Posts

Showing posts from April, 2024

തീവണ്ടി

തീവണ്ടി __________ ശേഷം അവർ പുതിയ ആരാധനാലയങ്ങൾ സ്ഥാപിച്ചു, ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി  നൂറു ദിവസത്തെ പ്രാർത്ഥന നടത്തി. ആയിരംവർഷം പഴക്കമുള്ള പുസ്തകം നാേക്കി, ആചാരമൊന്നും തെറ്റാതെ, പതിനായിരം പ്രാചീന ദൈവങ്ങളെ പ്രീതിപ്പെടുത്തി. ജനങ്ങൾ സന്തുഷ്ടരായി. നമ്മുടെ സംസ്കാരം... നമ്മുടെ സംസ്കാരം... എന്തിന് ഇത്രമേൽ പാേലീസുകാർ! നമ്മുടെ നികുതിപ്പണം തിന്നുമുടിക്കാൻ. എന്തിന് ഇത്രമാത്രം ശാസ്ത്ര ഗവേഷകർ! നമ്മുടെ നികുതിപ്പണം കൊണ്ട് കളിപ്പാട്ടമുണ്ടാക്കിക്കളിക്കാൻ. അവർ വരിവരിയായി  പുണ്യസ്ഥലങ്ങളിലേയ്ക്ക് നടന്നു. നിരനിരയായി രാജാവിന് ജെയ് വിളിച്ചു. "എന്തു നല്ല രാജൻ എന്തു നല്ല രാജൻ സംസ്കാരത്തിൻ്റെ കാവൽക്കാരൻ." മുന്നിലും പിന്നിലും ഇടതും വലതും നടന്നവർ കുത്തേറ്റ് വീണപ്പാെഴും ആരാധനാലയത്തിലേയ്ക്ക് ഓടുന്നവഴിയിൽ അവർ തേങ്ങി, "ആത്മാവിന് കർമ്മങ്ങൾ ചെയ്യണം, ആത്മാവിന് കർമ്മങ്ങൾ ചെയ്യണം, ദൈവമല്ലാതാരുണ്ട് ഞങ്ങളുടെ പ്രാർത്ഥന കേൾക്കാൻ...!" ~ഹരികൃഷ്ണൻ ജി.ജി. 5/4/24

ഒറ്റയാൻ

ഒരൊറ്റയാൻ [ i ] ഒരാെറ്റയാൻ ചുരമിറങ്ങി വരുന്നുണ്ട്, കൂരിരുട്ടിനെ ചോപ്പണിയിക്കാൻ... [ ii ] ഒരാെറ്റയാൻ ചൂളമടിച്ചുവരുന്നുണ്ട്, കരിമ്പിൻ കാടിൻ്റെ മുടിക്കുപിടിക്കാൻ... [ iii ] ഒരൊറ്റയാൻ പാറയൊളിഞ്ഞ് നിക്കുന്നുണ്ട്, വഴിതിരിഞ്ഞെത്തുന്നോരെ ആകാശം കാണിക്കാൻ [ iiii ] ഒരാെറ്റയാൻ ഒറ്റയ്ക്കലറുന്നുണ്ട്, കൂടിനടക്കുന്നാേരെ ചിതറിയോടിക്കാൻ [ iiiii ] ഒരൊറ്റയാൻ കൊമ്പുരസി സൂചിയാക്കുന്നുണ്ട്, ഉന്നംപിടിക്കുന്നവൻ്റെ പണ്ടംപിടപ്പിക്കാൻ. [ iiiiii ] ഒരൊറ്റയാൻ കണ്ണുചുവപ്പിക്കുന്നുണ്ട്, ഒപ്പം മാനംചോക്കുന്നത് കണ്ട് കരയുവാൻ [ iiiiiii ] ഒരൊറ്റയാൻ ഒറ്റയ്ക്ക് നടക്കുന്നുണ്ട്, കൂട്ടാനക്കൂട്ടങ്ങളെ കിനാവ് കാണുവാൻ [ iiiiiiii ] ഒരൊറ്റയാൻ... ~ ഹരികൃഷ്ണൻ ജി.ജി. 09/04/2024