്കുന്ന പൂമ്പാറ്റകൾക്കൊപ്പം തലകുലുക്കി, കവിൾതുടുത്ത് ഞാനൊരു മാങ്ങാനാറിപ്പൂവാകും. ഒറ്റയ്ക്ക് പറന്നുവന്നാെരു പൂമ്പാറ്റ, കൂട്ടം മറന്ന് നേരംമറന്ന് എന്നിൽനിന്നകലാതെ കൊഞ്ചുമ്പാേൾ മുഖംമൂടിയഴിയും.  മാങ്ങാനാറിയുടെ ഇതളുകൾ ഒരിരപിടിയൻ പൂവിൻ്റെപോലെ വാതുറക്കും. പിന്നെയും മുഖംമൂടിക്കാലം. ഒടുവിലൊടുവിൽ ഞാൻ മറന്നാലോ, മുഖംമൂടിയില്ലാത്ത എന്നെ.  കപടലോകത്തിൽ നിഷ്കളങ്കതയുടെ മുഖംമൂടിയിടാനാണ് എനിക്കിഷ്ടം. ~ ഹരികൃഷ്ണൻ ജി. ജി. 05/08/2024