തീവണ്ടി
അവർ അന്ന് സഞ്ചരിച്ച തീവണ്ടിപ്പാതയുടെ ഇരുവശത്തും കമുകിൻതോട്ടങ്ങൾ ഉണ്ടായിരുന്നു. നോക്കെത്താ ദൂരത്തോളം നീണ്ടുകിടന്ന ഒറ്റത്തടി വനങ്ങൾ. ഇടയ്ക്ക് ആൽമരങ്ങൾ വളർന്നു നിൽക്കുന്ന ഒരു റെയിൽവേ സ്റ്റേഷൻ. അവിടേയ്ക്ക് ട്രൈനിറങ്ങിയത് ഊന്നുവടിയുടെ താങ്ങിൽ ഒരു വൃദ്ധനും അയാളുടെ തോളിൽ പിടിച്ച് ഒരു വൃദ്ധയും. അവർ ആൽമരങ്ങൾക്കിടയിലൂടെ സ്റ്റേഷന് പുറത്തേയ്ക്കിറങ്ങിയ ശേഷമാണ് നീളത്തിൽ ഒരു കൂവലാേടുകൂടി ട്രൈൻ ഇളകിത്തുടങ്ങിയത്. "നമുക്കും ഇവിടെ ഇറങ്ങാം?" അവൾ ചോതിച്ചു. "വേണ്ട... മരിക്കാൻ ഇതിലും സുന്ദരമായ സ്റ്റേഷനുകൾ വരാനിരിക്കുന്നതേയുള്ളൂ..." നിറയെ മഞ്ഞ പൂവുകൾ വിടർന്നുനിൽക്കുന്നതായിരുന്നു അടുത്ത സ്റ്റേഷന്റെ പ്ലാറ്റ്ഫോം. ഒറ്റവരിപ്പാത. തലനിറയെ കനകാമ്പരപ്പൂവുകൾ വച്ച ഒരു പെൺകുട്ടി അവിടെ അവരെകാത്തു നിൽക്കുന്നുണ്ടായിരുന്നു. ട്രൈൻ നിൽക്കാൻ കാത്തുനിൽക്കാതെ അവൾ ചാടിക്കയറി. പിന്നിൽ ദേഷ്യം പിടിച്ച് അവളുടെ അമ്മ. അവർക്കു പിന്നിൽ തോളിൽ ഒരു ബാഗുമായി ചിരിച്ചുകൊണ്ട് നടന്നടുക്കുന്ന അച്ഛൻ. മുഖം നിറയെ ചിരിയുമായി പെൺകുട്ടി അവരുടെ അടുത്തുവന്നിരുന്നു. അവളുടെ അമ്മ അവരെ ഇരുവരേയും ഒന്നു നോക്കി. "വാ... ഇവിടേയ്ക്ക്...