ഉറവ
ഉറവ തലയ്ക്കുള്ളിൽ നിർത്താതെ ഉയരുന്ന പിറുപിറുക്കൽ പേടിച്ചാകാം ഞാൻ ആൾക്കൂട്ടങ്ങളിൽ മുഖം ഒളിപ്പിക്കാൻ തുടങ്ങിയത്. പുറത്ത് ആളുണ്ടെന്ന് കാണുമ്പോൾ അകത്തുള്ളയാൾ ഒന്നടങ്ങും. ചിലപ്പോൾ ഇങ്ങനെയൊരു ആൾ തന്നെ അവിടെയുണ്ടെന്ന് തോന്നില്ല. ഒറ്റയ്ക്കിരിക്കുമ്പോഴും അകത്തുള്ള ആളിനെ പറ്റിക്കാൻ ആവാം ഞാൻ മൊബൈലിനെ കൂട്ടുപിടിച്ചത്. പാട്ട്, ചിരി, ക്രിക്കറ്റ്, രതി, സിനിമ, പരദൂഷണം.... അകത്തുള്ളയാൾ എന്തെങ്കിലും മിണ്ടാൻ ഒരുങ്ങുമ്പോൾ കേൾക്കാത്ത പോലെ സ്ക്രീനിലേക്ക് മുഖംപൂഴ്ത്തും. ഇനിയൊരിക്കലും എഴുതാനാകില്ലെന്ന് തോന്നിയിട്ടും അകത്തുള്ളയാളെ തേടിച്ചെന്നില്ല. "നീ അടങ്ങിയൊതുങ്ങി മിണ്ടാതെ അവിടെയെങ്ങാൻ കിടക്ക്. " വീണ്ടും ഞാൻ ഫോണിലേക്ക് മുഖംപൂഴ്ത്തി. വീണ്ടും ഞാൻ ആൾക്കൂട്ടത്തിൽ ഉടലാെളിപ്പിച്ചു. പിന്നെ പിന്നെ നാലക്ഷരം വായിക്കാൻ തുടങ്ങുമ്പോഴായി അകത്തുള്ള ആളുടെ അങ്കപ്പുറപ്പാട്. "എന്നെ ഒരക്ഷരം കേൾക്കാണ്ട് നീ ആരെയും അങ്ങനെ വായിച്ച് ആസ്വദിക്കേണ്ട" "എന്നെയൊരക്ഷരം എഴുതാണ്ട് നീ ഒന്നും അങ്ങനെ വായിച്ചു രസിക്കേണ്ട" വാക്കുകളെ നുള്ളിപ്പറക്കൽ ആയി എൻറെ വായന. ഓരോ വാക്കും അങ്ങനെ എടുത്ത്, കണ്ണിനു മുന്നിൽ വച്ച്, തലച്...